യുഡിഎഫ് സർക്കാരിന്റെ വിവാദ ഉത്തരവുകൾ: ഉപസമിതി റിപ്പോർട്ട് അടുത്ത മന്ത്രിസഭാ യോഗത്തിൽ
Thursday, December 8, 2016 4:09 PM IST
തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അവസാനകാലത്തു പുറത്തിറക്കിയ ഉത്തരവുകളിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തെക്കുറിച്ചു പരിശോധിക്കാൻ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് അടുത്ത മന്ത്രിസഭാ യോഗത്തിൽ സമർപ്പിച്ചേക്കും. വിവിധ വകുപ്പുകൾ പുറത്തിറക്കിയ 920 ഉത്തരവുകളുടെ പരിശോധന മന്ത്രിസഭാ ഉപസമിതി കഴിഞ്ഞ ദിവസം പൂർത്തിയാക്കി.

കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് റവന്യൂ വകുപ്പ് ഇറക്കിയ 127 ഉത്തരവുകളിൽ ഭൂരിപക്ഷവും ക്രമവിരുദ്ധമായിരുന്നെന്നു നേരത്തേ മന്ത്രിസഭാ ഉപസമിതി കണ്ടെത്തിയിരുന്നു. സോളാർ തട്ടിപ്പുകേസിലെ പ്രതിയുമായുള്ള ബന്ധത്തിന്റെ പേരിൽ സസ്പെൻഷനിലായ മുൻ പിആർഡി ഡയറക്ടർ ഫിറോസിന്റെ സസ്പെൻഷൻ കാലാവധി അവസാനിപ്പിച്ചു പുനർനിയമനം നടത്തിയത് അടക്കമുള്ള ചില നിയമനങ്ങൾ ക്രമവിരുദ്ധമായിരുന്നെന്ന് ഉപസമിതി കണ്ടെത്തിയിട്ടുണ്ട്.

റവന്യൂ വകുപ്പ് ഇറക്കിയ ഉത്തരവുകൾ വിവാദമായപ്പോൾ, ഇവയിൽ ചിലത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തുതന്നെ റദ്ദാക്കിയിരുന്നു. മെത്രാൻകായൽ, കടമക്കുടി കായൽ നികത്തൽ ഉത്തരവുകൾ ഇതിൽ പെടും. എന്നാൽ, ചെമ്പ്കായൽ നികത്തൽ ഇടപാട് മുൻ സർക്കാർ റദ്ദാക്കിയിരുന്നില്ല. ഉത്തരവ് റദ്ദാക്കിയെങ്കിലും ഉത്തരവിറക്കുന്നതിലേക്കു നയിച്ച നടപടിക്രമങ്ങളിൽ പിഴവുണ്ടായിട്ടുണ്ടെന്നാണ് ഉപസമിതിയുടെ കണ്ടെത്തൽ. മുൻ റവന്യൂ സെക്രട്ടറി ബിശ്വാസ് മേത്തയുടെ വിശദീകരണവും ഉപസമിതി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.


ഹോപ്പ് പ്ലാന്റേഷനു ഭൂമി പതിച്ചു നൽകിയതിലും കരുണ എസ്റ്റേറ്റിന് എൻഒസി നൽകിയതിലും ക്രമക്കേടുണ്ടെന്നാണു കണ്ടെത്തൽ.

ക്രമക്കേടുകളെ മൂന്നായി തിരിച്ചാണു റിപ്പോർട്ടിൽ പറയുന്നത്. ഇനി തിരുത്താനോ പിൻവലിക്കാനോ സാധിക്കാത്തവയാണ് ഒന്നാമത്തേത്. ഇവ തുടരുകയേ നിർവാഹമുള്ളൂവെങ്കിലും ഇവയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടും. പൂർണമായും തിരുത്താവുന്നവയാണ് രണ്ടാമത്തേത്. അവ തിരുത്താൻ നടപടിയെടുക്കണം. ചില നടപടിക്രമങ്ങൾ പൂർത്തീകരിച്ചാൽ മാത്രം പിഴവു തിരുത്താവുന്ന തീരുമാനങ്ങളാണു മൂന്നാമത്തെ വിഭാഗത്തിൽ.

റിപ്പോർട്ട് പരിശോധിച്ചശേഷം ക്രമക്കേടുകളിൽ വിജിലൻസ് അന്വേഷണം നടത്തണോ എന്നടക്കമുള്ള കാര്യങ്ങളിൽ മന്ത്രിസഭയാണു തീരുമാനമെടുക്കേണ്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.