സംസ്‌ഥാനത്തു നികുതി വരുമാനം കുത്തനെ ഇടിഞ്ഞു
സംസ്‌ഥാനത്തു നികുതി വരുമാനം കുത്തനെ ഇടിഞ്ഞു
Wednesday, December 7, 2016 4:50 PM IST
തിരുവനന്തപുരം: നോട്ടുകൾ റദ്ദാക്കിയിട്ട് ഒരുമാസം പൂർത്തിയാകുമ്പോൾ കേരളത്തിന്റെ നികുതി വരുമാനം കുത്തനെ ഇടിഞ്ഞു. മുൻ മാസത്തെ അപേക്ഷിച്ച് 838.92 കോടി രൂപയുടെ നഷ്‌ടമാണു നവംബറിലുണ്ടായത്.

വാണിജ്യനികുതി ഇനത്തിൽ ഒക്ടോബറിൽ 3028.05 കോടി രൂപയായിരുന്നു ഖജനാവിലെത്തിയതെങ്കിൽ നോട്ട് നിരോധനം പ്രാബല്യത്തിലായ നവംബറിൽ ഇത് 2746.51 കോടി രൂപയായി ഇടിഞ്ഞു. വാണിജ്യ നികുതി ഒക്ടോബറിൽ 17 ശതമാനം കൂടിയത് നവംബറിൽ 13 ശതമാനമായി കുറഞ്ഞു. നവംബറിൽ 20 ശതമാനം വളർച്ചയായിരുന്നു സംസ്‌ഥാനം ലക്ഷ്യമിട്ടത്.

കറൻസി നോട്ടിന്റെ ക്ഷാമം സംസ്‌ഥാനത്തു രൂക്ഷമായതോടെ വ്യാപാര സ്‌ഥാപനങ്ങളിലെ വിറ്റുവരവ് കുത്തനെ ഇടിഞ്ഞു. അടുത്ത മാസം വാണിജ്യനികുതി പിരിവിലാണ് ഇതു പ്രതിഫലിക്കുക. അതിൽ വൻ കുറവുണ്ടാകുമെന്നാണു കണക്കാക്കുന്നത്.

വളർച്ചനിരക്ക് എട്ടോ ഒൻപതോ ശതമാനത്തിലേക്കു താഴാൻ സാധ്യതയുണ്ടെന്നു വാണിജ്യ നികുതി ഉദ്യോഗസ്‌ഥർ പറയുന്നു. വളർച്ചനിരക്ക് ഒറ്റയക്കത്തിലേക്കു താഴുന്നതു സംസ്‌ഥാനത്തിന്റെ സാമ്പത്തികസ്‌ഥിതി താറുമാറാക്കും. സർക്കാർ ജീവനക്കാരുടെ അടുത്ത മാസത്തെ ശമ്പള– പെൻഷൻ വിതരണത്തെപ്പോലും ഇതു ബാധിക്കാൻ സാധ്യതയുണ്ട്.

സംസ്‌ഥാനത്തിനു കടമെടുക്കാനുള്ള വാർഷിക പരിധി 18,500 കോടി രൂപയിൽ നിന്ന് ഉയർത്തണമെന്നു ധനമന്ത്രി ഡോ. തോമസ് ഐസക് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജിഡിപിയുടെ അര ശതമാനം വരുന്ന 5,000 കോടികൂടി അധികമായി കടമെടുക്കാൻ അനുവദിക്കണമെന്നാണു സംസ്‌ഥാനത്തിന്റെ ആവശ്യം.രജിസ്ട്രേഷൻ ഫീസ് ഇനത്തിലും സ്റ്റാംപ് ഡ്യൂട്ടി ഇനത്തിലും സംസ്‌ഥാനത്തിന് ഒ ക്ടോബറിൽ ലഭിച്ച 250.23 കോടി രൂപ വരുമാനം നവംബറിൽ 151.08 കോടിയായി കുറഞ്ഞു. 99.15 കോടി രൂപയുടെ വരുമാന നഷ്‌ടം. കുടുംബാംഗങ്ങൾ തമ്മിലുള്ള ഭൂമി കൈമാറ്റത്തിന് ഏർപ്പെടുത്തിയിരുന്ന രജിസ്ട്രേഷൻ ഫീസ് വർധന പിൻവലിച്ചിട്ടും നോട്ട് റദ്ദാക്കലിനെത്തുടർന്ന് ഇടപാടുകൾ കുറഞ്ഞു.


മോട്ടോർ വാഹന നികുതി ഇനത്തിൽ 94.45 കോടി രൂപയുടെ കുറവുണ്ടായി. ഒക്ടോബറിൽ277.53 കോടി രൂപ ലഭിച്ചതു നവംബറിൽ 183.08 കോടിയായി കുറഞ്ഞു.

ലോട്ടറി വരുമാനം മുൻ മാസത്തെ അപേക്ഷിച്ച് പകുതിയോളമായി താഴ്ന്നു. ഒക്ടോബറിലെ 735.33 കോടി രൂപ നവംബറിൽ 372.01 കോടി രൂപയായി കുത്തനേ ഇടിഞ്ഞു. കഴിഞ്ഞ വർഷം ഈ സമയത്തെ അപേക്ഷിച്ച് 30 ശതമാനത്തിലേറെ നഷ്‌ടം.

കാരുണ്യ അടക്കമുള്ളവ വന്നശേഷം പ്രതിമാസ വരുമാനത്തിൽ ശരാശരി 28 ശതമാനം വരെ വർധനയുണ്ടായിരുന്ന സമയത്താണു നോട്ട് റദ്ദാക്കൽ ബാധിച്ചത്. ലോട്ടറി ഏജന്റുമാരുടെ കുടുംബങ്ങളേയും ഇതു പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

വരുമാനത്തിൽ അല്പമെങ്കിലും വർധനയുണ്ടായത് എക്സൈസ് നികുതി ഇനത്തിലാണ്.ഒക്ടോബറിൽ 154 കോടി രൂപ ലഭിച്ചതു നവംബറിൽ 158 കോടിയായി. രണ്ടു ശതമാനം വർധന. പെട്രോളിയം ഉത്പന്നങ്ങൾക്കു വില വർധിച്ചതിനാലാണിത്.

വരുമാനത്തിലുണ്ടായ ഇടിവ് സംസ്‌ഥാനത്തിന്റെ വിവിധ മേഖലകളെ ബാധിച്ചതായാണു ധന വകുപ്പു കണക്കാക്കുന്നത്. ഗുരുതരമായി ബാധിക്കപ്പെട്ടതു നിർമാണ മേഖലയെയാണ്. കെട്ടിടനിർമാണ മേഖലയിലടക്കം ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് ഇതര സംസ്‌ഥാന തൊഴിലാളികൾ ഇതിനകം കേരളം വിട്ടു. വിനോദ സഞ്ചാര മേഖലയെയും ഇതു കാര്യമായി ബാധിച്ചു.

നികുതി വരുമാനം ഒറ്റനോട്ടത്തിൽ

ഒക്ടോബറിൽ ലഭിച്ചത്, നവംബറിലെ വരുമാനം, ബ്രാക്കറ്റിൽ വ്യത്യാസം (തുക കോടി രൂപയിൽ) എന്നിവ ചുവടെ:

വാണിജ്യ നികുതി– 3028.05– 2746.5 ( –381.55)
രജിസ്ട്രേഷൻ, സ്റ്റാംപ് ഡ്യൂട്ടി– 250.23– 151.08 (–99.15)
മോട്ടോർ വാഹന നികുതി– 277.53– 183.08. (–94.45)
ലോട്ടറി വരുമാനം– 735.33– 372.01– (–363.32)
എക്സൈസ് നികുതി– 154– 158– (+04)


കെ. ഇന്ദ്രജിത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.