കേളകം കുറിച്യ കോളനിയിൽ മാവോയിസ്റ്റ് സംഘമെത്തി
കേളകം കുറിച്യ കോളനിയിൽ മാവോയിസ്റ്റ് സംഘമെത്തി
Wednesday, December 7, 2016 4:35 PM IST
കേളകം(കണ്ണൂർ): അടയ്ക്കാത്തോട് രാമച്ചി കുറിച്യ കോളനിയിൽ ആയുധധാരികളായ നാലാംഗ മാവോയിസ്റ്റ് സംഘമെത്തി. നിലമ്പൂർ സംഭവത്തിൽ തിരിച്ചടിക്കുമെന്നും തങ്ങൾ വന്ന വിവരം പോലീസിലറിയിച്ചാൽ ഭവിഷ്യത്തുണ്ടാകുമെന്നും ഭീഷണിപ്പെടുത്തിയതായി ആദിവാസികൾ പറഞ്ഞു. രണ്ടു മണിക്കൂറോളം കോളനിയിലും തെട്ടടുത്ത വീട്ടിലും ചെലവഴിച്ച സംഘം അരിയും ഭക്ഷണസാധനങ്ങളും ശേഖരിച്ചാണു മടങ്ങിയത്.

ചൊവ്വാഴ്ച രാത്രി എട്ടോടെയാണു സ്ത്രീ ഉൾപ്പെടെ നാലു മാവോയിസ്റ്റുകൾ കുറിച്യ കോളനിയിലെത്തിയത്. എടാൻ കേളപ്പന്റെ വീട്ടിലെത്തിയ സംഘം ഭക്ഷണസാധനങ്ങളും ചായയും ആവശ്യപ്പെട്ടു. കഴിഞ്ഞ പ്രാവശ്യം തങ്ങൾ കോളനിയിലെത്തിയ വിവരം ആരാണു പോലീസിലറിയിച്ചതെന്നു സംഘം ആരാഞ്ഞു.

നിലമ്പൂരിൽ മാവോയിസ്റ്റ് സഖാക്കളെ വെടിവച്ചു കൊന്നവർക്കെതിരേ തിരിച്ചടിക്കുമെന്നും സംഘം പറഞ്ഞു. കോളനിയുടെ ശോച്യാവസ്‌ഥയെക്കുറിച്ചും പാതിവഴിയിൽ നിലച്ചിരിക്കുന്ന റോഡ് നിർമാണത്തെക്കുറിച്ചും സംഘം ചോദിച്ചറിഞ്ഞു. റോഡുപണിയുടെ തടസങ്ങൾ നീക്കാൻ ഇടപെടാമെന്നും അവർ പറഞ്ഞു. തുടന്ന് കോളനിയിലെ തന്നെ എടാൻ വിജയന്റെ വീട്ടിലുമെത്തി വിവരങ്ങളന്വേഷിച്ച സംഘം തൊട്ടടുത്തുള്ള തെക്കുംപുറത്ത് ദേവസ്യയുടെ വീട്ടിൽക്കയറി സ്വയം കട്ടൻചായ ഉണ്ടാക്കിക്കഴിച്ചു. ഇവിടെ ദേവസ്യ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആറു കിലോ അരി, ഉരുളക്കിഴങ്ങ്, തക്കാളി, സവോള, ചോറ്, പൊരിച്ച മീൻ, മുരിങ്ങയില എന്നിവ ശേഖരിച്ചാണ് ഇവിടെനിന്നു സംഘം മടങ്ങിയത്. കോളനിയിൽ ചോദിച്ച ചോദ്യങ്ങളും ഭീഷണിയും ദേവസ്യയോടും ആവർത്തിച്ചു. തങ്ങൾ സന്ദർശിക്കാൻ തുടങ്ങിയതിനുശേഷം സൗകര്യങ്ങൾ മെച്ചപ്പെട്ടില്ലേ എന്നും ചോദിച്ചു. കുടുംബകാര്യങ്ങളും രോഗവിവരങ്ങളും അന്വേഷിച്ച സംഘം പഞ്ചായത്തിൽനിന്നു വീട് നിർമിച്ചു നൽകാത്തതെന്താണെന്നും ചോദിച്ചറിഞ്ഞു. തങ്ങളുടെ കൈവശമുള്ള തോക്കുകളും സംഘം ദേവസ്യക്കു കാണിച്ചുകൊടുത്തു. മുക്കാൽ മണിക്കൂറോളം സംഘം ഇവിടെ ചെലവഴിച്ചാണു മടങ്ങിയത്.


45 വയസ് തോന്നിക്കുന്ന സ്ത്രീ ഉൾപ്പെടെ മൂന്നു പേർ മലയാളമാണു സംസാരിച്ചതെന്ന് ആദിവാസികൾ പറഞ്ഞു. പട്ടാളവേഷധാരികളായ എല്ലാവരുടെയും പക്കൽ തോക്കുണ്ടായിരുന്നു. കഴിഞ്ഞ വർഷവും നാലംഗ മാവോയിസ്റ്റ് സംഘം ഈ കോളനിയിലെത്തി ആഹാരസാധനങ്ങൾ ശേഖരിച്ചു മടങ്ങിയിരുന്നു. മിനിയാന്നു രാത്രിയിൽ മാവോയിസ്റ്റുകൾ എത്തിയിട്ടും ഇന്നലെ രാവിലെ പത്തരയോടെയാണു പോലീസ് വിവരമറിയുന്നത്. മാവോയിസ്റ്റുകൾ ഭീഷണി മുഴക്കിയതിനാൽ കോളനിവാസികൾ കടുത്ത ഭീതിയിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.