ബൾഗേറിയയിൽനിന്ന് 58 കോടി: വ്യാപാരിയെ വീണ്ടും ചോദ്യംചെയ്യും
ബൾഗേറിയയിൽനിന്ന് 58 കോടി: വ്യാപാരിയെ വീണ്ടും ചോദ്യംചെയ്യും
Wednesday, December 7, 2016 4:35 PM IST
കൊച്ചി: ബൾഗേറിയയിൽനിന്ന് 58 കോടി കള്ളപ്പണമെത്തിയ കേസിൽ ട്രേഡ് ഇന്റർനാഷണൽ കമ്പനിയുടമ ജോസ് ജോർജിനെ പോലീസ് വീണ്ടും ചോദ്യംചെയ്യും. നേരത്തെ നല്കിയ മൊഴിയിലെ വൈരുധ്യങ്ങളെതുടർന്നാണ് ഇയാളെ വീണ്ടും ചോദ്യം ചെയ്യുന്നത്. അതേസമയം, ജോസ് ജോർജ് മുൻകൂർ ജാമ്യത്തിനുള്ള ശ്രമം ആരംഭിച്ചതായാണു സൂചന.

ബൾഗേറിയയിലേക്കു സൂര്യകാന്തി എണ്ണ കയറ്റുമതി ചെയ്യാൻ ചെന്നൈയിലെ കാളീശ്വരി റിഫൈനറിയുമായി കരാർ ഉണ്ടാക്കിയിരുന്നുവെന്ന ജോസിന്റെ വാദവും പൊളിഞ്ഞു. ഇത്തരമൊരു കരാർ ഉണ്ടാക്കിയിട്ടില്ലെന്നു കമ്പനി അറിയിച്ചതായി അന്വേഷണസംഘം പറഞ്ഞു. പത്തു ലക്ഷം ടൺ എണ്ണ മൊത്തമായി നൽകണമെന്നു വാക്കാലാണു ജോസ് ആവശ്യപ്പെട്ടത്. എന്നാൽ, ഇത്രയും വലിയ തോതിൽ എണ്ണ മൊത്തമായി തരാനാകില്ലെന്നും സീൽ ചെയ്ത പായ്ക്കറ്റുകളിലാക്കി നൽകാമെന്നുമാണു കമ്പനി മറുപടി നൽകിയത്. ഇതുസംബന്ധിച്ചു രേഖാമൂലമുള്ള കരാറൊന്നും നൽകാൻ ജോസ് തയാറായില്ല. തുടർന്നു കമ്പനിയും ഇടപാടിൽനിന്നു പിൻമാറി. ഇതു മറച്ചുവച്ചാണു ചെന്നൈയിലെ കമ്പനിയുമായി കരാറുണ്ടാക്കിയെന്നു പറഞ്ഞതെന്നും പോലീസ് ചൂണ്ടിക്കാട്ടി.


വ്യാജ കയറ്റുമതിയുടെ രേഖയുണ്ടാക്കിയാണ് 57.97 കോടി രൂപ ബൾഗേറിയൻ കമ്പനിയായ സ്വസ്ത ഡിയിൽനിന്നു ജോസിന്റെ അക്കൗണ്ടിലേക്കു നിക്ഷേപിച്ചതെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇതിനു മുംബൈ കസ്റ്റംസിന്റെ സീലും വ്യാജമായി ഉപയോഗിച്ചു. കയറ്റുമതി നടത്തിയതിനു ഹാജരാക്കിയ എല്ലാ രേഖകളും വ്യാജമാണെന്ന് എൻഫോഴ്സ്മെന്റും കസ്റ്റംസും ആദായ നികുതി വകുപ്പും കണ്ടെത്തിയിട്ടുണ്ട്. മുംബൈ കസ്റ്റംസിന്റെ പരാതിയിൽ കൊച്ചി ഹാർബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. കസ്റ്റംസിന്റെ സീലും രേഖകളും വ്യാജമായി നിർമിച്ചതു സംബന്ധിച്ച അന്വേഷണങ്ങൾക്കായി ഈ മാസം പത്തിനുശേഷം മുംബൈയിലേക്കു പോകുമെന്നു ഫോർട്ട്കൊച്ചി സിഐ പി. രാജ്കുമാർ പറഞ്ഞു.

അതേസമയം, കേരളത്തിലേക്കു കള്ളപ്പണമെത്തിയ സംഭവത്തിൽ അന്വേഷണം ബൾഗേറിയയിലേക്കും വ്യാപിപ്പിക്കാനാണ് എൻഫോഴ്സ്മെന്റ് നീക്കം. ഇതിനു വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടുമെന്ന്് അധികൃതർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.