കെട്ടിടനിർമാണ പെർമിറ്റിന്റെ മറവിലുള്ള മണ്ണുനീക്കം തടയണം: ഹൈക്കോടതി
കെട്ടിടനിർമാണ പെർമിറ്റിന്റെ മറവിലുള്ള മണ്ണുനീക്കം തടയണം: ഹൈക്കോടതി
Wednesday, December 7, 2016 4:35 PM IST
കൊച്ചി: കെട്ടിട നിർമാണ പെർമിറ്റിന്റെ മറവിൽ വൻതോതിൽ മണ്ണു നീക്കം ചെയ്യുന്നതു കർശനമായി തടയണമെന്നും ഇതിന് അനുമതി നൽകുന്ന കേരള മൈനർ മിനറൽസ് കൺസ്ട്രഷൻ ചട്ടത്തിലുള്ള വ്യവസ്‌ഥ നിയമവിരുദ്ധമാണെന്നും ഹൈക്കോടതി.

കേരള മൈനർ മിനറൽസ് കൺസഷൻ ചട്ടത്തിലെ വ്യവസ്‌ഥ 14 (2)പ്രകാരം കെട്ടിടനിർമാണ പെർമിറ്റുണ്ടെങ്കിൽ മണ്ണു നീക്കം ചെയ്യാൻ ജിയോളജിസ്റ്റിന്റെ മുൻകൂർ അനുമതി വാങ്ങേണ്ടതില്ല. ഇങ്ങനെ നീക്കം ചെയ്യുന്ന മണ്ണ് മറ്റൊരു സ്‌ഥലത്തേക്കു കൊണ്ടുപോകാനുള്ള അനുമതി മാത്രം ജിയോളജിസ്റ്റിൽനിന്നു വാങ്ങിയാൽ മതിയെന്നും വ്യവസ്‌ഥയിൽ പറയുന്നുണ്ട്. ഇതിന്റെ മറവിൽ സംസ്‌ഥാനത്തു കുന്നിടിച്ചും മറ്റും വൻതോതിൽ മണ്ണു നീക്കം ചെയ്യുന്നുണ്ടെന്നും വ്യവസ്‌ഥ ദുരുപയോഗം ചെയ്യുന്നത് തടയാൻ നടപടി വേണമെന്നും കോടതി വ്യക്‌തമാക്കി.

കേന്ദ്രസർക്കാർ കൊണ്ടുവന്ന മൈൻസ് ആൻഡ് മിനറൽസ് റെഗുലേഷൻ ആക്ടിനു വിരുദ്ധമാണ് ഈ വ്യവസ്‌ഥയെന്നും സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി.


വ്യവസ്‌ഥയുടെ ദുരുപയോഗം ശ്രദ്ധയിൽപ്പെട്ടതിനാൽ ഭേദഗതി കൊണ്ടുവരാൻ തീരുമാനിച്ചിട്ടുണ്ടെന്നും കരടു തയറാക്കിയെന്നും സർക്കാർ ബോധിപ്പിച്ചു. ഒരു മാസത്തിനുള്ളിൽ ഭേദഗതി കൊണ്ടുവന്നില്ലെങ്കിൽ അനധികൃത മണ്ണുനീക്കം തടയാൻ കർശന മാനദണ്ഡം കൊണ്ടുവരണമെന്നും ഉത്തരവിൽ പറയുന്നു.

കെട്ടിട നിർമാണ പെർമിറ്റുണ്ടെങ്കിലും തദ്ദേശ ഭരണ സ്‌ഥാപനങ്ങളിലെ എൻജിനിയർമാർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ മണ്ണു നീക്കംചെയ്യാൻ ജിയോളജിസ്റ്റുകൾ അനുമതി നൽകിയാൽ മതിയെന്നും എത്ര മാത്രം മണ്ണു നീക്കണമെന്നതടക്കമുള്ള കാര്യങ്ങൾ റിപ്പോർട്ടിലുണ്ടാവണമെന്നും ഹൈക്കോടതി വ്യക്‌തമാക്കി. കെട്ടിട നിർമാണ പെർമിറ്റുണ്ടായിട്ടും മണ്ണു നീക്കി മറ്റൊരു സ്‌ഥലത്തേക്കു കൊണ്ടുപോകാൻ അനുമതി ലഭിക്കുന്നില്ലെന്ന് ആരോപിച്ചുള്ള ഒരു കൂട്ടം ഹർജികളാണു സിംഗിൾ ബെഞ്ച് പരിഗണിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.