ശങ്കർ റെഡ്ഡിയുടെ നിയമനം: രേഖകൾ ഹാജരാക്കാൻ ഉത്തരവ്
Wednesday, December 7, 2016 4:22 PM IST
തിരുവനന്തപുരം: എഡിജിപിയായിരുന്ന ശങ്കർ റെഡ്ഡിക്ക് ഡിജിപിയായി സ്‌ഥാനക്കയറ്റം നൽകി വിജിലൻസ് ഡയറക്ടറായി നിയമിച്ചത് സംബന്ധിച്ച മുഴുവൻ ഫയലുകളും ഹാജരാക്കാൻ വിജിലൻസ് ജഡ്ജി ഉത്തരവിട്ടു. നിലപാട് അറിയിക്കാൻ വിജിലൻസ് തുടർച്ചയായി മൂന്നാം തവണയും സമയം ആവശ്യപ്പെട്ടെങ്കിലും കോടതി നിരാകരിച്ചു.

ചട്ടം മറികടന്ന് ശങ്കർ റെഡ്ഡിക്കു സ്‌ഥാനക്കയറ്റവും നിയമനവും നൽകുന്നതിനെതിരേ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ മൂന്നിലധികം റിപ്പോർട്ട് സമർപ്പിച്ചതായി ഹർജിക്കാരനായ പായിച്ചറ നവാസ് ആരോപിച്ചതിനെ തുടർന്നാണ് കോടതിയുടെ ഉത്തരവ്. മുൻ ഡയറക്ടർക്കെതിരായ ഹർജിയിൽ വിജിലൻസിന്റെ മെല്ലെപ്പോക്ക് അനുവദിക്കാനാവില്ലെന്നും കോടതി വ്യക്‌തമാക്കി. നിയമന ഫയലുകൾ ആഭ്യന്തര സെക്രട്ടറി പത്തു ദിവസത്തിനകം കോടതിയിൽ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥൻ മുഖേന ഹാജരാക്കാനാണ് ഉത്തരവ്. രേഖകൾ ഹാജരാക്കാൻ വിജിലനസ് ഡയറക്ടർക്ക് നിർദേശം നൽകുന്ന പതിവ് രീതി ഒഴിവാക്കിയാണ് ആഭ്യന്തര സെക്രട്ടറിക്ക് നിർദേശം നൽകിയത്.


കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിച്ചതിന് പ്രത്യുപകാരമായിട്ടാണു ചട്ടങ്ങൾ മറികടന്ന് ശങ്കർ റെഡ്ഡിയെ വിജിലൻസ് ഡയറക്ടറായി നിയമിച്ചതെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ശങ്കർ റെഡ്ഡി എന്നിവർക്കെതിരെയാണു ഹർജി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.