മാവോയിസ്റ്റുകളുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യണമെന്ന ഹർജി തള്ളി
മാവോയിസ്റ്റുകളുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യണമെന്ന ഹർജി തള്ളി
Wednesday, December 7, 2016 4:22 PM IST
കൊച്ചി: നിലമ്പൂർ വനമേഖലയിൽ വെടിയേറ്റു മരിച്ച മാവോയിസ്റ്റുകളുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യണമെന്നാവശ്യപ്പെട്ടു കൊല്ലപ്പെട്ട കുപ്പുസ്വാമിയുടെ (ദേവരാജൻ) സഹോദരൻ ശ്രീധരൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി.

നവംബർ 24 നാണ് കുപ്പുസ്വാമിയും അജിതയും പോലീസുമായി വനത്തിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി വാർത്ത വന്നത്. പിന്നീട് നവംബർ 26ന് ഇവരുടെ മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റുകയും ചെയ്തു. തന്റെ സഹോദരനെ ജീവനോടെ പിടികൂടിയ പോലീസ് പിന്നീടു വെടിവച്ചു കൊല്ലുകയായിരുന്നുവെന്നും മൃതദേഹം രണ്ട് ജൂണിയർ പോലീസ് സർജൻമാരാണു പോസ്റ്റ്മോർട്ടം ചെയ്തതെന്നും ആരോപിച്ചാണു ശ്രീധരൻ ഹർജി നൽകിയത്. വെടിയേറ്റുള്ള മരണങ്ങളിൽ പോസ്റ്റ്മോർട്ടം നടത്തുമ്പോൾ ഫോറൻസിക് മേധാവിയെക്കൂടി ഉൾപ്പെടുത്തണമെന്നും മറ്റുമുള്ള സുപ്രീം കോടതിയുടെ നിർദേശം പാലിച്ചിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.


വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലാണു പോസ്റ്റ്മോർട്ടം നടത്തിയതെന്നും വീണ്ടും പോസ്റ്റ്മോർട്ടം നടത്തേണ്ട ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയ മഞ്ചേരി സെഷൻസ് കോടതി, ഹർജിക്കാരനും അഭിഭാഷകനും പോസ്റ്റ്മോർട്ടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കാൻ അവസരം ഒരുക്കാമെന്നും വ്യക്‌തമാക്കിയിരുന്നു. സെഷൻസ് കോടതിയുടെ ഈ നിലപാടിൽ അപാകതയില്ലെന്നു ചൂണ്ടിക്കാട്ടിയാണു ഹൈക്കോടതി ഹർജിക്കാരന്റെ ആവശ്യം നിരസിച്ചത്. നേരത്തെ ഈ ആവശ്യം ഉന്നയിച്ചു നൽകിയ ഹർജി മഞ്ചേരി സെഷൻസ് കോടതി തള്ളിയിരുന്നു. തുർടന്നാണ് ശ്രീധരൻ ഹൈക്കോടതിയെ സമീപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.