ജയലളിതയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് മന്ത്രിസഭാ യോഗം പിരിഞ്ഞു
ജയലളിതയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് മന്ത്രിസഭാ യോഗം പിരിഞ്ഞു
Tuesday, December 6, 2016 3:42 PM IST
തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ആദരാഞ്ജലി അർപ്പിച്ച്, അജൻഡയിലെ വിഷയങ്ങൾ പരിഗണിക്കാതെ സംസ്‌ഥാന മന്ത്രിസഭാ യോഗം പിരിഞ്ഞു. ഇന്നലെ രാവിലെ ഒൻപതിനു ചേർന്ന മന്ത്രിസഭായോഗം മൗനാചരണത്തോടെ തുടങ്ങി അനുശോചനം രേഖപ്പെടുത്തി പിരിയുകയായിരുന്നു. തുടർന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ജസ്റ്റീസ് പി. സദാശിവം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർക്കൊപ്പം ചെന്നൈയിലേക്കു പോയി.

കേരളവുമായി നല്ല ബന്ധം നിലനിർത്താൻ പ്രത്യേക ശ്രദ്ധ ചെലുത്തിയ ജയലളിതയ്ക്കു മലയാളികളുടെ മനസിൽ മായാത്ത സ്‌ഥാനമാണുള്ളതെന്നു മന്ത്രിസഭ അനുസ്മരിച്ചു. തമിഴ്നാട്ടിലെയും കേരളത്തിലെയും ജനങ്ങൾക്കിടയിൽ സൗഹൃദവും സാഹോദര്യവും നിലനിർത്താൻ ജയലളിത കൈക്കൊണ്ട നടപടികൾ മാതൃകാപരമാണ്.

അസാമാന്യമായ ഭരണ നൈപുണ്യവും ജനവിഭാഗങ്ങളോടുള്ള ആത്മാർഥമായ പ്രതിബദ്ധതയും കൊണ്ടു ശ്രദ്ധേയയായിരുന്നു ജയലളിത. പാവപ്പെട്ടവരുടെ ജീവിത ദുരിതങ്ങൾക്ക് ആശ്വാസമരുളാനുള്ള നടപടികളിലൂടെയാണ് അവർ അമ്മ എന്ന നിലയിലേക്കുയർന്നത്. അസാധാരണമായ ഭരണതന്ത്രജ്‌ഞത, ഭാവനാപൂർണമായ പദ്ധതികളാവിഷ്കരിക്കാനും നടപ്പാക്കാനും അവർക്കു തുണയായി.

വ്യക്‌തിഗതമായും രാഷ്ട്രീയമായും ഭരണപരമായും പല ഘട്ടങ്ങളിൽ പല വെല്ലുവിളികളും നേരിടേണ്ടിവന്ന അവർ പ്രതികൂല ഘടകങ്ങളെയെല്ലാം സമർഥമായ ഭരണ–രാഷ്ട്രീയ പാടവങ്ങളോടെയും അസാമാന്യമായ ഇച്ഛാശക്‌തിയോടെയും അനുകൂലമാക്കി. സംസ്‌ഥാനങ്ങളുടെ അവകാശ സംരക്ഷണത്തിനുവേണ്ടി കൈക്കൊണ്ട നിലപാടുകളിലൂടെ അവർ ഭരണഘടനയുടെ ഫെഡറൽ സത്ത സംരക്ഷിക്കുന്നതിനു നൽകിയ സംഭാവനകൾ സ്മരണീയമാണെന്നും അനുശോചന പ്രമേയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.


കലാരംഗത്തും രാഷ്ട്രീയരംഗത്തും ഒരുപോലെ പ്രഗൽഭമായ നിലയിൽ വ്യക്‌തിമുദ്ര പതിപ്പിക്കുകയും രണ്ടു തലത്തിലും ജനഹൃദയങ്ങളിൽ മായാത്ത സ്‌ഥാനം നേടുകയും ചെയ്ത നേതാക്കൾ നമുക്കധികമുണ്ടായിട്ടില്ല. സ്വന്തം നാടിന്റെയും ജനതയുടെയും മനസും ശബ്ദവുമായി അവർ മാറി. പൊതുവിൽ അത്ര സ്ത്രീസൗഹൃദമല്ലാത്ത ഇന്ത്യൻ രാഷ്ട്രീയത്തിൽ പല വെല്ലുവിളികളെയും അതിജീവിച്ചു ജയലളിത ഉയർന്നുവന്ന രീതി പ്രചോദനകരമാണെന്നും മന്ത്രിസഭ അനുസ്മരിച്ചു.


മൂന്നു ദിവസം ദുഃഖാചരണം

തിരുവനന്തപുരം: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയോടുളള ആദരസൂചകമായി സംസ്‌ഥാനത്തെ പൊതുമേഖലാ സ്‌ഥാപനങ്ങൾ ഉൾപ്പെടെയുളള സർക്കാർ ഓഫീസുകൾക്കും പ്രഫഷണൽ കോളജുകൾ ഉൾപ്പടെയുളള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ഇന്നലെ സർക്കാർ അവധി പ്രഖ്യാപിച്ചു.

മൂന്നു ദിവസം സംസ്‌ഥാന വ്യപകമായി ഔദ്യോഗിക ദുഃഖാചരണം നടത്തും. ഇതിന്റെ ഭാഗമായി ഇന്നലെയ്ക്കു പുറമെ ഇന്നും നാളെയും സർക്കാർ സ്‌ഥാപനങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.