ശിശുമരണ ഓഡിറ്റ് നടത്തും: ഐഎപി
Tuesday, December 6, 2016 3:29 PM IST
കൊച്ചി: അഞ്ചു വയസിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ അത്തരം മരണങ്ങളുടെ കാരണങ്ങൾ കണ്ടെത്തി പരിഹാരം കാണാൻ സർക്കാരുമായി ചേർന്നു ശിശുമരണ ഓഡിറ്റ് നടത്തുമെന്ന് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് കേരള (ഐഎപി) പ്രസിഡന്റ് ഡോ.എം.എൻ. വെങ്കിടേശ്വരൻ പത്രസമ്മേളനത്തിൽ അറിയിച്ചു.

കേരളത്തിലെ ശിശുമരണനിരക്ക് വർഷങ്ങളായി ഒരേ നിരക്കിലാണ്. എന്നാൽ ഈ കണക്കിൽ ഏറ്റക്കുറച്ചിലുകളുണ്ട്. അതു കണ്ടെത്താനാണ് ഈ ഓഡിറ്റുകൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. ശിശുമരണങ്ങളിൽ 65 ശതമാനം ജനനസമയത്തുതന്നെയാണ്. ജന്മനാ ഉണ്ടാകുന്ന അസുഖങ്ങൾകൊണ്ടും മരണങ്ങളുണ്ടാകുന്നുണ്ട്. ഇത്തരം മരണങ്ങളുടെ കാരണങ്ങൾ കണ്ടെത്തി അതിനുള്ള പരിഹാരം കണ്ടെത്താനാണു ശിശുമരണ ഓഡിറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. പഞ്ചായത്ത്തലം മുതൽ ഇതിനു സമിതികളുണ്ടാകും. മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർ അടക്കമുള്ളവർ ഈ സമിതികളിലുണ്ടാകും. ഇതിന്റെ പ്രാഥമിക ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു.

ഐഎപി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. കുട്ടികൾക്കു കൃത്യസമയത്ത് കുത്തിവയ്പ്പുകൾ എടുക്കാത്തതും ശിശുമരണനിരക്ക് വർധിക്കുന്നതിനു കാരണമാകുന്നുണ്ട്. കേരളത്തിൽ ഡിഫ്തീരിയ, മീസിൽസ്, വില്ലൻ ചുമ പോലുള്ള രോഗങ്ങൾ തിരിച്ചു വരുന്നു. കൃത്യമായ കുത്തിവയ്പ്പുകളെടുത്താൽ ഇത്തരത്തിലുള്ള രോഗങ്ങൾ പ്രതിരോധിക്കാം. കുത്തിവയ്പ്പുകൾ എടുക്കുന്നതിനും അത് പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പരിപാടികൾ ഐഎപി ആരംഭിച്ചുകഴിഞ്ഞു. അതിന്റെ ആദ്യപടിയായാണ് ഇമ്മ്യൂണൈസ് കൊച്ചി എന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.


നാഷണൽ ഹെൽത്ത് മിഷനും ജില്ലാ ഭരണകൂടവും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (ഐഎംഎ) ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രീഷ്യൻസും (ഐഎപി) സംയുക്‌തമായാണ് ‘പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി കൊച്ചി കോർപറേഷനു കീഴിലുള്ള ഓരോ ഡിവിഷനിലും 50 പേരടങ്ങുന്ന സന്നദ്ധപ്രവർത്തകരെ തെരഞ്ഞെടുത്ത് അവർക്ക് പരിശീലനം നൽകും. ഇവർ വീടുകൾ തോറും സന്ദർശിച്ച് കുത്തിവയ്പ്പെടുക്കേണ്ടതിന്റെ ആവശ്യകതയെ യും അത് എടുക്കാതിരിക്കുന്നതുമൂലമുള്ള ബുദ്ധിമുട്ടുകളെയും പറ്റി ബോധവത്കരണം നടത്തും.

കൂടാതെ ലഹരി വിമുക്‌ത തലമുറ എന്ന ലക്ഷ്യത്തോടെ ലഹരി ഉപയോഗത്തിനെതിരേ സ്കൂളുകളിൽ ബോധവത്കരണ ക്ലാസുകൾ നടത്തും. ഇതിനായി 14 മിനിട്ടു ദൈർഘ്യമുള്ള ഷോർട്ട്ഫിലിം കേരളത്തിലെ സ്കൂളുകളിൽ പ്രദർശിപ്പിക്കും. കുട്ടികൾക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങൾ സ്വന്തം വീടിനുള്ളിൽ നിന്നു തന്നെയുണ്ടാകുന്ന കാലഘട്ടത്തിൽ അതിനെതിരേ പ്രതികരിക്കാൻ സജ്‌ജരാക്കിയെടുക്കുന്ന ജീവിത നിപുണതാ പരിശീലനം നൽകുമെന്നും ഡോ.എം.എൻ. വെങ്കിടേശ്വരൻ പറഞ്ഞു.

പത്രസമ്മേളനത്തിൽ സെക്രട്ടറി ഐ.റിയാസ്, ജോയിന്റ് സെക്രട്ടറി ഡോ. ഡി.ബാലചന്ദർ, ചീഫ് കൺവീനർ ഡോ. ഷിമ്മി പൗലോസ്, മുൻ ദേശീയ പ്രസിഡന്റ് ഡോ.എസ്. സച്ചിദാനന്ദ കമ്മത്ത്, സോണൽ കോ–ഓർഡിനേറ്റർ ഡോ.എം.നാരായണൻ തുടങ്ങിയർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.