നോട്ട് നിരോധനം: ആരോപണങ്ങൾ അടിസ്‌ഥാനരഹിതമെന്നു തോമസ് ഐസക്
നോട്ട് നിരോധനം: ആരോപണങ്ങൾ അടിസ്‌ഥാനരഹിതമെന്നു തോമസ് ഐസക്
Monday, December 5, 2016 4:59 PM IST
തിരുവനന്തപുരം: കറൻസി നോട്ട് നിരോധനത്തിന്റെ ഭാഗമായുണ്ടായ പ്രതിസന്ധി മറികടക്കാൻ കേരളം ആവശ്യമായ മുൻകരുതൽ എടുത്തില്ലെന്ന ആരോപണം ശരിയല്ലെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്.

യാഥാർഥ്യം മനസിലാക്കി പ്രതിസന്ധിയെ അതിജീവിക്കാൻ കഴിഞ്ഞ ഏക സംസ്‌ഥാനം കേരളമാണ്. താൻ പരിഭ്രാന്തി പരത്താൻ ശ്രമിച്ചു എന്ന തരത്തിലുള്ള ആക്ഷേപം വെറും ആക്ഷേപം മാത്രമാണ്. രണ്ടു ദിവസം കൊണ്ടു പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നു പറഞ്ഞവർ ഇപ്പോൾ അഭിപ്രായം മാറ്റി. നോട്ട് നിരോധനവുമായി ബന്ധപ്പെട്ടു പ്രശ്നങ്ങളുണ്ട്. അതു ജനങ്ങളോടു പറയുകയാണ് താൻ ചെയ്തതെന്നും ഐസക് പത്രസമ്മേളനത്തിൽ അറിയിച്ചു.

എല്ലാ ദിവസവും സംസ്‌ഥാന സർക്കാർ റിസർവ് ബാങ്കുമായി ബന്ധപ്പെട്ട് പണത്തിന് ആവശ്യം ഉന്നയിക്കുന്നുണ്ട്. എന്നാൽ, തലേദിവസം ചോദിച്ച പണം നൽകാനാവില്ലെന്നാണ് അവർ അടുത്തദിവസം രാവിലെ സർക്കാരിനെ അറിയിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തേക്കാൾ തിരക്കാണു മറ്റു സംസ്‌ഥാനങ്ങളിൽ. ദേശസ്നേഹത്തിന്റെ കാര്യം പറഞ്ഞ് എത്ര ദിവസം ഇത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കാനാകുമെന്നു ചിന്തിക്കണം. ദേശസ്നേഹം പറയുന്നത് ജനങ്ങളനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്കുള്ള ഉത്തരമല്ല. ഭരണാധികാരികളെ ചോദ്യം ചെയ്യാത്ത സ്‌ഥലങ്ങളിൽ ദേശസ്നേഹം പറഞ്ഞാൽ ജനങ്ങൾ അംഗീകരിച്ചേക്കും. എന്നാൽ, കേരളത്തിൽ അതു നടക്കില്ല. ചോദ്യങ്ങൾ ശക്‌തമായി തന്നെ ചോദിക്കും.

ട്രഷറികളിലൂടെ നൽകുന്ന പണത്തിന്റെ കണക്കുകൾ സംസ്‌ഥാന സർക്കാരിനു ലഭ്യമാണ്. എന്നാൽ, ബാങ്കുകളുടെ കണക്ക് ലഭിക്കുന്നില്ല. സംസ്‌ഥാന ബാങ്കിംഗ് സമിതിയോടു കണക്കുകൾ ചോദിക്കാൻ മാത്രമേ സംസ്‌ഥാന സർക്കാരിനു കഴിയൂ. എന്നാൽ, അവർ അതു നൽകണമെന്നു നിബന്ധനയൊന്നുമില്ല.


ജില്ലാ സഹകരണ ബാങ്കുകൾ പ്രവർത്തിക്കുന്നത് കെവൈസി മാനദണ്ഡങ്ങൾ അനുസരിച്ചാണെന്നു കാട്ടി നബാർഡ് സുപ്രീംകോടതിയിൽ നൽകുന്ന റിപ്പോർട്ടിൽ സംസ്‌ഥാനത്തിനു പ്രതീക്ഷയുണ്ട്. സഹകരണ പ്രസ്‌ഥാനങ്ങളെ സംബന്ധിച്ച് ഉയർത്തിയ രാഷ്ട്രീയ ആരോപണങ്ങൾ എല്ലാം നബാർഡിന്റെ വിശദീകരണത്തോടെ പൊളിഞ്ഞുവീണു. ഡൽഹിയിൽ നടന്ന ചർച്ചയിൽ സഹകരണ ബാങ്കുകളെ സംരക്ഷിക്കണമെന്ന ആവശ്യം സർക്കാർ വീണ്ടും മുന്നോട്ടുവച്ചിട്ടുണ്ട്.

ജില്ലാ ബാങ്കുകളുടെ പണം സംസ്‌ഥാന സഹകരണ ബാങ്കിന് സ്വീകരിക്കാൻ അനുമതി നൽകണം, അര ശതമാനമെങ്കിലും വായ്പ നൽകാൻ അനുവദിക്കണം, പ്രാഥമിക സഹകരണ ബാങ്കുകളിൽനിന്നും 24,000 രൂപ വരെ പിൻവലിക്കാൻ അനുമതി വേണം എന്നീ ആവശ്യങ്ങളാണ് സർക്കാർ പ്രധാനമായും ഉന്നയിച്ചത്. നബാർഡിന്റെ റിപ്പോർട്ടിനെ കേരളം പോസിറ്റീവായാണ് കാണുന്നത്. ജിഎസ്ടി ബില്ലിലെ വ്യവസ്‌ഥകൾ കേരളത്തിന് അംഗീകരിക്കാനാവുന്നതല്ലെന്നു കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയ പരിഗണനയുടെ അടിസ്‌ഥാനത്തിലല്ല, ഓരോ സംസ്‌ഥാനങ്ങളുടെയും സാഹചര്യം വിലയിരുത്തി വേണം ജിഎസ്ടി നടപ്പിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.