സാങ്കേതിക സർവകലാശാലയുടെ ഓൺലൈൻ ചോദ്യപേപ്പർ വിതരണം നിർത്തലാക്കാൻ സർക്കാർ നീക്കം
സാങ്കേതിക സർവകലാശാലയുടെ ഓൺലൈൻ ചോദ്യപേപ്പർ വിതരണം നിർത്തലാക്കാൻ സർക്കാർ നീക്കം
Monday, December 5, 2016 4:59 PM IST
തിരുവനന്തപുരം: എപിജെ അബ്ദുൾ കലാം കേരള സാങ്കേതിക ശാസ്ത്ര സർവകലാശാല (കെടിയു) യുടെ ഓൺലൈൻ ചോദ്യപേപ്പർ വിതരണസമ്പ്രദായം ഇല്ലാതാക്കാൻ സർക്കാർ നീക്കം. ഇതിനായി സർക്കാർ നിരത്തുന്ന വാദഗതികൾ അടിസ്‌ഥാനരഹിതമാണ്. സർക്കാരും സാങ്കേതിക സർവകലാശാലയും തമ്മിലുള്ള സൗന്ദര്യപ്പിണക്കമാണ് ആയിരക്കണക്കിനു വിദ്യാർഥികളെ പ്രതികൂലമായി ബാധിക്കുന്ന നീക്കത്തിനു പിന്നിൽ.

സാങ്കേതിക സർവകലാശാലയുടെ നേതൃത്വത്തിൽ നടത്തിവന്ന ബിടെക് പരീക്ഷയ്ക്ക് ഓൺലൈൻ വഴി ചോദ്യപേപ്പർ നല്കുന്ന രീതിയാണ് ഒറ്റടയിക്കു നിർത്താൻ സർക്കാർ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായാണു കഴിഞ്ഞ രണ്ടിന് ആരംഭിക്കേണ്ട ഒന്നും മൂന്നും സെമസ്റ്റർ ബിടെക് പരീക്ഷകൾ മാറ്റിവച്ചത്.

2014–ൽ തുടക്കത്തിൽ ചോദ്യപേപ്പർ ഓൺലൈനായി നല്കുകയും ഉത്തരക്കടലാസുകൾ സ്കാൻ ചെയ്ത് സർവകലാശാലയുടെ പ്രത്യേക സെർവറിലേക്ക് അപ്ലോഡ് ചെയ്തു വേഗത്തിൽ ഫലപ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു. എന്നാൽ, ഉത്തരക്കടലാസ് അപ്ലോഡ് ചെയ്യുന്നതു സ്വകാര്യ ഏജൻസി ആണെന്ന വാദമുയർന്നതോടെ ഇതു നിർത്തലാക്കി. തുടർന്നു ചോദ്യക്കടലാസ് വേഗത്തിൽ എത്തിക്കുന്നതിനായി ഓൺലൈനായി അയച്ചുകൊടുക്കുന്ന സംവിധാനമാണു നിലനിന്നിരുന്നത്.

കഴിഞ്ഞദിവസം മാറ്റിവച്ച പരീക്ഷയുടെ പുതുക്കിയ തീയതി എന്നാണെന്നു വ്യക്‌തമാക്കിയിട്ടില്ല. ഇതു നിലവിൽ സർവകലാശാല നടത്തുന്നതുപോലെ ഓൺലൈൻ ചോദ്യം ആയിട്ടാണോ അതോ മുൻകാലങ്ങളിലെപ്പോലെ അച്ചടിച്ച് ചോദ്യപേപ്പർ വിതരണം ചെയ്തുള്ള തരത്തിലാണോ എന്നും ഇതുവരെ വ്യക്‌തമാക്കിയിട്ടില്ല. ഇതും വിദ്യാർഥികളിൽ ആശങ്കയ്ക്ക് ഇടയാക്കുന്നു.

പരീക്ഷ മാറ്റിവയ്ക്കുന്നതിനായി സംസ്‌ഥാന സർക്കാരിനുവേണ്ടി ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവിൽ പറയുന്ന കാര്യങ്ങളിലും വൈരുധ്യം നിലനില്ക്കുന്നുണ്ട്. ഉത്തരവിൽ പറയുന്നത് ഓൺലൈൻ പരീക്ഷ നടത്തുന്നത് സ്വകാര്യ സ്‌ഥാപനത്തിന്റെ നിയന്ത്രണത്തിലുള്ള വെബ്സൈറ്റിലൂടെയാണെ ന്നാണ്. എന്നാൽ, സാങ്കേതിക സർവകലാശാലയുടെ ഓൺലൈൻ ചോദ്യപേപ്പർ തയാറാക്കി സൂക്ഷിക്കുന്നത് സംസ്‌ഥാന സർക്കാരിന്റെ ഉടമസ്‌ഥതയിലുള്ള ഐടി മിഷന്റെ സെർവറിലാണ്. ഇതിനായി ഡാറ്റ ഉണ്ടാക്കി നല്കിയിരുന്നത് സർക്കാരിന്റെതന്നെ മറ്റൊരു ഏജൻസിയായ കെൽട്രോണാണ്. സ്വകാര്യ ഏജൻസി എന്ന സർക്കാരിന്റെ വാദഗതികൾ ഇതോടെ പൊളിയുന്നു.

പരീക്ഷ ആരംഭിക്കുന്നതിനു മണിക്കൂറുകൾക്കു മുമ്പ് ചോദ്യക്കടലാസുകൾ കോളജുകളിൽ എത്തിക്കുന്നതു കൃത്രിമത്വവും ചോദ്യപേപ്പർ ചോർച്ചയും ഉണ്ടാക്കാൻ ഇടയാക്കുന്നുവെന്നാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ മറ്റൊരു വാദം.

ഓൺലൈനായി തയാറാക്കുന്ന ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യുന്നത് അതാതു കോളജുകളിൽ പരീക്ഷ ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പാണ്. ഇത്തരത്തിൽ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യുന്നത് സർവകലാശാല നിയമിക്കുന്ന ഒരു സൂപ്പർവൈസറും അതാതു കോളജ് പ്രിൻസിപ്പലും ചേർന്നാണ്. സൂപ്പർവൈസർക്കും പ്രിൻസിപ്പലിനും പ്രത്യേകം പാസ്വേർഡ് നല്കി ഇതുപയോഗിച്ചു മാത്രം ലോഗിൻ ചെയ്താണു ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യേണ്ടത്. ഇത്തരത്തിൽ ഡൗൺലോഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ വെബ് കാമറയിൽ പകർത്തി സർവകലാശാലയ്ക്കു നല്കുകയും വേണം.


സംസ്‌ഥാനത്തെ മറ്റു സർവകലാശാലകളിൽ ചോദ്യപേപ്പറുകൾ ഒരാഴ്ച മുമ്പുതന്നെ കോളജുകളിൽ എത്തിക്കാറുണ്ട്. പിന്നീടു സർവകലാശാലയുടെ യാതൊരു മേൽനോട്ടവും ഇല്ലാതെ അതാതു കോളജ് അധികൃതർ തന്നെയാണു പരീക്ഷയുടെ തുടർനടപടികളെല്ലാം സ്വീകരിക്കുന്നത്. ഇത്തരമൊരു രീതിയിൽനിന്നു വ്യത്യസ്തമായി സർവകലാശാല നിയോഗിക്കുന്ന സൂപ്പർവൈസറുടെ മേൽനോട്ടത്തിലാണ് ചോദ്യപേപ്പർ സാങ്കേതിക സർവകലാശാല ഡൗൺലോഡ് ചെയ്യുന്നത്.

ബിടെക് ഒന്നും മൂന്നും സെമസ്റ്റർ പരീക്ഷ മാറ്റിവയ്ക്കുന്നതിനായി ഉയർത്തിയ മറ്റൊരു വാദഗതി സപ്ലിമെന്ററി പരീക്ഷയെഴുതുന്ന കുട്ടികൾക്ക് ഒരുദിവസം രണ്ടു പരീക്ഷ എഴുതേണ്ടി വരുമെന്നതാണ്. എന്നാൽ, ഒന്നാം സെമസ്റ്റർ പരീക്ഷയുടെ മൂന്നു സപ്ലിമെന്ററി പരീക്ഷ എഴുതിയിട്ടും വിജയിക്കാത്ത പത്തിൽ താഴെ ശതമാനം വിദ്യാർഥികൾക്കു മാത്രമാണ് രാവിലെയും ഉച്ചകഴിഞ്ഞും പരീക്ഷ എഴുതേണ്ടി വരുന്നത്. റെഗുലർ വിദ്യാർഥികൾക്ക് ഇത്തരമൊരു പ്രശ്നം ഉയരുന്നതേയില്ല. മാത്രവുമല്ല ജൂലൈയിൽ വീണ്ടും സപ്ലിമെന്ററി പരീക്ഷ നടത്തുന്നുമുണ്ട്. കൃത്യമായി വിജയിച്ചുവന്ന റഗുലർ വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ഒരു പരീക്ഷ മാത്രം എഴുതിയാൽ മതി.

ബിടെക് പരീക്ഷ മാറ്റിയതോടെ ടെക്നിക്കൽ സർവകലാശാലയുടെ പരീക്ഷാ നടത്തിപ്പ് പൂർണമായും താളം തെറ്റി. രണ്ടും നാലും സെമസ്റ്റർ ക്ലാസുകൾ ജനുവരി നാലിന് തുടങ്ങേണ്ടതാണ്. ഇതും ഇപ്പോൾ അനിശ്ചിതത്ത്വത്തിലുമായി.

എംസിഎ, എംബിഎ, എംടെക് ചോദ്യപേപ്പറുകൾ ഇപ്പോഴും ഓൺലൈനായി നല്കുന്നുവെന്നതാണ് മറ്റൊരു വസ്തുത. സാങ്കേതിക സർവകലാശാല ഇതിനോടകം ഏഴു പരീക്ഷകൾക്കുള്ള ചോദ്യപേപ്പർ ഓൺലൈനായി നല്കിയിട്ടുണ്ട്.ബിടെക്കിന്റെ ഓൺലൈൻ ചോദ്യം നിർത്തലാക്കാൻ ഉന്നയിക്കുന്ന വാദഗതികൾ അടിസ്‌ഥാനമില്ലാത്തതാണെന്നു മറ്റു പരീക്ഷകൾക്കുള്ള ചോദ്യം ഓൺലൈനായി നടത്തുന്നതിലൂടെ കൂടുതൽ വ്യക്‌തവുമാണ്. ഈ രീതി ഒഴിവാക്കുന്നതോടെ പരീക്ഷാ നടത്തിപ്പിൽ നിലവിലുണ്ടായിരുന്ന വേഗം ഇല്ലാതാവുകയും വിദ്യാർഥികൾ പരീക്ഷയ്ക്കും ഫലപ്രഖ്യാപനത്തിനുമായി നീണ്ട കാത്തിരിപ്പ് നടത്തേണ്ടി വരുകയും വേണം.

തോമസ് വർഗീസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.