പ്രവർത്തനം നിലച്ച പാറമടകൾക്കു ചുറ്റും വേലി സ്‌ഥാപിക്കാൻ നിർദേശം
പ്രവർത്തനം നിലച്ച പാറമടകൾക്കു ചുറ്റും വേലി സ്‌ഥാപിക്കാൻ നിർദേശം
Monday, December 5, 2016 4:29 PM IST
കൊച്ചി: പാറമടകളിൽ കുട്ടികൾ ദുരന്തത്തിൽപ്പെടുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത് പ്രവർത്തനം നിലച്ച മുഴുവൻ പാറമടകൾക്കും ചുറ്റും വേലി സ്‌ഥാപിക്കുന്നതിനു നടപടി സ്വീകരിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പിന് ബാലാവകാശ സംരക്ഷണ കമ്മീഷൻ നിർദേശം നൽകി. ഇന്നലെ എറണാകുളം കളക്ടറേറ്റിൽ നടത്തിയ സിറ്റിംഗിനിടയിൽ ഇതു സംബന്ധിച്ച കേസിൽ കമ്മീഷൻ സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നുവെന്ന് ചെയർപേഴ്സൺ ശോഭ കോശി പറഞ്ഞു.

പെരുമ്പാവൂരിനടുത്ത് മുടക്കുഴ പെട്ടമലയിലെ പാറമടയിൽ കഴിഞ്ഞ ജൂണിൽ ഒരു കുട്ടി മരണമടഞ്ഞ സംഭവമാണ് നടപടിക്കു പ്രേരിപ്പിച്ചത്. ഒരു പാറമട നിർത്തലാക്കുമ്പോൾ അക്കാര്യം പഞ്ചായത്ത് അധികൃതർ ജില്ലാ കളക്ടറെ അറിയിച്ചിരിക്കണം. ഇക്കാര്യത്തിൽ സാധാരണ പാറമടകളിൽ നിന്ന് വേലി കെട്ടുന്നതിന് പഞ്ചായത്തുകൾ നിശ്ചിത ഫീസ് വാങ്ങുന്നുണ്ടെങ്കിലും അതു നടപ്പിലാക്കുന്നില്ലെന്നു ബോധ്യപ്പെട്ടതായി കമ്മീഷൻ വ്യക്‌തമാക്കി. ഗ്രാമപഞ്ചായത്തുകളുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ വേലി കെട്ടിയിട്ടുണ്ടെന്ന് കളക്ടർ ഉറപ്പുവരുത്തിയിരിക്കണം. മുടക്കുഴ പാറേക്കാട്ടിൽ മുണ്ടയ്ക്കപ്പറമ്പിൽ ആകർഷ് എന്ന കുട്ടിയാണ് അന്നു മരിച്ചത്.


അതേപോലെ റോഡ് വശങ്ങളിലും പറമ്പുകളിലും ഉപേക്ഷിക്കപ്പെട്ട കിണറുകൾക്കും സംരക്ഷണ ഭിത്തി ഉണ്ടെന്ന് ഉറപ്പുവരുത്തണം. കഴിഞ്ഞ ജൂലൈ മൂന്നിന് ജിൽറ്റ എന്ന കുട്ടി മുവാറ്റുപുഴയ്ക്കടുത്ത് സൈക്കിളിൽ നിന്ന് കിണറിൽ വീണു മരിച്ച സംഭവമാണ് കമ്മീഷനെ ഇക്കാര്യത്തിലും നടപടിക്കു പ്രേരിപ്പിച്ചത്.

തേവര ഗവ.ഫിഷറീസ് ടെക്നിക്കൽ സ്കൂളിൽ സുനാമി ഫണ്ട് ഉപയോഗിച്ചു നിർമിച്ച കെട്ടിടം കൈമാറണമെന്നു കൊച്ചി കോർപറേഷനു കമ്മീഷൻ നിർദേശം നൽകി. പൂത്തൃക്ക പഞ്ചായത്തിലെ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഭിന്നശേഷിയുള്ള പെൺകുട്ടികൾക്കു കൂടുതൽ ശ്രദ്ധയും പരിചരണവും ലഭിക്കുന്നതിന് വനിതാ അധ്യാപികയേയും സഹായിയേയും നിയമിക്കാൻ നടപടി സ്വീകരിക്കണമെന്നുള്ള പരാതിയിൽ പൊതുവിഭ്യാഭ്യാസ, ഹയർസെക്കൻഡറി വിഭാഗം വകുപ്പുകളോടു റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ നിർദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.