മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചു; രണ്ടു പേർ മരിച്ചു
മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചു;  രണ്ടു പേർ മരിച്ചു
Monday, December 5, 2016 4:29 PM IST
തലയോലപ്പറമ്പ്: മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പോലീസുകാരൻ ഉൾപ്പെടെ രണ്ടുപേർ മരിച്ചു. കെഎസ്ആർടിസി ബസും ക്വാളീസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. അഞ്ചു പേർക്കു പരിക്കേറ്റു. ക്വാളീസ് ഓടിച്ചിരുന്ന മലപ്പുറം അക്കരപ്പറമ്പ് വടക്കാംകര സെയ്ദലവിയുടെ മകനും എആർ ക്യാമ്പിലെ പോലീസുകാരനുമായ മങ്കട കളത്തിങ്കൽ സലാവുദീൻ(30), ബൈക്ക് യാത്രികനായ നീർപ്പാറയിൽ വാടകയ്ക്കു താമസിക്കുന്ന വയനാട് മാനന്തവാടി മുണ്ടംകുറ്റി കുറൂർ ജോസഫിന്റെ മകൻ ഷെറിൻ(23) എന്നിവരാണു മരിച്ചത്. കളത്തിങ്കൽ അബ്ദുൾ റസാഖ്(49), ഷാഹിത (48), ഇവരുടെ ബന്ധു ഹാഷിം(21), ബസ് യാത്രികനായ എസ്എച്ച് മൗണ്ട് സ്വദേശി സതീഷ്കുമാർ (28) എന്നിവർക്കും സംഭവമറിഞ്ഞ് ഓടിയെത്തി വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ വാൻ വെട്ടിപ്പൊളിച്ചു രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ വെട്ടിക്കാട്ടുമുക്ക് മഠത്തികാലായിൽ അബ്ദുൾ അസീസ്(53)നും പരിക്കേറ്റു.


തലയോലപ്പറമ്പ് എറണാകുളം റോഡിൽ വെട്ടിക്കാട്ടുമുക്ക് പാലത്തിനു സമീപം ഇന്നലെ രാവിലെ 7.30നായിരുന്നു സംഭവം. കോട്ടയത്തുനിന്ന് എറണാകുളത്തേക്കു പോകുകയായിരുന്ന ബസ് മലപ്പുറത്തുനിന്നു കോട്ടയത്തേക്കു പോകുകയായിരുന്ന ക്വാളീസ് വാനും ബൈക്കും ഇടിച്ചു തെറിപ്പിച്ചശേഷം വെട്ടിക്കാട്ടുമുക്ക് പാലത്തിന്റെ കൈവരിയിലിടിച്ചു നിൽക്കുകയായിരുന്നു. അൽപ്പം മാറിയിരുന്നെങ്കിൽ മൂന്നു വാഹനങ്ങളും 15 അടി താഴ്ചയിലേക്കു കൂപ്പുകുത്തി വൻദുരന്തമായി മാറുമായിരുന്നു. അപകടത്തെത്തുടർന്നു തലയോലപ്പറമ്പ് എറണാകുളം റോഡിൽ രണ്ടു മണിക്കൂർ ഗതാഗതം തടസപ്പെട്ടു. കടുത്തുരുത്തി ഫയർഫോഴ്സ്, തലയോലപ്പറമ്പ് പോലീസ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെയാണു രക്ഷാപ്രവർത്തനം നടത്തിയത്. ഓമനയാണ് ഷെറിന്റെ മാതാവ്. സാം, നിസി എന്നിവർ സഹോദരങ്ങളാണ്. ഷഹീദയാണ് സലാവുദീന്റെ മാതാവ്. ഭാര്യ: ഖുശ്ന മകൻ: ഹാസിൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.