സണ്ണി വധം: പ്രതികൾക്കു ജീവപര്യന്തം
Monday, December 5, 2016 4:29 PM IST
ആലപ്പുഴ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് രണ്ടാംവാർഡിൽ അറയ്ക്കൽ വീട്ടിൽ സണ്ണി എന്ന ജോൺ ബോസ്കോയെ(30) കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കു ജീവപര്യന്തം.

മാരാരിക്കുളം തെക്ക് പഞ്ചായത്ത് മൂന്നാംവാർഡിൽ കളത്തിപ്പറമ്പിൽ കൊമ്പറമ്പൻ ബിനു എന്ന രാജഗോപാൽ(37), രണ്ടാംവാർഡിൽ കുരിശിങ്കൽ വീട്ടിൽ ബോണിച്ചൻ എന്ന ജോസഫ്(32), തയ്യിൽ വീട്ടിൽ സുഭാഷ് എന്ന ജാക്സൺ(32), മണ്ണഞ്ചേരി പഞ്ചായത്ത് 21–ാം വാർഡിൽ ഐടിസി കോളനിയിൽ പുതുവൽ വീട്ടിൽ ശെൽവൻ എന്ന ശെൽവരാജ്(39), മാരാരിക്കുളം തെക്ക് 21–ാം വാർഡിൽ പുത്തൻപുരയ്ക്കൽ ബൂമർ ഷിബു എന്ന ഷിബു(33), മണ്ണഞ്ചേരി കണ്ണന്തറ വീട്ടിൽ തടി സുധീർ എന്ന സുധീർ(37), മാരാരിക്കുളം പുന്നയ്ക്കൽ ബാസ് എന്ന സജി(35) എന്നിവരെയാണു ജീവപര്യന്തം തടവിനും 25,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്.


2007 നവംബർ 18നായിരുന്നു കേസിനാസ്പദമായ സംഭവം. 2005ലുണ്ടായ തർക്കത്തിന്റെ തുടർച്ചയായാണു കൊലപാതകം നടന്നത്. 2005ലെ തർക്കത്തിനു ശേഷം നാട്ടിൽനിന്നു മാറിനിന്ന സണ്ണി വീട്ടിൽ തിരിച്ചെത്തിയ വിവരമറിഞ്ഞു പ്രതികൾ വീടാക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. 41 മുറിവുകളാണുണ്ടായിരുന്നത്. സണ്ണിയോടൊപ്പം വീട്ടിലുണ്ടായിരുന്ന സഹോദരൻ സിബിച്ചനെന്ന ആന്റണിക്കും പരിക്കേറ്റിരുന്നു. ആന്റണിയായിരുന്നു കേസിലെ ഏകദൃക്സാക്ഷി.

ആകെ 27 സാക്ഷികളുണ്ടായിരുന്നു. 31 രേഖകളും 16 തൊണ്ടിമുതലുകളും തെളിവാക്കി. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്. ഷാജഹാൻ ഹാജരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.