സാധാരണക്കാരുടെ പ്രശ്നപരിഹാരത്തിനു സഭ പ്രതിജ്‌ഞാബദ്ധം: മാർ ക്ലീമിസ്
സാധാരണക്കാരുടെ പ്രശ്നപരിഹാരത്തിനു സഭ പ്രതിജ്‌ഞാബദ്ധം: മാർ ക്ലീമിസ്
Monday, December 5, 2016 4:02 PM IST
കൊച്ചി: സമൂഹത്തിന്റെ അടിസ്‌ഥാനപ്രശ്നങ്ങളോടു ക്രിയാത്മകമായി പ്രതികരിക്കുന്നതിനു സഭയ്ക്കു വലിയ ഉത്തരവാദിത്വമുണ്ടെന്നു കെസിബിസി പ്രസിഡന്റ് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. കെസിബിസിയുടെയും കേരള കാത്തലിക് കൗൺസിലിന്റെയും (കെസിസി) സംയുക്‌തസമ്മേളനം പാലാരിവട്ടം പിഒസിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യം പല രംഗങ്ങളിലും മുന്നേറുമ്പോഴും സാധാരണക്കാർ വിവിധ ഭാഗങ്ങളിൽ യാതനകൾ അനുഭവിക്കുകയാണ്. ജനാധിപത്യ സംവിധാനം പോലും വ്യത്യസ്തമായ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടമാണിത്. സഭാദർശനങ്ങളിൽ അടിയുറച്ചു ജീവിക്കുന്ന അനേകം കുടുംബങ്ങൾ ഉണ്ടെന്നതാണു കേരളസഭയുടെ മഹത്വം. പോരായ്മകൾ ഉണ്ടെങ്കിലും കൃപാവരത്തിൽ വളരാൻ നമ്മുടെ കുടുംബങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നു. കുടുംബങ്ങളിലുള്ള പ്രേഷിതശുശ്രൂഷയ്ക്കു വലിയ പ്രാധാന്യം ഇനിയും നൽകേണ്ടതുണ്ടെന്നും കർദിനാൾ ഓർമിപ്പിച്ചു.

കുടുംബങ്ങളെ അനുധാവനം ചെയ്തുകൊണ്ടു കുടുംബപ്രേഷിത ശുശ്രൂഷ കൂടുതൽ ശക്‌തിപ്പെടുത്തേണ്ടതുണ്ടെന്നു സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച കെസിബിസി വൈസ് പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു.

വരാപ്പുഴ നിയുക്‌ത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ സമ്മേളനത്തിൽ അനുമോദിച്ചു. കെസിസി സെക്രട്ടറി വി.സി. ജോർജ്കുട്ടി റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി ജനറൽ ബിഷപ് ഡോ. ജോസഫ് കരിയിൽ, കെസിസി സെക്രട്ടറി ജനറൽ ഫാ. വർഗീസ് വള്ളിക്കാട്ട്, ഫാ. റോബി കണ്ണൻചിറ, ഫാ. ജോളി വടക്കൻ, ഫാ. ജോൺസൺ പുതുശേരി, സിസിഐ വൈസ് പ്രസിഡന്റ് ഡോ. മേരി റെജീന, മോൺസൺ കെ. മാത്യു എന്നിവർ പ്രസംഗിച്ചു.


റവ. ഡോ. ഷാജി ജോർജ് കൊച്ചുതറ, റവ. ഡോ. ജെയിംസ് ആനാപറമ്പിൽ എന്നിവർ മുഖ്യ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കെസിസി വൈസ് പ്രസിഡന്റ് ജോജി ചിറയിൽ, ജോയിന്റ് സെക്രട്ടറി ഡോ. ചാക്കോ കാളാംപറമ്പിൽ, എറണാകുളം–അങ്കമാലി അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സിജോ പൈനാടത്ത് എന്നിവർ വിഷയാവതരണങ്ങൾ നടത്തി.

31 കത്തോലിക്കാ രൂപതകളിൽ നിന്നുള്ള കൗൺസിൽ അംഗങ്ങൾ പങ്കെടുത്തു. കെസിസി ഭാരവാഹികളായ ഡോ. എം.എ. ജോസഫ്, മാർഗരറ്റ് നെൽസൺ, എ. ജെയ്നമ്മ, പ്രഫ. ടി. ലീന ജോസ്, ശോശാമ്മ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി. കെസിസി സമ്മേളനത്തിലെ നിർദേശങ്ങൾ കെസിബിസി യോഗത്തിൽ ചർച്ച ചെയ്യും.

തുടർന്ന് ആരംഭിച്ച കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെസിബിസി) സമ്മേളനം ഇന്നും നാളെയും തുടരും. സമ്മേളനത്തിൽ സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യും. കേരള കത്തോലിക്കാ സഭയിലെ എല്ലാ മെത്രാന്മാരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.