വാഗമൺ സിമി ക്യാമ്പ്: പ്രതികൾക്കെതിരേ കോടതി കുറ്റം ചുമത്തി
Monday, December 5, 2016 4:02 PM IST
കൊച്ചി: നിരോധിത സംഘടനയായ സിമിയുടെ കോട്ടയം വാഗമണ്ണിൽ ആയുധ പരിശീലന ക്യാമ്പ് സംഘടിപ്പിച്ച കേസിൽ പ്രതികൾക്കെതിരേ കോടതി കുറ്റം ചുമത്തി. ഡൽഹി, ഭോപ്പാൽ, അഹമ്മദാബാദ്, ബംഗളൂരു ജയിലുകളിൽ കഴിയുന്ന പ്രതികൾക്കുമേൽ വീഡിയോ കോൺഫറൻസിംഗ്് സംവിധാനം വഴിയാണ് കോടതി കുറ്റം ചുമത്തിയത്. പ്രതികളെ ഹാജരാക്കുന്നതിനു സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് വിവിധ സംസ്‌ഥാനങ്ങൾ അറിയിച്ചതിനത്തെുടർന്ന് തുടർ നടപടികളും വീഡിയോ കോൺഫറൻസിംഗ് വഴിയാവും നടക്കുക. വിചാരണ എന്ന് നടത്താൻ കഴിയുമെന്നതു സംബന്ധിച്ച് ഈമാസം 19 ന് റിപ്പോർട്ട് നൽകാൻ കോടതി എൻഐഎയോട് നിർദേശിച്ചു.

ഉന്നം തെറ്റാതെ നിറയൊഴിക്കാനും പെട്രോൾ ബോംബ് നിർമിക്കാനും വനത്തിലൂടെ ബൈക്ക് റേസിംഗിനും പ്രത്ര്യേക പരിശീലനം നൽകലായിരുന്നു ഡിസംബർ 10 മുതൽ 12 വരെ വാഗമണ്ണിലെ തങ്ങൾപാറയിൽ നടന്ന ക്യാമ്പിൽ നടന്നത്.


കോട്ടയം ഈരാറ്റുപേട്ട സ്വദേശി പി.എ.ഷാദുലിയാണ് കേസിലെ ഒന്നാം പ്രതി. മൊത്തം 38 പ്രതികളുള്ള കേസിൽ 31–ാം മെഹബൂബ് മാലിക് ഏതാനം ആഴ്ചകൾക്ക് മുമ്പ് ഭോപ്പാലിൽ പോലീസിന്റെ വെടിവയ്പ്പിൽ കൊല്ലപ്പെട്ടിരുന്നു. രണ്ടു പ്രതികൾ ഒളിവിലാണ്.

2011 ലാണ് എൻഐഎ അന്വേഷണം പൂർത്തിയാക്കി കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾക്കെതിരേ ഗൂഢാലോചന, നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമത്തിലെ (യുഎപിഎ) വിവിധ വകുപ്പുകൾ, സ്ഫോടക വസ്തുനിയമം, ആയുധ നിയമം തുടങ്ങിയ കുറ്റങ്ങളാണ് കോടതി ചുമത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.