സംസ്‌ഥാനത്തു ലഹരിമരുന്നിന്റെ ഉപയോഗം വർധിക്കുന്നു: ഋഷിരാജ് സിംഗ്
സംസ്‌ഥാനത്തു ലഹരിമരുന്നിന്റെ ഉപയോഗം വർധിക്കുന്നു: ഋഷിരാജ് സിംഗ്
Monday, December 5, 2016 4:02 PM IST
കൊച്ചി: ലഹരിമരുന്നുകളുടെ ഉപയോഗം സംസ്‌ഥാനത്ത് വർധിച്ചുവരികയാണെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്. എറണാകുളം സെന്റ് ആൽബർട്സ് എച്ച്എസ്എസിൽ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലഹരിമരുന്നുകളുടെ ഉപഭോഗത്തിന്റെ കണക്കിൽ രാജ്യത്തു കേരളം മൂന്നാം സ്‌ഥാനത്താണ്. ലഹരിമരുന്നു കേസുകളുടെ എണ്ണത്തിൽ കൊച്ചി നഗരം ഇന്ത്യയിൽ തന്നെ രണ്ടാം സ്‌ഥാനത്താണെന്നും അദ്ദേഹം പറഞ്ഞു.

ലഹരിമരുന്നുകളുടെ ഉപയോഗം ഈ രീതിയിൽ മുന്നോട്ടു പോയാൽ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ഈ പട്ടികകളിൽ നമ്മൾ ഒന്നാം സ്‌ഥാനത്ത് എത്തുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. കുട്ടികളാണ് പ്രധാനമായും ലഹരിമരുന്നു മാഫിയയുടെ പിടിയിൽ പെടുന്നത്. ആകാംക്ഷ കൊണ്ടോ കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയോ മയക്കുമരുന്ന് ഉപയോഗിച്ചു തുടങ്ങുന്ന കുട്ടികൾ അതിന് അടിമകളായി മാറുന്നു. ഒരു തവണ മാത്രം ഉപയോഗിക്കാമെന്നു കരുതി തുടങ്ങുന്നവർക്ക് പിന്നീട് ലഹരി ഒഴിവാക്കാനാവാതെ വരുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ തലമുറ ലഹരി ഉപയോഗിക്കില്ലെന്നു തീരുമാനമെടുക്കുന്നതിനൊപ്പം ലഹരിക്ക് അടിമകളായവരെ അതിൽനിന്നു പിന്തിരിപ്പിക്കാനും ശ്രമിക്കണം. ലഹരിമരുന്ന് യുവതലമുറയെ കീഴ്പ്പെടുത്തുന്നതു തടയാൻ അധ്യാപകർക്കും മാതാപിതാക്കൾക്കും വലിയ പങ്കു വഹിക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


അധ്യാപകർ ലഹരിക്ക് അടിമകളായ കുട്ടികളെ കണ്ടെത്തി ഗുണദോഷിക്കാൻ ശ്രമിക്കണം. വീട്ടിലെത്തുന്ന കുട്ടികളോടു ദിവസേന 10 മിനിട്ടെങ്കിലും വിശദമായി സംസാരിക്കാൻ മാതാപിതാക്കളും ശ്രദ്ധിക്കണം. മാതാപിതാക്കൾക്കേ കുട്ടികളുടെ പെരുമാറ്റത്തിൽ വരുന്ന വത്യാസങ്ങൾ കൃത്യമായി മനസിലാക്കാൻ കഴിയൂ. തങ്ങളുടെ കുട്ടികൾ ലഹരി ഉപയോഗിക്കുന്നു എന്നു ബോധ്യപ്പെട്ടാൽ അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ മാതാപിതാക്കൾക്കു കഴിയുമെന്നും ഋഷിരാജ് സിംഗ് പറഞ്ഞു. സ്കൂൾ മാനേജർ ഫാ. ഫെലിക്സ് ചുള്ളിക്കൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ബേബി തദ്ദേവൂസ്, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ നാരായണൻകുട്ടി എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.