കുട്ടികളെ തട്ടിക്കൊണ്ടുപോകൽ: നടപടി ആവശ്യപ്പെട്ടു ഹർജി
Monday, December 5, 2016 4:02 PM IST
കൊച്ചി: സംസ്‌ഥാനത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങളെ അമർച്ച ചെയ്ത്, കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കോതമംഗലം സ്വദേശി ടി.എം. സുധീറാണ് ഹർജി നൽകിയത്. 45 വയസുള്ള ഒരാൾ അഞ്ചോ ആറോ വയസുള്ള കുട്ടിയെ ഇരുമ്പു വടികൊണ്ട് അടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ തനിക്ക് അടുത്തിടെ വാട്ട്സ് അപ്പിൽ ലഭിച്ചെന്നും ഈ കുട്ടിയെ കണ്ടെത്തി രക്ഷിക്കാൻ നടപടി വേണമെന്നും ഹർജിയിൽ പറയുന്നു.

പ്രതിവർഷം ഇന്ത്യയിൽ 50,000 കുട്ടികളെ കാണാതാവുന്നുണ്ടെന്നാണ് കണക്കുകൾ. കുട്ടികളെ തട്ടിക്കൊണ്ടുപോയി ഭിക്ഷാടനത്തിനായി ഉപയോഗിക്കുന്ന മാഫിയാ സംഘങ്ങൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്.

കഴിഞ്ഞ നവംബർ 28ന് തനിക്ക് വാട്ട്സ് അപ്പിൽ ലഭിച്ച 50 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ കുട്ടിയെ ക്രൂരമായി മർദിക്കുന്നുണ്ട്. ഈ കുട്ടിയെ മാതാപിതാക്കളുടെ പക്കൽനിന്ന് മാഫിയാ സംഘങ്ങൾ തട്ടിയെടുത്തതാകാം. നവംബർ 28ന് ലഭിച്ച ദൃശ്യങ്ങൾ പോലീസ് അധികൃതർക്ക് നടപടിയെടുക്കാൻ അയച്ചു കൊടുത്തെന്നും ഹർജിയിൽ പറയുന്നു. വാട്ട്സ് അപ്പിലും യൂടൂബിലുമൊക്കെ പ്രചരിക്കുന്ന കുട്ടികളെ മർദിക്കുന്ന വീഡിയോ ദൃശ്യങ്ങളെ അടിസ്‌ഥാനമാക്കി അന്വേഷണം നടത്താൻ സ്‌ഥിരം അന്വേഷണ സംഘത്തിന് രൂപം നൽകണമെന്നും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്ന വാർത്തകൾ വ്യാപകമായ സാഹചര്യത്തിൽ സംസ്‌ഥാനത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. സംസ്‌ഥാന സർക്കാർ, ആഭ്യന്തര വകുപ്പ് സെക്രട്ടറി, ഡിജിപി, കുട്ടികൾക്കെതിരായ അതിക്രമം തടയുന്നതിനുള്ള പദ്ധതിയുടെ നോഡൽ ഓഫീസർ തുടങ്ങിയവരെയും ഹർജിയിൽ എതിർ കക്ഷികളാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.