ഈ വർഷം മുതൽ സ്‌ഥലംമാറ്റം വർഷത്തിലൊരിക്കൽ മാത്രം
Sunday, December 4, 2016 6:12 PM IST
തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ ജീവനക്കാരുടെ പൊതു സ്‌ഥലംമാറ്റം വർഷത്തിൽ ഒരിക്കൽ മാത്രം മതിയെന്നു കരടുനിർദേശം. മധ്യവേനൽ അവധിക്കാലമായ ഏപ്രിൽ, മേയ് മാസങ്ങളിൽ മാത്രമാകും ജീവനക്കാരുടെ സ്‌ഥലംമാറ്റം നടത്തുക. എന്നാൽ, സ്കൂളുകളിൽ ജൂലൈ– ഓഗസ്റ്റ് മാസങ്ങളിലാകും സ്‌ഥലംമാറ്റം. പൊതു സ്‌ഥലം മാറ്റത്തിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനുള്ള കരടു നിർദേശങ്ങൾ സർക്കാർ ജീവനക്കാരുടെ സംഘടനകളുമായി നാളെ ചീഫ് സെക്രട്ടറി ചർച്ച ചെയ്യും. നാളെ ഉച്ച കഴിഞ്ഞ് 2.30നു സെക്രട്ടേറിയറ്റ് ദർബാർ ഹാളിലാണു ചർച്ച.

അച്ചടക്ക നടപടി, വിജിലൻസ് അന്വേഷണം, മറ്റു പ്രധാന കാരണങ്ങൾ എന്നിവയുടെ അടിസ്‌ഥാനത്തിൽ മാത്രമേ പൊതു സ്‌ഥലംമാറ്റത്തിനു വിരുദ്ധമായ സ്‌ഥലംമാറ്റം നടത്താൻ കഴിയൂ. ജില്ലയ്ക്ക് അകത്തുള്ള സ്‌ഥലംമാറ്റങ്ങൾ വകുപ്പു മേധാവികൾ നടപ്പിൽ വരുത്തണം. ഭരണ സൗകര്യാർഥം താലൂക്ക് തല ഓഫീസർമാർക്കും ഇതിനുള്ള അധികാരം നൽകും. വകുപ്പു മേധാവികൾ ജീവനക്കാരുടെ ഇലക്ട്രോണിക് ഡേറ്റാ ബേസ് തയാറാക്കി സൂക്ഷിക്കണം. സ്‌ഥലംമാറ്റ നടപടികൾ ഓൺലൈനായി മാത്രം നടപ്പാക്കേണ്ടതാണ്. ഇതിനാവശ്യമായ സോഫ്റ്റ്വെയർ നാഷണൽ ഇൻഫർമാറ്റിക് സെന്റർ തയാറാക്കും. പരിശീലനവും എൻഐസി തന്നെ നൽകും.

കഴിഞ്ഞ വർഷങ്ങളിൽ കൃഷി വകുപ്പിലടക്കം ജീവനക്കാരെ വർഷത്തിൽ രണ്ടും മൂന്നും തവണ സ്‌ഥലം മാറ്റിയതു വ്യാപക പരാതിക്ക് ഇടയാക്കിയ സാഹചര്യത്തിലാണു സ്‌ഥലംമാറ്റത്തിനു പൊതു മാനദണ്ഡമുണ്ടാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയത്.

ഒരു സ്‌ഥലത്ത് മൂന്നു വർഷത്തിൽ കൂടുതൽ കാലം തുടരാൻ ഒരു ജീവനക്കാരനെയും അനുവദിക്കില്ല. മൂന്നു വർഷത്തിനു ശേഷം ഇവരെ മാറ്റി നിയമിക്കും. ഒഴിവില്ലാത്ത കാരണത്താൽ സ്വന്തം ജില്ലയിൽ നിന്നു സ്‌ഥലംമാറ്റപ്പെട്ട ജീവനക്കാരനു തിരികെയെത്താൻ മൂന്നു വർഷ സർവീസ് ബാധകമാകില്ല. ഈ ജില്ലയിലുണ്ടാകുന്ന ആദ്യ ഒഴിവിൽ ഈ ജീവനക്കാരനെ നിയമിക്കണം. ഓഫീസിന്റെ സുഗമമായ പ്രവർത്തനത്തിന് ഒരു ജീവനക്കാരനെ സ്‌ഥലംമാറ്റേണ്ടത് ആവശ്യമാണെന്നു ബോധ്യപ്പെട്ടാൽ ഉടൻ സ്‌ഥലംമാറ്റാൻ സർക്കാരിന് അധികാരമുണ്ടാകും.


ഗുരുതരമായ അസുഖമോ അപകടമോ മൂലം ജീവനക്കാരനു സ്‌ഥായിയായ അവശത സംഭവിച്ചാലോ ഇദ്ദേഹത്തെ ആശ്രയിച്ചു കഴിയുന്ന ഭാര്യയ്ക്കോ ഭർത്താവിനോ മക്കൾക്കോ ഗുരുതര രോഗം പിടിപെട്ടു പരിചരണം ആവശ്യമായി വരുന്ന ഘട്ടത്തിലോ അനുകമ്പാർഹമായ പരിഗണനയ്ക്കായി കണക്കാക്കപ്പെടും. സ്‌ഥലംമാറ്റം നടപ്പാക്കുന്നത് ഓപ്ഷന്റെ അടിസ്‌ഥാനത്തിലായിരിക്കും. ജീവനക്കാരനു മൂന്നു ഒപ്ഷനുകൾ വരെ നൽകാം. മൂന്നാം ഓപ്ഷനിലെ സ്‌ഥലത്താണ് ആദ്യ മാറ്റം ലഭിക്കുന്നതെങ്കിൽ ഒന്നും രണ്ടും സ്‌ഥലങ്ങൾ അടുത്ത ഘട്ടത്തിൽ പരിഗണിക്കും. ഓപ്ഷൻ അടിസ്‌ഥാനത്തിലുള്ള സ്‌ഥലംമാറ്റത്തിനു സീനിയോരിറ്റിയായിരിക്കും മുൻഗണന.

വനിതാ ജീവനക്കാരെ മലയോര ജില്ലകളിലെ വിദൂര മേഖലകളിൽ പരമാവധി നിയമിക്കാതിരിക്കും. പ്രസവാവധിയിൽ നിന്നു മടങ്ങിയെത്തുന്ന ജീവനക്കാരെ നേരത്തേയുള്ള അതേ സ്‌ഥലത്തു തന്നെ ഒരു വർഷത്തേയ്ക്കു നിയമിക്കണം. ഇവർ സ്‌ഥലംമാറ്റത്തിന് അപേക്ഷ നൽകിയാൽ മുൻഗണന നൽകും.

ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ സ്വന്തം ജില്ലയിലോ തെരഞ്ഞെടുക്കുന്ന ജില്ലയിലോ മാത്രം നിയമിക്കണം. ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്കു പൊതു സ്‌ഥലംമാറ്റം ഉണ്ടാകില്ല. ഇവരെ ജില്ലാ തലത്തിൽ മാത്രമാകും മാറ്റി നിയമിക്കുക. ജില്ല അടിസ്‌ഥാനത്തിൽ നിയമനത്തിനായി തെരഞ്ഞെടുത്ത ജീവനക്കാർ അതേ ജില്ലയിൽ തന്നെ തുടരണം. ഭാര്യയ്ക്കും ഭർത്താവിനും ഒരേ സ്‌ഥലത്തു ജോലി നോക്കാൻ അനുവദിക്കും. വിരമിക്കാൻ രണ്ടു വർഷം മാത്രമുള്ള ജീവനക്കാർക്കു സൗകര്യ പ്രദമായ സ്‌ഥലങ്ങളിൽ നിയമനം നൽകും. അന്തർവകുപ്പുതല സ്‌ഥലംമാറ്റങ്ങൾ ഡിആർബി റിക്രൂട്ട്മെന്റ് ചട്ടങ്ങൾ പ്രകാരമാകും തീർപ്പാക്കുക.

പട്ടിക ജാതി– വർഗ വിഭാഗങ്ങൾ, അന്ധർ, വികലാംഗർ, ബധിര– മൂക ജീവനക്കാർ, ബുദ്ധിമാന്ദ്യവും ഓട്ടിസവും ബാധിച്ച കുട്ടികളുടെ മാതാപിതാക്കൾ തുടങ്ങിയവർക്കു സ്‌ഥലമാറ്റത്തിൽ പ്രത്യേക പരിഗണനയുണ്ടാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.