ഹരിത കേരളം: പോലീസും പങ്കുചേരും
Sunday, December 4, 2016 1:25 PM IST
തിരുവനന്തപുരം: എട്ടിനു കേരള സർക്കാർ ആരംഭിക്കുന്ന ഹരിത കേരളം മിഷൻ പ്രവർത്തനങ്ങളിൽ കേരള പോലീസും പങ്കു ചേരും. പദ്ധതിയുടെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ പോലീസ് സ്റ്റേഷനുകളിലും മറ്റു പോലീസ് ഓഫീസുകളിലും സംഘടിപ്പിക്കണമെന്നു സംസ്‌ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശം നൽകി. ഈ ദിവസം സംസ്‌ഥാനമൊട്ടാകെ ശുചിത്വം ഉറപ്പാക്കുന്നതിനായി നടത്തുന്ന വിവിധ പരിപാടികളിലും കേരള പോലീസിന്റെ പൂർണ സഹകരണം നൽകുമെന്നും അദ്ദേഹം നിർദേശിച്ചു.

പോലീസ് സ്റ്റേഷനുകളും പോലീസ് ഓഫീസുകളും ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണമെന്നും പ്രാദേശികമായ ഖര– ജല– വായു മലിനീകരണം ഒഴിവാക്കുന്നതിനുള്ള പോലീസ് നടപടികളുടെ ഭാഗമായി മാപ്പിംഗ്, ബോധവത്കരണം, യുക്‌തമായ വകുപ്പുകൾ പ്രകാരം കേസെടുക്കൽ എന്നിവ ഘട്ടംഘട്ടമായി നടപ്പാക്കണമെന്നും നേരത്തേതന്നെ നിർദേശം നൽകിയിട്ടുണ്ട്. ഈ നടപടികളുടെ പുരോഗതി വിലയിരുത്തി കൂടുതൽ ഫലപ്രദമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സ്റ്റേഷൻ – സർക്കിൾ – ഡിവൈഎസ്പി – ജില്ലാതലങ്ങളിൽ എട്ടിന് എടുക്കും.


പോലീസ് സ്റ്റേഷനുകളും പരിസരവും ശുചിയാക്കുക, കേസിൽ പിടിച്ചെടുത്തു കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങളും മറ്റും ഒരു ഭാഗത്ത് ഒതുക്കി സൂക്ഷിക്കുക, റിക്കാർഡുകളും മറ്റും കൂടുതൽ ചിട്ടയായി സൂക്ഷിക്കുക തുടങ്ങിയ പ്രവർത്തനങ്ങളും എട്ടിനു സ്റ്റേഷനുകളിലും മറ്റു പോലീസ് ഓഫീസുകളിലും നടക്കും. ഇതോടൊപ്പം പ്രാദേശികമായി നടക്കുന്ന ഹരിതകേരളം കാമ്പയിന് ആവശ്യമായ സഹായം നൽകുക, റസിഡന്റ്സ് അസോസിയേഷനുകളും ജനമൈത്രി സമിതികളുമായി ചേർന്ന് വിവിധ ബോധവത്കരണ പരിപാടികൾ നടത്തുക തുടങ്ങിയ ഉചിതമായ മറ്റു പരിപാടികളും നടപ്പാക്കും.

സവിശേഷമായ പ്രവർത്തനം ആവിഷ്കരിക്കുന്ന സ്റ്റേഷനും ഓഫീസിനും ജില്ലാതലത്തിൽ പാരിതോഷികം നൽകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.