മയക്കുമരുന്നുമായി നഴ്സിംഗ് വിദ്യാർഥിനിയടക്കം നാലംഗ സംഘം അറസ്റ്റിൽ
മയക്കുമരുന്നുമായി നഴ്സിംഗ് വിദ്യാർഥിനിയടക്കം നാലംഗ സംഘം അറസ്റ്റിൽ
Sunday, December 4, 2016 1:25 PM IST
മട്ടന്നൂർ: കാറിൽ വില്പനയ്ക്കായി കൊണ്ടുപോകുകയായിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നുമായി നഴ്സിംഗ് വിദ്യാർഥിനിയടക്കം നാലുപേർ മട്ടന്നൂർ പോലീസിന്റെ പിടിയിലായി. ബംഗളൂരുവിൽ കച്ചവടം നടത്തുന്ന ന്യൂമാഹിയിലെ കുഞ്ഞി വീട്ടിൽ ടി.എം.മുനീർ(27), ചക്കരക്കൽ മൗവഞ്ചേരി സ്വദേശികളായ ഡിആർ ഹൗസിൽ എ. മിദ്ലാജ്(28), വി.കെ. ഹൗസിൽ പി.എം. സാബിഖ് (26), ബംഗളൂരുവിൽ ബിഎസ്സി നഴ്സിംഗ് വിദ്യാർഥിനിയായ തൃശൂരിലെ ശ്രീതു എന്ന തത്ത (23) എന്നിവരാണ് അറസ്റ്റിലായത്.

രഹസ്യ വിവരത്തെത്തുടർന്ന് ഇന്നലെ പുലർച്ചെ മട്ടന്നൂർ എസ്ഐ എം.പി. വിനീഷ്കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണു സംഘം പിടിയിലായത്. സംഘത്തിൽനിന്ന് 120 ഗ്രാം ചരസും അഞ്ചു ഗ്രാം കൊക്കെയ്നും കണ്ടെടുത്തു. ബംഗളൂരുവിൽനിന്നു ചക്കരക്കല്ലിലേക്കു പോകുകയായിരുന്ന സ്വിഫ്റ്റ് കാർ കൂട്ടുപുഴയിലും ഇരിട്ടിയിലും പരിശോധനയ്ക്കായി പോലീസ് കൈ കാണിച്ചെങ്കിലും നിർത്താതെ പോകുകയായിരുന്നു. തുടർന്നു മട്ടന്നൂർ ബസ്സ്റ്റാൻഡിനു സമീപം വച്ചു മട്ടന്നൂർ എസ്ഐയുടെ നേതൃത്വത്തിൽ കാർ തടഞ്ഞു സംഘത്തെ പിടികൂടുകയായിരുന്നു. ഹിമാചൽപ്രദേശിലെ മണാലിയിൽനിന്ന് എത്തിച്ച മയക്കുമരുന്നു വില്പനയ്ക്കായി കൊണ്ടുപോകുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഹിമാചൽപ്രദേശിൽനിന്നു വിമാനമാർഗമാണു ബംഗളൂരുവിലേക്കു മയക്കുമരുന്ന് കൊണ്ടുവരുന്നതെന്നു പിടിയിലായവർ പോലീസിനു മൊഴി നൽകിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.