അവയവദാനം ഏറ്റവും മഹത്തായ പ്രവൃത്തി: മോഹൻലാൽ
അവയവദാനം ഏറ്റവും മഹത്തായ പ്രവൃത്തി: മോഹൻലാൽ
Sunday, December 4, 2016 1:15 PM IST
കൊച്ചി: അവയവദാനം ഏറ്റവും മഹത്തായ പ്രവൃത്തിയാണെന്ന് നടൻ മോഹൻലാൽ. ഒപ്പം സിനിമയുടെ നൂറാം ദിനാഘോഷത്തോടനുബന്ധിച്ച് ഓൾ കേരള മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ അസോസിയേഷൻ കലൂർ ഐഎംഎ ഹാളിൽ സംഘടിപ്പിച്ച 1,000 പേരുടെ അവയവദാന സമ്മതപത്രം ഒപ്പിടുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ജീവൻ പോലെ തന്നെ വിലപ്പെട്ടതാണ് അന്യരുടെ ജീവനും. നല്ല കാര്യങ്ങൾ അറിയാനും അംഗീകരിക്കാനും ഫേസ്ബുക്ക് പോലുള്ള നവമാധ്യമങ്ങൾ ഉപകാരപ്രദമാണെന്നും അദ്ദേഹം പറഞ്ഞു.

മോഹൻലാൽ ഫാൻസ് അസോസിയേഷനിലെ 1,000 പേർ അവയവദാന സമ്മതപത്രം ഒപ്പിട്ടു നൽകി. രാവിലെ 11.30ഓടെ ആരംഭിച്ച പരിപാടി മോഹൻലാലിന്റെ പാട്ടോടെയാണു സമാപിച്ചത്. മധുരിക്കും ഓർമകളേയെന്ന് നീട്ടിപ്പാടിയ സൂപ്പർസ്റ്റാറിനൊപ്പം ആരാധകരുടെ ആരവം കൂടി ആയതോടെ ആവേശം അണപൊട്ടി. പരിപാടിയിൽ ‘ഒപ്പം’ സിനിമയുടെ സംവിധായകൻ പ്രിയദർശൻ, മേജർ രവി, നിർമാതാവ് ആന്റണി പെരുമ്പാവൂർ, ഫാൻസ് അസോസിയേഷൻ പ്രസിഡന്റ് എൻ.രാജൻ, സെക്രട്ടറി എസ്.എൽ. വിമൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.