ഉടുമ്പിനെ കൊന്നു കടത്തിയ നാലുപേർ പിടിയിൽ
Sunday, December 4, 2016 1:15 PM IST
അടിമാലി: ദേശീയപാതയ്ക്കരികിൽ ഉടുമ്പിനെ കൊന്നു കടത്തിയ രണ്ടു പോലീസുകാരടക്കം നാലുപേരെ വനപാലകർ അറസ്റ്റ് ചെയ്തു. കൊച്ചി–മധുര ദേശീയപാതയിൽ പത്താം മൈലിനു സമീപത്തു വച്ചാണു നാലംഗ സംഘം ശനിയാഴ്ച വൈകുന്നേരം ഉടുമ്പിനെ കൊന്നത്.

പ്രതികളെല്ലാം കൊല്ലം ജില്ലക്കാരാണ്. മൂന്നാർ സ്റ്റേഷനിലെ പോലീസുകാരനായ കൊല്ലം കുരുനാഗപ്പള്ളി സീനായി കുന്ന് ജോസ് പ്രകാശ്, മാവേലിക്കര സ്റ്റേഷനിലെ പോലീസുകാരനായ ചവറകുന്ന് ദൈവവിലാസത്തിൽ സലിം കുമാർ, തറയിൽ സുരേന്ദ്രൻ, കന്നിമേൽ തറയിൽ ഉണ്ണികുട്ടൻ എന്നിവരെയാണ് ഇന്നലെ ഉച്ചയോടെ തലക്കോട് ചെക്ക് പോസ്റ്റിൽനിന്നു വനപാലകർ പിടികൂടിയത്.

സംഭവം സംബന്ധിച്ചു വനപാലകർ പറയുന്നതിങ്ങനെ: കൊല്ലം സ്വദേശിയായ ജോസ് പ്രകാശിനു മൂന്നാർ സ്റ്റേഷനിലാണു ജോലി. ഇയാളുടെ സുഹൃത്തുക്കളായ മറ്റു മൂന്നുപേരും വെള്ളിയാഴ്ച മൂന്നാർ സന്ദർശിക്കാൻ എത്തി. ശനിയാഴ്ച ഉച്ചയോടെ തിരികെ പോകും വഴി പത്താംമൈലിനു സമീപത്തു ദേശീയപാതയ്ക്കരികിൽ ഉടുമ്പിനെ കണ്ടു. ഇവർ ഇതിനെ കല്ലിനിടിച്ചു കൊന്നു.


തുടർന്നു വാഹനത്തിൽ കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ ഇടപെട്ടു. തുടർന്നു വാക്കേറ്റമായി. ഒടുവിൽ ഉടുമ്പിനെ നേര്യമംഗലം വനപാലകർക്കു കൈ മാറാം എന്ന വ്യവസ്‌ഥയിൽ ഇവരെ അയച്ചു. സംഭവം നാട്ടുകാർ വനപാലകരെ അറിയിക്കുകയും ചെയ്തു.എന്നാൽ, വരേണ്ട സമയം കഴിഞ്ഞിട്ടും സംഘം ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിയില്ല.സംശയം തോന്നിയ വനപാലകർ തലക്കോട് ചെക്ക് പോസ്റ്റിൽ വാഹനം പിടിക്കാൻ നിർദേശം നൽകി. ശനിയാഴ്ച വൈകുന്നേരത്തോടെ വാഹനവും നാലുപേരും വനപാലകരുടെ കസ്റ്റഡിയിൽ ആവുകയായിരുന്നു.

ഇന്നലെ ഉച്ചയോടെ ഇവരെ സംഭവസ്‌ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി.ഇവർക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസ് എടുത്തു. തുടർന്നു പ്രതികളെ ഇടുക്കി കോടതിയിൽ ഹാജരാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.