കൊച്ചി ബിനാലെ വേദികൾ അവസാന ഒരുക്കത്തിൽ
കൊച്ചി ബിനാലെ വേദികൾ അവസാന ഒരുക്കത്തിൽ
Saturday, December 3, 2016 2:25 PM IST
കൊച്ചി: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ലളിതകലാമേളയായ കൊച്ചി ബിനാലെ മൂന്നാം ലക്കത്തിനു തിരിതെളിയാൻ ഇനി എട്ടു ദിനങ്ങൾ. ബിനാലെക്കുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്നു ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് റിയാസ് കോമുവും ക്യുറേറ്റർ സുദർശൻ ഷെട്ടിയും പറഞ്ഞു. ഡിസംബർ 12 മുതൽ 2017 മാർച്ച് 29 വരെ 108 ദിവസങ്ങളിലായാണു ബിനാലെയുടെ മൂന്നാം എഡീഷൻ. ഫോർട്ട്കൊച്ചി പരേഡ് ഗ്രൗണ്ടിൽ ഡിസംബർ 12നു വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയൻ ബിനാലെ ഉദ്ഘാടനം ചെയ്യും. വിദ്യാർഥി ബിനാലെ 13നു വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനംചെയ്യും. ഫോർട്ടുകൊച്ചിയിലും മട്ടാഞ്ചേരിയിലും പരിസരപ്രദേശങ്ങളിലുമായി ആകെ 12 വേദികളാണുള്ളത്. വേദികളെല്ലാം രൂപപ്പെട്ടുകഴിഞ്ഞു.

സൃഷ്‌ടികളെല്ലാം പ്രദർശനത്തിനായി അവതരിപ്പിക്കാനുള്ള അവസാന ജോലികളിൽ മുഴുകിയിരിക്കുകയാണു കലാകാരന്മാർ. ഉൾക്കാഴ്ചകൾ ഉരുവാകുന്നിടം (ഫോമിംഗ് ഇൻ ദ പ്യൂപ്പിൾ ഓഫ് ആൻ ഐ) എന്നതാണ് ഇത്തവണത്തെ ബിനാലെയുടെ പ്രമേയം. വൈവിധ്യങ്ങൾ നിറഞ്ഞ, സർഗാത്മകതയുടെ കൈയൊപ്പുമായി 97 കലാകാരന്മാരാണ് ഇക്കുറി ബിനാലെക്കെത്തുന്നത്.

എഴുത്തുകാർ, നർത്തകർ, സംഗീതജ്‌ഞർ, കവികൾ, നാടകപ്രവർത്തകർ, ദൃശ്യകലാകാരന്മാർ തുടങ്ങി 36 രാജ്യങ്ങളിൽനിന്നായി എത്തുന്ന ഇവർ 100ലേറെ കലാസൃഷ്‌ടികൾ അവതരിപ്പിക്കും. ഇന്ത്യയിൽനിന്നു 36 കലാകാരന്മാർ ബിനാലെയിൽ പങ്കെടുക്കും. കാർട്ടൂണിസ്റ്റ് ഇ.പി. ഉണ്ണി, എഴുത്തുകാരൻ ആനന്ദ്, ഗ്രാഫിക് കലാകാരൻ ഒർജിത് സെൻ തുടങ്ങിയവർ ഇതിൽപെടുന്നു.

അനാമിക ഹസ്കർ, കലാക്ഷേത്ര മണിപ്പൂർ എന്നിവരുടെ സ്റ്റേജ് ഷോ, സംഗം കൃതികളുടെ പാരായണം, നൃത്താവതരണം തുടങ്ങി നിരവധി കലാസൃഷ്‌ടികൾ ബിനാലെയിൽ പ്രത്യക്ഷപ്പെടും. പ്രദർശനങ്ങൾക്കു പുറമേ ചർച്ച, ശിൽപശാല, കുട്ടികളുടെ കലാസൃഷ്‌ടി, പരിശീലനക്കളരികൾ, ചലച്ചിത്ര പ്രദർശനം, സംഗീതപരിപാടി ഉൾപ്പെടെ നിരവധി അനു ബന്ധ പരിപാടികളും നടക്കും.


രാജ്യത്തെ 55 സ്കൂളുകളിൽനിന്നു 350 ഇളംതലമുറക്കാർ രണ്ടാം വിദ്യാർഥി ബിനാലെയിൽ പങ്കെടുക്കും. ബിനാലെ ഫൗണ്ടേഷൻ നവീകരണ പ്രവർത്തനം നടത്തിയ വിവിധ കെട്ടിടങ്ങളാകും ബിനാലെയുടെ മുഖ്യവേദികൾ. ഫോർട്ടുകൊച്ചിയിലെ ആസ്പിൻവാൾ ഹൗസാണു പ്രധാന വേദി. കബ്രാൽ ഹാൾ, പെപ്പർ ഹൗസ്, ഡേവിഡ് ഹാൾ, ഡർബാർഹാൾ, കാഷി ആർട്ട് കഫെ, കാഷി ആർട്ട് ഗാലറി, എംഎപി വെയർഹൗസ്, ആനന്ദ് വെയർഹൗസ്, ടികെഎം വെയർഹൗസ് തുടങ്ങിയവയാണു മറ്റു വേദികൾ. ബിനാലെക്കെത്തുന്നവർക്കു കലാസൃഷ്‌ടികളെ വ്യാഖ്യാനിച്ചു നൽകുന്നതിനായി പ്രത്യേകം പരിശീലനം ലഭിച്ചവരുണ്ടാകും. ആർട്ടോറിക്ഷ എന്ന പേരിൽ നൂറോളം ഓട്ടോറിക്ഷകൾ ഉപയോഗിച്ചുള്ള ബിനാലെയുടെ പ്രചാരണ പരിപാടികൾക്ക് ഉടൻ തുടക്കമാകും. ലെറ്റസ് ടോക് പോലുള്ള അനുബന്ധ പരിപാടികൾ ഇതിനകംതന്നെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

ഇന്നലെ നടന്ന കൂട്ടായ്മയിൽ കെ.വി. തോമസ് എംപി, ഹൈബി ഈഡൻ എംഎൽഎ, മുൻമന്ത്രി ഡൊമിനിക് പ്രസന്റേഷൻ, മേയർ സൗമിനി ജെയിൻ, മുൻ മേയർ ടോണി ചമ്മണി, എഴുത്തുകാരന്മാരായ സേതു, കെ.എൽ. മോഹനവർമ, കെ.എൻ. ഷാജി, ചിത്രകാരന്മാരായ രഘുനാഥ്, കലാധരൻ, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എംഡി ഏലിയാസ് ജോർജ്, മട്ടാഞ്ചേരി പോലീസ് അസിസ്റ്റന്റ് കമ്മീഷണർ എസ്. വിജയൻ, ബിനാലെ ട്രസ്റ്റികൾ തുടങ്ങിയവർ സംബ ന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.