ചികിത്സ കിട്ടാതെ ആദിവാസി യുവതിയും നവജാത ശിശുവും മരിച്ചു
ചികിത്സ കിട്ടാതെ ആദിവാസി യുവതിയും നവജാത ശിശുവും മരിച്ചു
Saturday, December 3, 2016 2:25 PM IST
ഇരിട്ടി: പ്രസവത്തെത്തുടർന്നു ചികിത്സ ലഭിക്കാതെ ആറളം ഫാമിലെ ആദിവാസി യുവതിയും നവജാത ശിശുവും വനത്തിനുള്ളിലെ കുടിലിൽ മരിച്ചു. ആറളം ഫാം 13–ാം ബ്ലോക്കിലെ ലീല– ചന്ദ്രൻ ദമ്പതികളുടെ മകൾ മോഹിനി(20) യാണ് കർണാടകത്തിന്റെ അധീനതയിലുള്ള മാക്കൂട്ടം വനത്തിനുള്ളിലെ കുടിലിൽ മരിച്ചത്. വനവിഭവങ്ങൾ ശേഖരിച്ചു കുടുംബം പുലർത്തുന്ന ഇവർ ആറുമാസം മുമ്പാണ് മാക്കൂട്ടം വനത്തിൽ താമസമാക്കിയത്. ഒരുമാസം മുമ്പാണ് മോഹിനി ആറളം ഫാമിലെ വീട്ടിൽനിന്നു രാജേഷിന്റെ കുടിലിൽ എത്തിയത്.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടോടെ കുടിലിനുള്ളിൽ പെൺകുഞ്ഞിനെ പ്രസവിച്ച മോഹിനി അരമണിക്കൂറിനുള്ളിൽ മരിക്കുകയായിരുന്നു. ജനന സമയത്തുതന്നെ കുഞ്ഞും മരിച്ചിരുന്നു. പ്രസവവേദനകൊണ്ടു പുളഞ്ഞ മോഹിനി ആശുപത്രിയിലെത്തിക്കണമെന്നു പറഞ്ഞ് അലറിക്കരഞ്ഞെങ്കിലും സമീപത്തുണ്ടായിരുന്ന ഭർത്താവിനും ഭർതൃമാതാവിനും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ജനവാസ മേഖലയിൽനിന്നും രണ്ടു കിലോമീറ്റർ അകലെയായിരുന്നു ഇവർ കുടിൽ കെട്ടി താമസിച്ചിരുന്നത്.

മരണവിവരം വെള്ളിയാഴ്ച വൈകുന്നേരത്തോടെ പുറംലോകം അറിഞ്ഞെങ്കിലും 20 മണിക്കൂറോളം മൃതദേഹങ്ങൾ അനാഥമായി കിടന്നു. കർണാടക പോലീസിനെയും ആറളം പോലീസിനെയും വനംവകുപ്പ് അധികൃതരെയും നാട്ടുകാരിൽ ചിലർ വിവരം അറിയിച്ചെങ്കിലുംആരും തിരിഞ്ഞുനോക്കിയില്ലെന്നു പരാതിയുണ്ട്. സംഭവമറിഞ്ഞ് ഇന്നലെ ഉച്ചയോടെ സ്‌ഥലത്തെത്തിയ ഇരിട്ടിയിലെ മാധ്യമപ്രവർത്തകരും ചില നാട്ടുകാരും ചേർന്നു യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹം വനത്തിനുള്ളിൽനിന്നു ജനവാസമേഖലയിൽ എത്തിച്ചു.

മൃതദേഹങ്ങൾ ആറളം ഫാമിലെ വീട്ടിലേക്കു കൊണ്ടുപോകണമെന്നായിരുന്നു മോഹിനിയുടെ കുടുംബത്തിന്റെ ആഗ്രഹം. എന്നാൽ, പോലീസ് എത്താതെ മൃതദേഹം മാറ്റുന്നതു സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായി. ആംബുലൻസ് ഡ്രൈവറും ആശങ്കയിലായതോടെ ഒരു മണിക്കൂർനേരം മൃതദേഹങ്ങൾ പെരുവഴിയിൽ കിടത്തി. മാധ്യമ പ്രവർത്തകർ ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലുമായി ബന്ധപ്പെട്ടു വിവരം അറിയിച്ചതിനെത്തുടർന്നു മൃതദേഹങ്ങൾ ആറളം ഫാമിലെ വീട്ടിലേക്കു മാറ്റാൻ അനുമതി ലഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.