ഡിവൈൻ ധ്യാനകേന്ദ്രം ക്രിസ്തുസന്ദേശം സാക്ഷാത്കരിക്കുന്ന ഇടം: പിണറായി
ഡിവൈൻ ധ്യാനകേന്ദ്രം ക്രിസ്തുസന്ദേശം സാക്ഷാത്കരിക്കുന്ന ഇടം: പിണറായി
Saturday, December 3, 2016 2:25 PM IST
ചാലക്കുടി: ക്രിസ്തുവിന്റെ നന്മയുടെ മഹത്തായ സന്ദേശം സാക്ഷാത്കരിക്കുന്ന ഇടമാണു ഡിവൈൻ ധ്യാനകേന്ദ്രമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ക്രിസ്തുവിന്റെ കാഴ്ചപ്പാടുകൾ മനുഷ്യനന്മയ്ക്കു വേണ്ടിയാണ്. വേദനിക്കുന്നവർക്കും പീഡിതർക്കും ഭാരം ചുമക്കുന്നവർക്കും അടിച്ചമർത്തപ്പെട്ടവർക്കും ആശ്രയം നല്കുന്നതാണ് ക്രിസ്തുമതത്തിന്റെ യഥാർഥ സന്ദേശം. അതുകൊണ്ടുതന്നെയാണു ക്രിസ്തുമതം കാലത്തെ അതിജീവിച്ചു നിലകൊള്ളുന്നതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മനുഷ്യത്വം ചോർന്നുപോയിരിക്കുന്നു. ഇതു മനുഷ്യനിൽ പുനഃസ്‌ഥാപിക്കുകയാണു ഡിവൈനിൽ നടക്കുന്നത്. ഡിവൈനിന്റെ ആരംഭംമുതൽ ഭക്ഷണത്തിന്റെ ഒരുഭാഗം സർക്കാർ ആശുപത്രിയിലും കുഷ്ഠരോഗ കോളനിയിലും വിതരണം ചെയ്തിരുന്നതിനെ മുഖ്യമന്ത്രി പ്രശംസിച്ചു.

എയ്ഡ്സ് രോഗികളെ സമൂഹം അകറ്റിനിർത്തിയപ്പോൾ ഡിവൈനിൽ അഭയം നൽകി. കുടുംബതകർച്ചയിൽ അനാഥരായ സ്ത്രീകൾക്കും കുട്ടികൾക്കും അഭയം നൽകിയതു ഡിവൈന്റെ മഹത്തായ സാമൂഹ്യ നന്മയാണ്. മദ്യവും മയക്കുമരുന്നും പുതിയ തലമുറയെ വഴിതെറ്റിക്കുകയാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അവരെ ഇതിൽനിന്നും മോചിപ്പിക്കാൻ ഡിവൈൻ നടത്തുന്ന ശ്രമങ്ങളെ മുഖ്യമന്ത്രി പ്രശംസിച്ചു.


ചടങ്ങിൽ ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് മുഖ്യാതിഥിയായിരുന്നു. കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല, എറണാകുളം അങ്കമാലി അതിരൂപത സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, തിരുവനന്തപുരം മലങ്കര മേജർ അതിരൂപത സഹായമെത്രാൻ സാമുവൽ മാർ ഐറേനിയൂസ്, വിൻസൻഷ്യൻ സഭ സുപ്പീരിയർ ജനറൽ ഫാ. വർഗീസ് പാറപ്പുറം എന്നിവർ പ്രഭാഷണം നടത്തി.

ദേവപ്രസാദ് രചിച്ച ‘ആറ്റുതീരത്തെ പൂമരം’ എന്ന പുസ്തകത്തിന്റെ പ്രകാശന കർമം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ മന്ത്രി കെ.എം.മാണിക്കു നൽകിക്കൊണ്ടു നിർവഹിച്ചു. മുൻ മന്ത്രി പി.ജെ.ജോസഫ്, എംഎൽഎമാരായ ബി.ഡി.ദേവസി, മോൻസ് ജോസഫ്, മുൻ എംഎൽഎ തോമസ് ഉണ്ണിയാടൻ, മുൻ സ്പീക്കർ കെ.രാധാകൃഷ്ണൻ, മുൻ എംപി കെ.പി.ധനപാലൻ എന്നിവർ പ്രസംഗിച്ചു. മേരിമാതാ പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. പോൾ പുതുവ സ്വാഗതവും ഫാ. ജെയിംസ് കല്ലുങ്കൽ നന്ദിയും പറഞ്ഞു.

ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ സ്‌ഥാപകരായ ഫാ. ജോർജ് പനയ്ക്കൽ, ഫാ. മാത്യു നായ്ക്കംപറമ്പിൽ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ഡയറക്ടർ ഫാ. മാത്യു ഇലവുങ്കൽ, ഫാ. അഗസ്റ്റിൻ വല്ലൂരാൻ, ഫാ. മാത്യു തടത്തിൽ എന്നിവർ ചടങ്ങിനു നേതൃത്വം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.