രണ്ടാം ദിനവും ശമ്പള വിതരണം ഭാഗികം
രണ്ടാം ദിനവും ശമ്പള വിതരണം ഭാഗികം
Friday, December 2, 2016 4:30 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്തെ ട്രഷറികൾ വഴിയുള്ള ശമ്പള, പെൻഷൻ വിതരണം രണ്ടാം ദിനവും ഭാഗികം. സംസ്‌ഥാനത്തെ രണ്ടു ട്രഷറികളിൽ ഇന്നലെ പണം എത്തിയില്ല. പെരിന്തൽമണ്ണയിലും കരുവാരക്കുണ്ടിലുമാണ് ഇന്നലെ പണമെത്താതിരുന്നത്.

അഞ്ചു ട്രഷറികളിൽ ഇന്നലെ വൈകുന്നേരത്തോടെയാണു പണമെത്തിയത്. 22 ട്രഷറികളിൽ പത്തു ലക്ഷത്തിൽ താഴെ രൂപ വീതമാണു വിതരണം ചെയ്തത്. 50 ലക്ഷം മുതൽ ഒരു കോടി രൂപ വരെ ചോദിച്ചിരുന്ന ട്രഷറികൾക്കാണ് ഇത്രയും കുറഞ്ഞ തുക ലഭിച്ചത്.

ട്രഷറി വഴിയുള്ള ഇടപാടുകൾക്കായി ഇന്നലെ 140.57 കോടി രൂപയാണു സംസ്‌ഥാനം ആവശ്യപ്പെട്ടത്. എന്നാൽ, ബാങ്കുകൾ 99.83 കോടി രൂപ മാത്രമാണു വിതരണം ചെയ്തത്. വ്യാഴാഴ്ച വിതരണം ചെയ്തതിലും പത്തു കോടി കുറവ്.

ഇന്നു ട്രഷറി വഴിയുള്ള വിതരണത്തിന് 200 കോടി രൂപ ആവശ്യമുണ്ട്. 15 കോടി രൂപയിൽ താഴെ മാത്രമാണു നീക്കിയിരിപ്പുള്ളത്. ചില ട്രഷറികളിൽ ശമ്പളവും പെൻഷനും വാങ്ങാൻ ഇന്നലെ രാവിലെ മുതൽ ജീവനക്കാരും പെൻഷൻകാരും കാത്തുനിന്നെങ്കിലും വൈകുന്നേരത്തോടെയാണു പണമെത്തിയത്. ചാത്തന്നൂർ, കടയ്ക്കൽ, ചടയമംഗലം, പീരുമേട്, കുറവിലങ്ങാട്, കൂറ്റനാട് ട്രഷറികളിലാണു വൈകി പണമെത്തിയത്. നഗരപ്രദേശങ്ങൾ വഴിയുള്ള ട്രഷറികളിൽ ആവശ്യത്തിനു പണം ലഭ്യമാക്കിയപ്പോൾ, ഗ്രാമീണ മേഖലയിലെ ട്രഷറികളിലാണു പണം വൈകിയത്.

ഇന്നലെ 37,702 പേർ ട്രഷറി വഴി പെൻഷൻ വാങ്ങി. ശമ്പളമിനത്തിൽ 5400 പേർ തുക കൈപ്പറ്റി. ഇരു വിഭാഗക്കാരുമായി 96,000 പേർ ഇതുവരെ തുക കൈപ്പറ്റി. 3.39 ലക്ഷം പേർ ഇനിയും ട്രഷറി വഴി ശമ്പളവും പെൻഷനും വാങ്ങാനുണ്ട്.

അതേസമയം, ഇന്നലെ ബാങ്കുകളിലും എടിഎമ്മുകളിലും വൻ തിരക്ക് അനുഭവപ്പെട്ടു. ഉദ്യോഗസ്‌ഥർ ബാങ്കിനും എടിഎമ്മുകൾക്കും മുന്നിൽ ശമ്പളത്തിനായി ക്യു നിന്നതിനെത്തുടർന്നു പല സർക്കാർ ഓഫീസുകളുടെയും പ്രവർത്തനം നിലച്ചു. പല ഓഫീസുകളിലും ജീവനക്കാരുടെ എണ്ണം കുറവായിരുന്നു. ഓഫീസുകളിൽ വിവിധ കാര്യങ്ങൾക്കായി എത്തിയ പൊതുജനം വലഞ്ഞു.

ബാങ്കുകൾ വഴി 24,000 രൂപ വീതം വിതരണം നടത്തിയപ്പോൾ, പല എടിഎമ്മുകളും ഇന്നലെ ഉച്ചയോടെ കാലിയായി.

എസ്ബിഐ ഇന്നലെ ട്രഷറിക്കു നൽകേണ്ട 38.06 കോടി രൂപയിൽ 26.18 കോടി രൂപ മാത്രമാണു നൽകിയത്. എസ്ബിടി നൽകേണ്ട 100 കോടി രൂപയിൽ 71.51 കോടി രൂപയും കനറ ബാങ്ക് 2.70 കോടിയിൽ 2.13 കോടിയും നൽകി. ഒരു ലക്ഷം രൂപ വീതം രണ്ടിടത്തും, രണ്ടു ലക്ഷം ഒരിടത്തും, നാലു ലക്ഷം വീതം ഒൻപതു ട്രഷറികളിലും, അഞ്ചു ലക്ഷം വീതം മൂന്നിടത്തും, ആറു ലക്ഷം ഒരിടത്തും വിതരണം ചെയ്തെന്നാണു കണക്കുകൾ വ്യക്‌തമാക്കുന്നത്. ഈ ട്രഷറികളെല്ലാം 50 ലക്ഷം മുതൽ 80 ലക്ഷം വരെ രൂപ ആവശ്യപ്പെട്ടിരുന്നതാണ്.


ഇന്നലെ സ്റ്റേറ്റ് ബാങ്കുകൾക്ക് 458 കോടി രൂപ കൂടി റിസർവ് ബാങ്ക് നൽകി. എസ്ബിഐക്ക് 248 കോടി രൂപയും എസ്ബിടിക്ക് 210 കോടി രൂപയുമാണ് ഇന്നലെ വിതരണം ചെയ്തത്. ഈ തുകയിൽ നിശ്ചിത വിഹിതം ഇന്നു മുതൽ ട്രഷറികൾക്കു നൽകുമെന്നു ബാങ്ക് അധികൃതർ അറിയിച്ചു.

എസ്ബിഐ വടക്കൻ ജില്ലകൾക്കായി 168 കോടി രൂപയും തെക്കൻ ജില്ലകളിലെ ശാഖകൾക്കായി 80 കോടി രൂപയുമാണ് ഇന്നലെ വിതരണം ചെയ്തത്. വടക്കൻ കേരളത്തിൽ നോട്ട് ക്ഷാമം രൂക്ഷമാണെന്ന പരാതിയുണ്ട്.

എസ്ബിടിക്ക് കഴിഞ്ഞ വ്യാഴാഴ്ച 300 കോടി രൂപയും കനറ ബാങ്കിന് 80 കോടി രൂപയും വിതരണം ചെയ്തിരുന്നു. ഈ തുകയിൽനിന്നാണ് ട്രഷറികൾക്കാവശ്യമായ പണം ഘട്ടംഘട്ടമായി കൈമാറുന്നത്.

പകുതിയോളം തുക ബാങ്ക്വഴി ഇടപാടുകാർക്കു നേരിട്ടും എടിഎമ്മുകൾ വഴിയും വിതരണം ചെയ്യും. റിസർവ് ബാങ്കിന്റെ തിരുവനന്തപുരം റീജണൽ ഓഫീസിൽ എത്തിയ 2,000 കോടി രൂപയിൽനിന്നാണു വിതരണം.

ട്രഷറികൾ ചോദിച്ച തുക, വിതരണം ചെയ്ത തുക എന്നിവ ജില്ല തിരിച്ച്

തിരുവനന്തപുരം: 19,91,00,000– 17,32,00,000
കൊല്ലം: 14,11,90,000– 9,89,00,000
പത്തനംതിട്ട: 6,40,00,000– 4,85,00,000
ആലപ്പുഴ: 12,35,00,000– 7,78,50,000
കോട്ടയം: 11,65,00,000– 6,06,00,000
ഇടുക്കി: 5,28,00,000– 3,57,00,000
എറണാകുളം: 12,35,90,000– 12,08,90,000
തൃശൂർ: 9,95,00,000– 7,01,00,000
പാലക്കാട്: 8,13,00,000– 5,41,00,000
മലപ്പുറം: 9,81,00,000– 2,92,00,000
കോഴിക്കോട്: 12,55,00,000– 7,75,00,000
വയനാട്: 3,80,00,000– 3,03,00,000
കണ്ണൂർ: 10,91,61,000– 8,86,61,000
കാസർഗോഡ്: 3,35,00,000– 3,28,00,000
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.