കൃത്രിമ കാലുംകൈയുമായി അനീഷ് വൈകല്യമുള്ളവർക്കു കരുത്തേകുന്നു
കൃത്രിമ കാലുംകൈയുമായി അനീഷ് വൈകല്യമുള്ളവർക്കു കരുത്തേകുന്നു
Friday, December 2, 2016 4:28 PM IST
കോട്ടയം: കൃത്രിമകാലും കൃത്രിമകൈയുമായി ശാരീരിക വൈകല്യമുള്ളവരുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിനായി സമർപ്പിതസേവനം ചെയ്യുകയാണ് കോട്ടയം ആർപ്പൂക്കര സ്വദേശി അനീഷ് മോഹൻ. 2009 ഒക്ടോബർ 17നാണ് അനീഷ് മോഹന്റെ ജീവിതത്തെ ഉലച്ച ദാരുണ അപകടമുണ്ടായത്. തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കുള്ള ട്രെയിൻ യാത്രകഴിഞ്ഞു വീട്ടിലേക്കുള്ള അവസാന ബസിൽ കയറാൻ തിരിക്കിട്ടു പോകുംവഴി പാളം മുറിച്ചു കടക്കുന്നതിനിടയിൽ കാൽ തട്ടി പാളത്തിലേക്ക് വീണു.

ഇതേസമയം കടന്നുവന്ന ട്രെയിൻ കയറി വലതു കൈയും ഇടതു കാലുമുട്ടിനു താഴെ അനീഷിനു നഷ്‌ടപ്പെടുകയും ചെയ്തു. ജീവിതം അവസാനിച്ചുവെന്നു പലരും വിധിയെഴുതിയെങ്കിലും കഠിനപ്രയത്നത്താൽ നാലാം റാങ്കോടെ പാസായ ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിംഗ് ഡിപ്ലോമയും ഇഷ്‌ടകലയായ ചെണ്ട കൊട്ടും അനീഷിനു കൈവിടേണ്ടി വന്നു. എന്നാൽ, വിധിക്കു മുമ്പിൽ ജീവിതം അടിയറവയ്ക്കാൻ അനീഷ് തയാറായില്ല.

കൃത്രിമകാലും കൈയും വച്ച് അനീഷ് ജീവിതത്തിലേക്കു തിരി കെ നടക്കാൻ ഉറച്ച തീരുമാനമെടുത്തു. സ്വകാര്യ കമ്പനിയിൽ ജോലിക്കു കയറിയ അനീഷ് ഇതിന്റെ ഭാഗമായി ദിവസവും നാലഞ്ചു കിലോമീറ്റർ നടന്നുതുടങ്ങി. ഉറച്ച തീരുമാനത്തിൽ ശബരിമലയും അനീഷ് നടന്നു കയറി. യാത്രാ ബുദ്ധിമുട്ട് പരിഹരിക്കാൻ സൈക്കിൾ കയറ്റം പരിശീലിച്ചു. പിന്നീട് സ്കൂട്ടറിലേക്കും കാറിലേക്കും യാത്രമാറ്റി. മെഡിക്കൽ ബോർഡി ന്റെ സർട്ടിഫിക്കറ്റോടെ മോഡിഫിക്കേഷൻ ഇല്ലാത്ത കാർ ഉപയോഗി ക്കാനുള്ള ലൈസൻസ് സമ്പാദി ച്ചു. ജോലിക്കിടയിൽ പഠനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച അനീഷ് എം ജി യൂണിവേഴ്സിറ്റിയിൽനിന്നു കൗൺസലിംഗ് സർട്ടിഫിക്കറ്റ് കോഴ്സ് പാസായി.

ഇതിനിടയിലാണു വൈകല്യം സംഭവിച്ചവർക്കുവേണ്ടി കോട്ടയം കഞ്ഞിക്കുഴിയിൽ പ്രവർത്തിക്കു ന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പേഴ്സൻ സെൻട്രൽ അപ്രോച്ച് ഇൻ ഇന്ത്യ (ഐപിസിഎഐ, ഇഫ്കായി) എന്ന സ്‌ഥാപനത്തേക്കുറിച്ചു കേട്ട റിയുന്നത്. സ്‌ഥാപനത്തിന്റെ ഡയ റക്ടറായിരുന്ന മാത്യു കണമലയു മായി പരിചയപ്പെട്ടു. ഇവിടുത്തെ പ്രത്യേക കോഴ്സിലൂടെയും വ്യ ക്‌തി കേന്ദ്രീകൃത ഇടപെടലിലൂടെയും കുറവിനേക്കാൾ കൂടുതൽ കഴിവുകൾ എന്ന നിലയിലേക്ക് അനീഷ് എത്തിച്ചേർന്നു. ഇവിടെ അനീഷ് മറ്റുള്ളവർക്ക് തന്റെ കഴി വ് ഉപയോഗിച്ച് പരിശീലനം നൽകാൻ തു ടങ്ങി. ഇതിനിടയിൽ പേഴ്സൺ സെൻട്രൽ അപ്രോച്ച് എന്ന ഓൺലൈൻ കോഴ്സും പാസായി. മോട്ടിവേഷൻ, പേഴ്സ ണാലിറ്റി ഡെവലപ്പ്മെന്റ് തുടങ്ങി യ വിഷയങ്ങളിൽ ഇപ്പോൾ വിവിധ കോളജുകളിലും സ്കൂളുകളിലുമാ യി ആയിരത്തിലധികം ക്ലാസുകൾ അനീഷ് നടത്തി കഴിഞ്ഞു.


ഭിന്നശേഷിക്കാരുടെയും വികലാംഗരുടെയും വിവിധ വിഷയങ്ങൾ സർക്കാരിന്റെയും അധികാരികളുടെയും മുന്നിലെത്തിക്കാനും അനീഷിനു കഴിഞ്ഞു. അഭയം തേടിയെത്തിയ കഞ്ഞിക്കുഴിയിലെ ഇഫ്കായി എന്ന സംഘടനയുടെ ഇപ്പോഴത്തെ നാഷണൽ കോ–ഓർഡിനേറ്ററായ അനീഷ് നടത്തിയ ശ്രമഫലമായാണ് ഭിന്നശേഷിയുള്ളവർക്കായി മോട്ടോർ വാഹനവകുപ്പ് പൊതുനിരത്തുകളിൽ പ്രത്യേക വാഹന പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയത്. ഭിന്നശേഷിയുള്ളവർക്കായി സംസ്‌ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രത്യേക വാഹന പാർക്കിംഗ് എന്ന ഉത്തരവും അനീഷിന്റെ ശ്രമഫലമായാണ്. അനീഷിന്റെ പ്രവർത്തനങ്ങളെ മുൻനിർത്തി സമൂഹ്യനീതി വകുപ്പ് 2014ൽ മികച്ച ഭിന്നശേഷി വിഭാഗം പരിശീലകനുള്ള അവാർഡ് സമ്മാനിച്ചിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് വോട്ടിംഗ് ശതമാനം ഉയർത്തുന്നതിനായുള്ള സ്വീപ്പ് പ്രവർത്തനങ്ങളുടെ ജില്ലാ അംബാസിഡറായും അനീഷിനെയാണ് ജില്ലാ ഭരണകൂടം തെരഞ്ഞെടുത്തത്. ഇഫ്കായി സംഘടനയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷിയുള്ളവരും സാമൂഹികമായി പിന്നോക്കം നിൽക്കുന്നവരുമായി 25 കുട്ടികളുടെ അഞ്ചു വർഷത്തെ പഠനച്ചെലവ് ഏറ്റെടുക്കുന്ന ടീൻ ഇഫ്കായി എന്ന പ്രവർത്തനം ഈ വർഷം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് അനീഷ്. ഒപ്പം കോട്ടയത്തെ ഭിന്നശേഷി സൗഹൃദ നഗരമാക്കി മാറ്റാനുമുള്ള ശ്രമത്തിലാണ്. അച്ഛൻ മോഹനനും അമ്മ വത്സമ്മയും ഏക സഹോദരൻ എക്സൈസ് ഓഫീസർ കൂടിയായ അരുണുമാണ് അനീഷിന്റെ പ്രവർത്തനങ്ങളുടെ ശക്‌തി.

ജിബിൻ കുര്യൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.