യുഡിഎഫ് നിലപാട് പ്രതിഷേധാർഹം: ജെഡിയു
Friday, December 2, 2016 4:28 PM IST
തിരുവനന്തപുരം: യുഡിഎഫിൽ വേണ്ടത്ര പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നു ജനതാദൾ –യുണൈറ്റഡ്. ജെഡി–യു ഉന്നയിച്ച കാര്യങ്ങളൊന്നും മുന്നണി നേതൃത്വം പരിഗണിക്കുകയോ ചർച്ച ചെയ്യുകയോ ചെയ്യുന്നില്ലെന്നു പാർട്ടി കുറ്റപ്പെടുത്തി.

കേരള കോൺഗ്രസ്–എം മുന്നണി വിട്ടശേഷം വിവിധ ജില്ലാ കൺവീനർ അടക്കമുള്ള സ്‌ഥാനങ്ങൾ സംബന്ധിച്ചു ജെഡിയു നിലപാട് അറിയിച്ചിരുന്നു. എന്നാൽ, ഇതുവരെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാത്ത മുന്നണി നേതൃത്വത്തിന്റെ നിലപാട് പ്രതിഷേധാർഹമാണെന്നു ജെഡിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഡോ. വർഗീസ് ജോർജ്, സംസ്‌ഥാന സെക്രട്ടറി ജനറൽ ഷേക് പി. ഹാരിസ്, വൈസ് പ്രസിഡന്റ് കോരൻ മാസ്റ്റർ, പാർലമെന്ററി ബോർഡ് ചെയർമാൻ ചാരുപാറ രവി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.


നോട്ട് റദ്ദാക്കലുമായി ബന്ധപ്പെട്ടു ഇടതുമുന്നണിയുമായി ചേർന്നു സംയുക്‌ത പ്രക്ഷോഭം നടത്താൻ ജെഡിയു തയാറാണ്. നിലമ്പൂരിലെ മാവോയിസ്റ്റ് ആക്രമണം സംബന്ധിച്ചു ജുഡീഷൽ അന്വേഷണം നടത്തണമെന്നും നേതൃയോഗം ആവശ്യപ്പെട്ടു.

നോട്ട് റദ്ദാക്കൽ തീരുമാനത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും മുന്നൊരുക്കൾ നടത്താതെയുള്ള നടപടി കറൻസിയിലുള്ള വിശ്വാസത്തെ തകർത്തു.

മന്ത്രിസഭയെയും റിസർവ് ബാങ്കിനെയും നോക്കുകുത്തിയാക്കിയെടുത്ത തീരുമാനം രൂപയുടെ മൂല്യത്തകർച്ചയ്ക്കു കാരണമായി.

കേന്ദ്രസർക്കാരിന്റെ നടപടിക്കെതിരേ ഏഴിനു തിരുവനന്തപുരത്തെ റിസർവ് ബാങ്ക് മേഖലാ ഓഫീസിനു മുമ്പിൽ പ്രതിഷേധമാർച്ചും ധർണയും നടത്തുമെന്നും നേതാക്കൾ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.