കസ്റ്റംസ് കൗണ്ടറിൽ യാത്രക്കാരനു മർദനമേറ്റു
Friday, December 2, 2016 4:18 PM IST
നെടുമ്പാശേരി: ലഗേജ് കസ്റ്റംസ് ഉദ്യോഗസ്‌ഥർ അലക്ഷ്യമായി എടുത്തെറിഞ്ഞതു ചോദ്യംചെയ്ത വിമാനയാത്രക്കാരനു മർദനമേറ്റു. അങ്കമാലി പറവൂർ പുത്തൻവേലിക്കര പെരിയംകാട് വീട്ടിൽ മണികണ്ഠ (39)നാണു കൊച്ചി വിമാനത്താവളത്തിലെ കസ്റ്റംസ് കൗണ്ടറിൽവച്ചു മർദനമേറ്റത്. ഇയാളെ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിൽ നാലു തുന്നലുണ്ട്.

ദുബായിൽനിന്ന് ഇൻഡിഗോ എയർലൈൻസിന്റെ വിമാനത്തിൽ രാവിലെ 6.30നാണ് ഇയാൾ കൊച്ചിയിൽ വന്നിറങ്ങിയത്. ലഗേജ് കസ്റ്റംസ് ഉദ്യോഗസ്‌ഥർ അലക്ഷ്യമായി എടുത്തെറിഞ്ഞതു ചോദ്യംചെയ്തതിനെത്തുടർന്നാണു പ്രശ്നമുണ്ടായത്.

മണികണ്ഠനെ പിടിച്ചു തള്ളിയപ്പോൾ അടുത്തുള്ള മേശയിൽ തല ഇടിച്ചു വീണു പരിക്കുണ്ടായതായാണു പരാതി. എന്നാൽ, ബഹളത്തിനിടയിൽ ഇയാൾ ബോധരഹിതനായി വീഴുകയായിരുന്നുവെന്നു കസ്റ്റംസ് ഉദ്യോഗസ്‌ഥന്മാർ പറയുന്നു.


മണികണ്ഠൻ ഷാർജയിൽ റിഗ് ഉണ്ടാക്കുന്ന കമ്പനിയിൽ ക്വാളിറ്റി കൺട്രോളറാണ്. അവധിക്കു നാട്ടിൽ വന്നതാണ്. ഏതാനും മണിക്കൂറുകൾ നിരീക്ഷിച്ചശേഷം വൈകുന്നേരം ആശുപത്രിയിൽനിന്നു മണികണ്ഠനെ ഡിസ്ചാർജ് ചെയ്തു.

നെടുമ്പാശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മണികണ്ഠന്റെ പരാതിയനുസരിച്ചു കേസെടുത്താൽ കൃത്യനിർവഹണം തടസപ്പെടുത്തിയതിനു മണികണ്ഠന്റെ പേരിലും കേസുണ്ടാകും. ഇയാൾക്ക് അവധി കഴിയുമ്പോൾ മടങ്ങിപ്പോകാൻ ഇതു തടസമാകും. ഇക്കാരണത്താൽ വൈകുന്നേരം മണികണ്ഠൻ പോലീസ് സ്റ്റേഷനിൽ വന്നു സിസിടിവി കാമറ പരിശോധിച്ച് അതനുസരിച്ചു നടപടി സ്വീകരിച്ചാൽ മതിയെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.