എൻസിഡിസി യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കുന്നില്ലെന്നു വി.ദിനകരൻ
Friday, December 2, 2016 4:07 PM IST
ആലപ്പുഴ: ദേശീയ സഹകരണ വികസന കോർപറേഷൻ കൗൺസിലിൽ മത്സ്യഫെഡ് ചെയർമാനെന്ന നിലയിൽ അംഗത്വം ലഭിച്ചിട്ടും കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതിനുള്ള അനുമതി പത്രം നൽകാൻ ഫിഷറീസ് വകുപ്പ് തയാറാകുന്നില്ലെന്ന് മത്സ്യഫെഡ് ചെയർമാൻ വി. ദിനകരൻ.

കഴിഞ്ഞ നവംബർ 18ന് കൗൺസിൽ പുനഃസംഘടിപ്പിച്ചപ്പോഴാണ് മത്സ്യഫെഡ് ചെയർമാനെന്ന നിലയിൽ ദിനകരനെ അംഗമാക്കിയത്. 51 അംഗ കൗൺസിലിൽ മത്സ്യഫെഡിന്റെ പ്രവർത്തന മികവ് കണക്കിലെടുത്താണ് തന്നെ അംഗമാക്കിയതെന്നും ദിനകരൻ പറഞ്ഞു.വരുന്ന 14ന് കേന്ദ്ര കൃഷിമന്ത്രി രാധാമോഹൻസിംഗിന്റെ അധ്യക്ഷതയിൽ ചേരുന്ന പുനഃസംഘടിപ്പിച്ച കൗൺസിൽ യോഗത്തിൽ

അംഗമെന്ന നിലയിൽ പങ്കെടുക്കണമെങ്കിൽ ഫിഷറീസ് വകുപ്പിന്റെ അനുമതി പത്രം ആവശ്യമാണ്. എന്നാൽ ഇതു നൽകാൻ ഫിഷറീസ് വകുപ്പ് തയാറായിട്ടില്ല. എൻസിഡിസി ഉത്തരവ് അനുസരിച്ച് നാലു ഡവലപ്മെന്റ് ഓഫീസർമാരെ മത്സ്യഫെഡിനു നിയമിക്കാൻ അനുമതി നൽകിയിരുന്നു.

ഇവർക്കു ഏഴു വർഷത്തെ ശമ്പളം എൻസിഡിസി നൽകുകയും ചെയ്യും. എന്നാൽ ഈ നിയമനം നടത്താൻ ഫിഷറീസ് വകുപ്പ് അനുമതി ഇതുവരെ നൽകിയിട്ടില്ല. 2017 ഫെബ്രുവരി 28നകം നിയമനം നടത്തിയില്ലായെങ്കിൽ ഈ അനുമതി റദ്ദാകുന്ന അവസ്‌ഥയാണ് നിലവിലുള്ളത്.


കൂടാതെ മത്സ്യഫെഡിനു കീഴിലെ 200 സഹകരണ സംഘങ്ങളിലെ സെക്രട്ടറിമാർക്കു ഒരു വർഷത്തേക്കു പ്രതിമാസം 4750 രൂപ ശമ്പളം നൽകാമെന്നും അടിസ്‌ഥാന സൗകര്യവികസനത്തിനു 95000 രൂപ നൽകുമെന്ന ഉത്തരവും എൻസിഡിസി പുറപ്പെടുവിച്ചിരുന്നു.

മത്സ്യഫെഡിന്റെ പ്രവർത്തന മികവ് പരിഗണിച്ചാണ് ഈ ആനുകൂല്യങ്ങൾ എൻസിഡിസി നൽകിയത്. എന്നാൽ ഇതിനെ തടസപ്പെടുത്തുന്ന സമീപനമാണ് സംസ്‌ഥാന ഫിഷറീസ് വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്.രാഷ്ര്‌ടീയ പ്രേരിതമായി അന്വേഷണം നടത്തി മത്സ്യഫെഡ് ഭരണ സമിതിയെ പിരിച്ചുവിടാനാണ് സംസ്‌ഥാന സർക്കാർ നീക്കം നടത്തുന്നത്.

ഈ സാഹചര്യത്തിൽ മത്സ്യഫെഡിന് ദേശീയ തലത്തിൽ ലഭിച്ച അംഗീകാരമായ ദേശീയ സഹകരണ വികസന കോർപ്പറേഷൻ അംഗത്വം ഇല്ലാതാക്കാനുള്ള നീക്കങ്ങൾക്ക് മത്സ്യത്തൊഴിലാളികളോട് മറുപടി പറയേണ്ടിവരുമെന്ന് ദിനകരൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.