കർഷക തൊഴിലാളി പാർട്ടി പുനർജനിക്കുന്നു
കർഷക തൊഴിലാളി പാർട്ടി  പുനർജനിക്കുന്നു
Friday, December 2, 2016 4:07 PM IST
തൃശൂർ: ഒരിടവേളയ്ക്കു ശേഷം കർഷക തൊഴിലാളി പാർട്ടി (കെടിപി) പുനർജനിക്കുന്നു. അന്തരിച്ച ഫാ. ജോസഫ് വടക്കനും ആരോഗ്യമന്ത്രിയായിരുന്ന ബി. വെല്ലിംഗ്ടനും നേതൃത്വം നല്കിയിരുന്ന കെടിപി പുനഃസ്‌ഥാപിക്കാൻ തൃശൂരിൽ ചേർന്ന മുൻകാല നേതാക്കളുടെയും പ്രവർത്തകരുടെയും യോഗമാണു തീരുമാനമെടുത്തത്. ആദ്യകാലത്തു കെടിപിയിൽ പ്രവർത്തിച്ചിരുന്നവർതന്നെയാണിപ്പോൾ പാർട്ടിയുടെ പുനരുജ്‌ജീവനത്തിനും ചുക്കാൻ പിടിക്കുന്നത്.

ഒരു കാലഘട്ടത്തിൽ കേരളത്തെ ഇളക്കിമറിച്ചിരുന്ന സമര പരമ്പരകൾക്കു നേതൃത്വം വഹിച്ച തൊഴിലാളികളുടെയും കർഷകരുടെയും നിരാലംബരുടെയും ആശയും ആവേശവുമായിരുന്നു കെടിപി എന്ന കർഷക തൊഴിലാളി പാർട്ടി. എന്നാൽ, പിന്നീടെപ്പോഴോ കെടിപിയുടെ പ്രവർത്തനം സജീവമല്ലാതായി. ഈ കാലഘട്ടത്തിൽ സംശുദ്ധ രാഷ്ട്രീയ പ്രവർത്തനത്തിന്റെ വക്‌താക്കളായി അക്രമ രാഷ്ര്‌ടീയത്തിനും ഫാസിസ്റ്റ് നയങ്ങൾക്കുമെതിരെ ആശയപോരാട്ടം നടത്താൻ കെടിപി പ്രതിജ്‌ഞാബദ്ധമാണെന്നു യോഗത്തിൽ സംബന്ധിച്ചവർ ചൂണ്ടിക്കാട്ടി. പാർട്ടിയുടെ പാർലമെന്ററി ബോർഡ് ചെയർമാനായി അലക്സ് താമരശേരിയെയും പ്രസിഡന്റായി ബാബു ചിറയിൽ പകലോമറ്റത്തെയും വർക്കിംഗ് പ്രസിഡന്റായി കുമ്പളം സോളമനെയും തെരഞ്ഞെടുത്തു. പതിനൊന്നംഗ പാർലമെന്ററി ബോർഡും രൂപീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.