കോടതി വെറുതെവിട്ട പാക്പൗരനെ മോചിപ്പിക്കണമെന്നു പി.ടി. തോമസ്
കോടതി വെറുതെവിട്ട  പാക്പൗരനെ  മോചിപ്പിക്കണമെന്നു  പി.ടി. തോമസ്
Friday, December 2, 2016 4:04 PM IST
കൊച്ചി: ഇറാനിയൻ കപ്പൽ സമുദ്രാതിർത്തി ലംഘിച്ച കേസിൽ ജയിലിൽ അടയ്ക്കുകയും പിന്നീടു കോടതി വെറുതെ വിടുകയും ചെയ്ത കപ്പലിലെ ജീവനക്കാരനായ, ഒമ്പതു മാസമായി ജയിലിൽ കഴിയുന്ന പാക്കിസ്‌ഥാൻ പൗരനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു പി.ടി തോമസ് എംഎൽഎ ബന്ധപ്പെട്ടവർക്കു കത്ത് നല്കി. കാക്കനാട് ജില്ലാ ജയിലിന്റെ അടിയന്തരാവശ്യങ്ങളറിയാനായി ജില്ലാ ജയിൽ സന്ദർശിച്ചതായിരുന്നു എംഎൽഎ. ഇറാനിയൻ കപ്പൽ ഇന്ത്യൻ സമുദ്രാതിർത്തി ലംഘിച്ചതിനെത്തുടർന്ന് ഇറാൻ പൗരൻമാരോടൊപ്പം പാക്കിസ്‌ഥാൻ പൗരനായ ഖാദിർ(53) ജയിലിലായിരുന്നു. പിന്നീട് മാർച്ചിൽ എൻഐഎ കോടതി കപ്പലിലെ ജീവനക്കാരിൽ കുറ്റം ചുമത്താതെ വെറുതെ വിട്ടു. തുടർന്ന് ഇറാൻ എംബസി, കപ്പലിലെ ഇറാനിയൻ പൗരൻമാരെ നാട്ടിലേക്കു കൂട്ടികൊണ്ടുപോയിരുന്നു. ഖാദിറിന്റെ വിവരം പാക്കിസ്‌ഥാൻ ഹൈക്കമ്മീഷനെ അറിയിച്ചിട്ടും ഖാദിറിനെ മോചിപ്പിക്കാൻ തയാറായിട്ടില്ല. ഒമ്പതു മാസമായി തടവിൽ കഴിയുന്ന ഖാദിറിനെ മോചിപ്പിക്കാൻ ആരും തന്നെ എത്തിയിട്ടില്ലെന്നും ഇത് മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി അധികൃതർക്കു കത്ത് നൽകിയതായും പി.ടി തോമസ് പത്രക്കുറിപ്പിൽ അറിയിച്ചു. ഇദ്ദേഹത്തെ നിയമപ്രകാരം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തുമെന്നും എംഎൽഎ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.