തോട്ടം മേഖലയിൽ ഒക്ടോബറിലെ വേതനവിതരണം പൂർത്തിയായില്ല
Friday, December 2, 2016 4:04 PM IST
തിരുവനന്തപുരം: നോട്ട് റദ്ദാക്കലിനെ തുടർന്നു സംസ്‌ഥാനത്തെ തോട്ടം മേഖലയിൽ കഴിഞ്ഞ മാസത്തെ ശമ്പള വിതരണം ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഈ മാസം ഏതു രീതിയിൽ ശമ്പള വിതരണം നടത്തുമെന്നതു സംബന്ധിച്ച് യാതൊരു വ്യക്‌തതയും തോട്ടം ഉടമകൾക്ക് സർക്കാരിന്റെ ഭാഗത്തു നിന്നു ലഭിച്ചിട്ടില്ല. അതിനാൽ തോട്ടം മേഖലയിലെ ശമ്പള വിതരണം ഈ മാസം കൂടുതൽ പ്രതിസന്ധിയിലാകും.

സാധാരണഗതിയിൽ സംസ്‌ഥാനത്തെ തോട്ടങ്ങളിലെ വേതനം എല്ലാ മാസവും 10 നുള്ളിൽ നല്കാറുള്ളതാണ്. നോട്ട് റദ്ദാക്കലിനെ തുടർന്ന് പണമിടപാട് നടത്താൻ കഴിയാതെ വന്നതോടെ ഒക്ടോബറിലെ വേതനം എല്ലാ തൊഴിലാളികളുടെയും കൈകളിൽ എത്തിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഏറ്റവും കൂടുതൽ തുക ലഭിക്കാനുള്ളത് ഇടുക്കി ജില്ലയിലാണ്. ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട്, കോട്ടയം ജില്ലകളിലായി ഏകദേശം 35 കോടി രൂപയാണ് തോട്ടംതൊഴിലാളികൾക്ക് വേതന ഇനത്തിൽ ഒരു മാസം നല്കേണ്ടത്. ആഴ്ചതോറും ചെലവുകാശും ബാക്കി മാസാദ്യവും നല്കുന്നതാണ് തോട്ടം മേഖലയിൽ നിലനില്ക്കുന്ന വേതന വിതരണ സമ്പ്രദായം.

കഴിഞ്ഞ മാസം നോട്ട് റദ്ദാക്കലിനെ തുടർന്ന് സർക്കാർ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചാണ് വേതനവും ചെലവു കാശും നല്കാനുള്ള ക്രമീകരണം ഒരുക്കിയത്. തൊഴിലാളികൾക്കു നല്കാനുള്ള വേതനം ഓരോ തോട്ടം ഉടമകളും പ്ലാന്റേഷൻ ഇൻസ്പെക്ടർമാർ സാക്ഷ്യപ്പെടുത്തിയ അപേക്ഷയും തോട്ടം ഉടമയുടെ ബാങ്ക് ചെക്കും സഹിതം ജില്ലാ കളക്ടറെ ഏല്പ്പിച്ചാണ് കഴിഞ്ഞ മാസത്തെ വേതനം നല്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്. കളക്ടർ തോട്ടം ഉടമയുടെ അപേക്ഷ പരിശോധിച്ച് തൊഴിലാളികൾക്ക് ആവശ്യമായ വേതനം ട്രഷറിയിൽ നിന്നു മാറി നല്കുന്നതിനുള്ള താത്കാലിക ക്രമീകരണമായിരുന്നു നടത്തിയത്.

ഉത്തരവ് ഇറങ്ങിയപ്പോൾ ഇതുസംബന്ധിച്ച് ആദ്യം അവ്യക്‌തത ഉണ്ടായി. തുടർന്ന് ധന വകുപ്പ് ഇക്കാര്യത്തിൽ വ്യക്‌തത വരുത്തിയശേഷം കഴിഞ്ഞ 20നു മാത്രമാണ് വേതന വിതരണം സംബന്ധിച്ച് നടപടികൾ പോലും ആരംഭിക്കാൻ കഴിഞ്ഞത്. നവംബർ പിന്നിട്ടിട്ടും ഒക്ടോബറിലെ വേതന വിതരണം പൂർത്തിയാക്കാൻ തോട്ടം മേഖലയിൽ സാധിച്ചിട്ടില്ല. ഇതിനു പിന്നാലെയാണു നവംബറിലെ ശമ്പളം ഏതുരീതിയിൽ നല്കണമെന്ന ആശങ്കയും നിലനില്ക്കുന്നത്. കഴിഞ്ഞ മാസം നല്കിയതുപോലെ വേതനം വിതരണം ചെയ്യണമെങ്കിൽ അതിനായി സർക്കാർ പ്രത്യേക ഉത്തരവ് ഇറക്കണം. ഇന്നലെ വരെ ഇക്കാര്യത്തിൽ ഉത്തരവ് ഇറങ്ങിയിട്ടില്ല. ഇതിനു പിന്നാലെ ട്രഷറിയിലെ സാമ്പത്തിക പ്രതിസന്ധിയും ഇരുട്ടടിയാകും.


സംസ്‌ഥാനത്തെ വൻകിട തോട്ടങ്ങളിലായി 1.66 ലക്ഷം സ്‌ഥിരം, താത്കാലിക ജീവനക്കാരുള്ളത്. നിലവിൽ പ്ലാന്റേഷൻ പേമെന്റ് ഓഫ് വേജസ് ആക്ട് അനുസരിച്ച് കറൻസിയായി തന്നെ വേതനം തൊഴിലാളികൾക്ക് നല്കേണ്ടതാണ്. ഇതിൽ ഭേദഗതി വരുത്തിയിട്ടുമില്ല. ഏതെങ്കിലും ഒരു തൊഴിലാളിക്കു പണം ബാങ്ക് മുഖേനെ നല്കണമെങ്കിൽ അവരുടെ സമ്മതപത്രം ഹാജരാക്കണം. നിലവിൽ തൊഴിലാളികളിൽ ഏറെപ്പേർക്കും ബാങ്ക് അക്കൗണ്ടുകൾ ഉണ്ടെങ്കിലും 20 ശതമാനം തൊഴിലാളികൾ മാത്രമാണ് ഇവ ഉപയോഗിക്കുന്നത്. പലപ്പോഴും തൊഴിലാളികൾക്ക് 15 മുതൽ 20 കിലോമീറ്ററുകൾ വരെ അകലെയാണ് ബാങ്ക് ശാഖകൾ.

ഒരു ദിവസത്തെ തൊഴിൽ ഉപേക്ഷിച്ചുപോയാൽ മാത്രമേ ഇത്തരത്തിൽ ഇവർക്കു പണം ബാങ്കിൽ നിന്നു പിൻവലിക്കാൻ സാധിക്കുകയുള്ളു. ഇതുമൂലമാണ് പല പ്പോഴും ഇവർ ബാങ്കുകളെ ആശ്രയിക്കാതെ തൊഴിൽ ഉടമകളിൽ നിന്നു നേരിട്ട് വേതനം കൈപ്പറ്റുന്നത്. തോട്ടങ്ങളോട് ചേർന്ന് മൈക്രോ എടിഎമ്മുകളോ മൊൈ ബൽ എടിഎമ്മുകളോ സ്‌ഥാപിച്ച് തൊഴിലാളികൾക്ക് സഹായം ലഭ്യമാക്കണമെന്ന ആവശ്യമുണ്ട്. പോ സ്റ്റ് ഓഫീസിലൂടെ തൊഴിലാളികളുടെ പണം നല്കാനുള്ള ക്രമീകരണം ലഭ്യമാക്കണമെന്ന ആവശ്യം തോട്ടം ഉടമകൾ മുന്നോട്ടുവച്ചിട്ടുണ്ട്. പോസ്റ്റ്മാൻ എല്ലാ വീടുകളിലും എത്തുന്നതിനാൽ എല്ലാവരുടേയും കൈകളിൽ പണം എത്തിക്കാൻ ഇത് ഉപകരിക്കുമെന്നും തോട്ടം ഉടമകൾ വ്യക്‌തമാക്കുന്നു.


തോമസ് വർഗീസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.