പീസ് സ്കൂളിലെ പാഠഭാഗങ്ങൾ: മൂന്നുപേർ അറസ്റ്റിൽ
പീസ് സ്കൂളിലെ പാഠഭാഗങ്ങൾ: മൂന്നുപേർ അറസ്റ്റിൽ
Friday, December 2, 2016 4:04 PM IST
കൊച്ചി: മതവിദ്വേഷം വളർത്തുന്ന പാഠഭാഗങ്ങൾ ചക്കരപ്പറമ്പ് പീസ് ഇന്റർനാഷണൽ സ്കൂളിൽ പഠിപ്പിക്കാൻ ഇടയാക്കിയ സംഭവത്തിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പുസ്തകത്തിന്റെ പ്രസാധകരായ നവി മുംബൈ സ്വദേശികളായ സൃഷ്ടി ഹോംസിൽ ദാവൂദ് വെയ്ത് (38), സെക്ടർ 23 അരിഹർട്ട് അപ്പാർട്ട്മെന്റ് 201ൽ സെയ്ത് (28), സെക്ടർ 50 സുമൻ ഹൈറ്റ്സിൽ ഷേക്ക് സമീദ് അഹമ്മദ് (31) എന്നിവരെയാണ് കൊച്ചി സിറ്റി പോലീസ് അറസ്റ്റുചെയ്തത്. ചോദ്യംചെയ്യാനായി നോട്ടീസ് നൽകി വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മുംബൈ ആസ്‌ഥാനമായ ബൂർജ് റിയലൈസേഷൻ ട്രസ്റ്റിന്റെ പേരിലാണ് രണ്ടാം ക്ലാസിലെ ഇസ്ലാമിക് സ്റ്റഡീസ് പാഠപുസ്തകം പ്രസിദ്ധീകരിച്ചത്. ട്രസ്റ്റ് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ പീസ് ഫൗണ്ടേഷനു നൽകുകയാണു ചെയ്യുന്നത്.


ബൂർജ് റിയലൈസേഷൻ ട്രസ്റ്റിന്റെ സെക്രട്ടറിയാണു ദാവൂദ് വെയ്ത്. സഹിൽ കരിക്കുലം ഡിസൈനറും സമീദ് ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നതിന്റെ ചുമതലക്കാരനുമാണ്. പീസ് എഡ്യുക്കേഷണൽ ഫൗണ്ടേഷന്റെ എല്ലാ സ്കൂളുകളിലും ഇവർ തയാറാക്കിയ പാഠപുസ്തകങ്ങളാണു പഠിപ്പിക്കുന്നത്. തങ്ങൾക്കു തെറ്റുപറ്റിയതായി പിടിയിലായവർ സമ്മതിച്ചിട്ടുണ്ടെന്ന് അസിസ്റ്റന്റ് കമ്മീഷണർ കെ.ലാൽജി പറഞ്ഞു.

രണ്ടാം ക്ലാസിലെ പുസ്തകത്തിലെ ഗുരുതരമായ തെറ്റ് മനസിലായെന്നും ആ ഭാഗം പിൻവലിച്ചു പുതിയ പുസ്തകം അടുത്ത വർഷം ഇറക്കുമെന്നും ചോദ്യംചെയ്യലിൽ ദാവൂദ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.