സർക്കാർ സർവീസിൽ കയറുന്നതിനു മുമ്പ് ആസ്തി വെളിപ്പെടുത്താൻ ഉത്തരവ്
Friday, December 2, 2016 3:40 PM IST
തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ സർവീസിൽ പ്രവേശിക്കുന്ന ഉദ്യോഗസ്‌ഥർ ഇതുവരെയുള്ള സ്വത്തു വിവരം സംബന്ധിച്ചു സത്യവാംഗ് മൂലം നൽകണമെന്നു നിർദേശിച്ചു സർക്കാർ ഉത്തരവു പുറത്തിറക്കി. ധന വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവു പുറത്തിറക്കിയത്.

ഇതുവരെ സർക്കാർ സർവീസിൽ പ്രവേശിക്കുന്നതിനു മുമ്പ് ആസ്തി വിവരം നൽകേണ്ടതില്ല. പല സർക്കാർ ജീവനക്കാരും വരുമാനത്തിൽ കവിഞ്ഞ സ്വത്തു സമ്പാദിക്കുന്നതായി വ്യാപക പരാതി ലഭിക്കുന്നതിന്റെ അടിസ്‌ഥാനത്തിൽ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ നിർദേശ പ്രകാരമാണ് സർക്കാർ പുതിയ ഉത്തരവിറക്കിയത്. സർക്കാർ ജീവനക്കാരുടെ ആസ്തി കണക്കാക്കാൻ വിജിലൻസ് ഇപ്പോൾ ബുദ്ധിമുട്ടുകയാണ്. ജീവനക്കാർ സർവീസിൽ കയറുമ്പോൾ പരമ്പരാഗതമായി ലഭിച്ച ആസ്തി വിവരം കൈവശമുണ്ടെങ്കിൽ സർവീസിൽ കയറിയ ശേഷമുള്ള സമ്പാദ്യം കണക്കാക്കാൻ പ്രയാസമുണ്ടാകില്ല. വരുമാനത്തിൽ കൂടുതൽ സമ്പാദിക്കുന്നുണ്ടോയെന്നു കണക്കാക്കാനും ഇതു വഴി കഴിയും.


സർക്കാർ ജീവനക്കാർക്കൊപ്പം പൊതുമേഖലാ സ്‌ഥാപന ജീവനക്കാരും സർക്കാരിൽ നിന്നു പണം കൈപ്പറ്റുന്ന വിവിധ സ്‌ഥാപനങ്ങളിലെ ജീവനക്കാരും ഈ ഉത്തരവിന്റെ അടിസ്‌ഥാനത്തിൽ ആസ്തി വിവരം വെളിപ്പെടുത്തേണ്ടി വരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.