കുട്ടികളുടെ കാഷ് പ്രൈസ് സർക്കാരിനു കുട്ടിക്കളിയോ?
Thursday, December 1, 2016 4:14 PM IST
തിരുവനന്തപുരം: കായിക കേരളത്തിന്റെ കൗമാരപ്രതിഭകൾക്ക് മെഡൽനേട്ടത്തിനു സർക്കാർ വാഗ്ദാനം ചെയ്ത കാഷ് പ്രൈസിനു വയസ് നാല്. കുട്ടികൾക്ക് പണം അനുവദിക്കാനുള്ള ഫയൽ ഇപ്പോഴും വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിൽ. ഈ ഓഫീസിൽ നിന്നും അനുമതി നല്കിയാൽ മാത്രമേ കായികതാരങ്ങൾക്ക് നാലു വർഷം മുമ്പ് പ്രഖ്യാപിച്ച കാഷ് പ്രൈസ് സംബന്ധിച്ച് അന്തിമ തീരുമാനം ആകുകയുള്ളു. ദേശീയ സ്കൂൾ കായികമേളയിൽ കേരളത്തിനായി മത്സരിച്ച് മെഡൽ നേട്ടം സ്വന്തമാക്കുന്ന കായികതാരങ്ങൾക്ക് സ്വർണം, വെള്ളി, വെങ്കലം എ ന്നിവയ്ക്ക് 25000, 20000, 15000 എന്നീ ക്രമത്തിൽ കാഷ് പ്രൈസ് നല്കുമെന്നു സർക്കാർ പ്രഖ്യാപനം നടത്തിയിരുന്നു. ഇത്തരത്തിൽ 2013 മുതൽ ഉള്ള പണമാണ് കായികതാരങ്ങൾക്ക് ലഭിക്കാനുള്ളത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കായികതാരങ്ങൾ ഉൾപ്പെടെയുള്ളവർ നേരിട്ടെത്തി തങ്ങൾക്കു പ്രഖ്യാപിച്ച പണം നല്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നടപടികൾ ഒന്നുമുണ്ടായില്ല. ഇടതു സർക്കാർ വന്നപ്പോഴും ഈ ആവശ്യം ഉന്ന യിച്ച് കായികാധ്യാപകരും താ രങ്ങളും രംഗത്തെത്തിയിരുന്നു. എന്നാൽ, സംസ്‌ഥാന സ്കൂൾ മീറ്റിന് നാളെ തുടക്കമാകാൻ പോകുമ്പോ ഴും മുൻ കാലത്തെ കുടിശിക സംബന്ധിച്ച് തീരുമാനമായിട്ടില്ല.

പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നു ഇത് സംബന്ധിച്ച് ലഭിച്ച കണക്കിൽ ചില അവ്യക്‌തതകൾ ഉണ്ടെന്നും ഇതേ തുടർന്ന് ഈ ഫയ ൽ തിരിച്ചയച്ചതായുമാണ് വിദ്യാഭ്യാ സ മന്ത്രിയുടെ ഓഫീസിൽനിന്നും ലഭിച്ച വിവരം. കൃത്യമായ കണക്കുകൾ ഉൾപ്പെടുന്ന പുതിയ ലിസ്റ്റ് നല്കാനാണ് ഇപ്പോൾ ആവശ്യപ്പെട്ടിട്ടുള്ളത്. നിലവിലെ സാഹചര്യ ത്തിൽ ഈ ലിസ്റ്റ് എന്നു ലഭിക്കുമെ ന്നു പോലും വ്യക്‌തമല്ല. കഴിഞ്ഞ നാലുവർഷത്തെ കുടിശികയായി 2.4 കോടി രൂപയാണ് കായികതാരങ്ങൾക്ക് ലഭിക്കാനുള്ളത്.


സംസ്‌ഥാനത്ത് 500 ഓളം വിദ്യാർഥികൾക്കാണ് ഇത്തരത്തിൽ പ്രൈ സ് മണി ലഭിക്കാനുള്ളത്. പ്ലസ് ടു കാലത്ത് മത്സരത്തിലിറങ്ങിയ വി ദ്യാർഥി അവരുടെ ഡിഗ്രി പഠനം പൂർത്തിയാക്കിയിട്ടുപോലും സം സ്‌ഥാന സർക്കാർ പ്രഖ്യാപിച്ച പ ണം ലഭിച്ചിട്ടില്ലെന്ന ദയനീയതയും നിലനിൽക്കുന്നു. സ്കൂൾ കായികമത്സരങ്ങളിൽ ഏറ്റവുമധികം മികവ് തെളിയിക്കുന്നത് ഏറെ ദുരിതജീവിത അവസ്‌ഥയിൽനിന്നും എത്തു ന്ന താരങ്ങളാണ്. ഇവർക്ക് പരിശീലനത്തിനെങ്കിലും സഹായകരമാ ണ് സർക്കാർ പ്രഖ്യാപിച്ച കാഷ് പ്രൈസ്. എന്നാൽ, പ്രൈസ് പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങുന്നതോ ടെ നിസഹായാവസ്‌ഥയോടെ മാത്രം നോക്കി നിൽക്കനാണ് കേരളത്തി ലെ പുത്തൻ കായികപ്രതിഭകൾക്ക് സാധിക്കുക. കായികതാരങ്ങൾക്കു പുറമേ ഇവരുടെ കോച്ചുമാർക്ക് 5000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതും കിട്ടാക്കനിയായി തുടരുന്ന സ്‌ഥിതിയാണ്. ദേശീയ സ്കൂൾ മീറ്റിൽ പ്രഖ്യാപിച്ച പാരിതോഷികം നൽകാൻ വൈകുന്ന സംസ്‌ഥാന സർക്കാർ ലോക സ് കൂൾ മീറ്റിൽ ഇന്ത്യക്കു വേണ്ടി മെഡൽ നേട്ടം സ്വന്തമാക്കിയ കായികതാരങ്ങളെ കണ്ടില്ലെന്ന നിലപാടിലുമാണ്.

തുർക്കിയിൽ നടന്ന ലോക സ്കൂൾ കായികമേളയിൽ മെഡൽനേട്ടം സ്വന്തമാക്കിയ നാലു മലയാളി താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിക്കാൻ പോലും സംസ്‌ഥാന സർക്കാരോ വിദ്യാഭ്യാസ വകുപ്പോ ഇതുവരെ തയാറായിട്ടില്ല. പി.എൻ അജിത്, അഭിഷേക് മാത്യു, കെ.എസ് അനന്തു, നിവ്യ ആന്റണി എന്നീ മലയാളി താരങ്ങളാണ് മെഡൽ നേട്ടം സ്വന്തമാക്കിയത്. ഇവർക്ക് ഒരു സ്വീകരണം പോലും സംസ്‌ഥാന സർക്കാർ നല്കിയില്ലെന്നതും വസ്തുതയാണ്. ഈ സ്കൂൾ മീറ്റിലെങ്കിലും വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകുമോ എന്നാണ് കായികകേരളം പ്രതീക്ഷയോടെ നോക്കുന്നത്.

തോമസ് വർഗീസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.