മാവോയിസ്റ്റ് ഭീഷണി: മുഖ്യമന്ത്രിയുടെ സുരക്ഷ ശക്‌തമാക്കി
മാവോയിസ്റ്റ് ഭീഷണി:  മുഖ്യമന്ത്രിയുടെ സുരക്ഷ ശക്‌തമാക്കി
Thursday, December 1, 2016 4:14 PM IST
തലശേരി: മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ ശക്‌തമാക്കി. കമാൻഡോ അകമ്പടിയോടെയാണ് ഇന്നലെ കണ്ണൂർ ജില്ലയിൽ വിവിധ പരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുത്തത്.

ഇന്നലെ രാവിലെ മാവേലി എക്സ്പ്രസിൽ തലശേരിയിലെത്തിയ പിണറായി വിജയന് റെയിൽവേ സ്റ്റേഷനിലും പാണ്ട്യാ ലമുക്കിലെ വീട്ടിലും പരിപാടികൾ നടക്കുന്ന സ്‌ഥലങ്ങളിലും വൻ സന്നാഹത്തോടെയുള്ള സുരക്ഷയാണു പോലീസ് ഒരുക്കിയത്. ജില്ലാ പോലീസ് മേധാവി സഞ്ജയ്കുമാർ ഗുരുഡിൻ, തലശേരി ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാം, സിഐ പ്രദീപൻ കണ്ണിപ്പൊയിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സുരക്ഷ.

പിണറായി ഓലയമ്പലം ആർ.സി. അമല സ്കൂളിൽ നടന്ന അംഗപരിമിതർക്കുള്ള മുച്ചക്ര വാഹന വിതരണ പരിപാടിയിലാണ് മുഖ്യമന്ത്രി ആദ്യം പങ്കെടുത്തത്. തുടർന്ന് പെരളശേരിയിലും മട്ടന്നൂരിലുമായിരുന്നു പരിപാടികൾ. എല്ലായിടത്തും മുഖ്യമന്ത്രിയുടെ സന്ദർശനത്തിനു മുന്നോടിയായി ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. കൂടാതെ മഫ്ടിയിലും പോലീസിനെ വിന്യസിച്ചിരുന്നു.


മുഖ്യമന്ത്രിയാണ് മാവോയിസ്റ്റ് വേട്ടയുടെ ഉത്തരവാദിയെന്നും പകരം വീട്ടുമെന്നുമുള്ള ഭീഷണിയടങ്ങിയ പത്രക്കുറിപ്പ് വയനാട്ടിൽ കഴിഞ്ഞദിവസം മാധ്യമങ്ങൾക്കു ലഭിച്ചതിനെത്തുടർന്നാണ് മുഖ്യമന്ത്രിക്ക് പതിവിനു വിപരീതമായി കനത്ത സുരക്ഷ ഒരുക്കിയതെന്ന് ഉന്നത ഉദ്യോഗസ്‌ഥർ പറഞ്ഞു.

പിണറായി മുഖ്യമന്ത്രിയായി ചുമതലയേറ്റയുടൻ അദ്ദേഹത്തിന്റെ വീട്ടിൽ പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ നിർദേശത്തെത്തുടർന്ന് പിൻവലിച്ചിരുന്നു. മാവോയിസ്റ്റ് ഭീഷണിയുയർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ വീടിനുൾപ്പെടെ സുരക്ഷ തുടരാനാണ് പോലീസിന്റെ തീരുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.