ഭിന്നശേഷിക്കാർക്കുള്ള ആനുകൂല്യങ്ങൾ പൂർണമായും ലഭ്യമാക്കും: മുഖ്യമന്ത്രി
ഭിന്നശേഷിക്കാർക്കുള്ള ആനുകൂല്യങ്ങൾ പൂർണമായും ലഭ്യമാക്കും: മുഖ്യമന്ത്രി
Thursday, December 1, 2016 4:14 PM IST
തലശേരി: ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് അർഹതപ്പെട്ട സംവരണം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പൂർണമായും ലഭിക്കാത്ത സാഹചര്യങ്ങളുണ്ടെന്നും ഈ അവസ്‌ഥ പരിഹരിച്ച് ആനുകൂല്യങ്ങളെല്ലാം പൂർണമായും ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

അർഹതപ്പെട്ടവർക്ക് ജോലിയുൾപ്പെടെ നൽകാനുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വികലാംഗ ക്ഷേമ കോർപറേഷന്റെ ആഭിമുഖ്യത്തിൽ പിണറായി ആർ.സി. അമല സ്കൂളിൽ നടന്ന ഭിന്നശേഷിക്കാർക്കുള്ള മുച്ചക്ര വാഹന വിതരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

കെഎസ്ആർടിസി ഉൾപ്പെടെയുള്ള വാഹനങ്ങളിലെ യാത്രാസൗജന്യം ലഭിക്കുന്നതിനു ഭിന്നശേഷിക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ടിവരുന്ന അവസ്‌ഥ ദുഃഖകരമാണ്. ഇത്തരം അവസ്‌ഥ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരുന്നുണ്ട്. ഭിന്നശേഷിക്കാർക്കു സംസ്‌ഥാനത്ത് ഒരിടത്തും ഒരുതരത്തിലുള്ള അവഗണനയും ഉണ്ടാകരുതെന്ന് സർക്കാരിനു നിർബന്ധമുണ്ട്. ഇക്കാര്യത്തിൽ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിവരുന്നത് അഭിനന്ദനീയമാണ്.


ഭിന്നശേഷിക്കാർ ഒരുതരത്തിലും നിരാശപ്പെടരുത്. അവരുടെ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാനുള്ള ഉത്തരവാദിത്വം സമൂഹത്തിനും ഓരോ വ്യക്‌തികൾക്കുമുണ്ട്. ഭിന്നശേഷിക്കാരുടെ കണക്കുകൾ പൂർണമായും ശേഖരിക്കാനുള്ള ശ്രമങ്ങൾ സർക്കാർ തലത്തിൽ നടന്നുവരികയാണ്. ഇതിനായി സർക്കാർ ക്യാമ്പുകൾ സംഘടിപ്പിക്കും. ഇത്തരം ക്യാമ്പുകളിലൂടെ അർഹരായവർക്കെല്ലാം സഹായം എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സംസ്‌ഥാന വികലാംഗ കോർപറേഷൻ ചെയർമാൻ പരശുവക്കൽ മോഹനൻ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ മിർ മുഹമ്മദലി, കെ.കെ. രാജീവൻ, എം.സി. മോഹനൻ, ബേബി സരോജം, പി.കെ. ഗീതമ്മ, സി.പി. അനിത എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.