റേഷൻകടകളിലും ബാങ്കിംഗ് സേവനത്തിനു പദ്ധതി: മന്ത്രി
റേഷൻകടകളിലും ബാങ്കിംഗ് സേവനത്തിനു പദ്ധതി: മന്ത്രി
Thursday, December 1, 2016 3:58 PM IST
പത്തനംതിട്ട: റേഷൻ കടകൾ ബാങ്കിംഗ് സേവനങ്ങൾ നൽകാൻ കഴിയുന്നരീതിയിൽ നവീകരിക്കുമെന്നു മന്ത്രി പി. തിലോത്തമൻ. റേഷൻ മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ചു വ്യാപാരികളുമായി പത്തനംതിട്ടയിൽ നടത്തിയ സംവാദത്തിൽ പങ്കെടുക്കുകയായിരുന്ന അദ്ദേഹം.

റേഷൻകടകൾ നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് എസ്ബിഐയുമായി ചർച്ച നടത്തിയിരുന്നു. ഭക്ഷ്യസുരക്ഷാനടപടികൾ ഏപ്രിൽ ഒന്നിനു പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പാവപ്പെട്ടവർക്കു ലഭിക്കേണ്ട അരി വിതരണം മുടങ്ങില്ലെന്നും എഫ്സിഐ ഗോഡൗണിലെ പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആധാർ കാർഡുമായി ബന്ധിപ്പിച്ചു ചെയ്യാവുന്ന എല്ലാ സേവനങ്ങളും റേഷൻ കടകളിൽ നിന്ന് ലഭ്യമാകുന്ന വിധമാണ് നടപടികൾസ്വീകരിക്കുന്നത്. റേഷൻ വ്യാപാരികൾക്ക് പ്രതിഫലവും ജീവിതമാർഗവും ഒരുക്കുന്നതിന് സർക്കാർ എല്ലാം ചെയ്യുമെന്നും മന്ത്രി തിലോത്തമൻ പറഞ്ഞു.


40 ലക്ഷം ഇതര സംസ്‌ഥാന തൊഴിലാളികൾ കേരളത്തിൽ ജോലി ചെയ്യുന്നുണ്ട്. അവരിൽ 30 ലക്ഷം പേർക്കെങ്കിലും റേഷൻകട മുഖേന ധാന്യം നൽകണമെന്നതാണ് സർക്കാരിന്റെ ആഗ്രഹം. ഇവരിൽ 30 ലക്ഷം പേർക്കെങ്കിലും ആഴ്ചയിൽ ഒരു കിലോഗ്രാം ആട്ട നൽകേണ്ടതുണ്ട്. തൊഴിൽ വകുപ്പുമായി ചേർന്ന് ഇതിന് നടപടി എടുക്കും.

റേഷൻ കാർഡുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ഏപ്രിൽ ഒന്നോടെ പൂർത്തിയാക്കും. പൈലറ്റ് പ്രോജക്ടായി കൊല്ലം ജില്ലയിൽ ഇതിന്റെ കാര്യങ്ങൾ മുന്നേറുന്നുണ്ട്. മാർച്ചിൽ തന്നെ കൊല്ലം ജില്ലയിൽ നടപടികൾ പൂർത്തിയാകും. പാർലമെന്റ് പാസാക്കിയ നിയമ പ്രകാരം മുൻഗണന വേണ്ട ആളുകൾക്ക് റേഷൻ കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് വ്യാപാരികളാണെന്നും മന്ത്രി തിലോത്തമൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.