അഞ്ചുവർഷത്തിനകം എല്ലാവർക്കും വീടും ഭൂമിയും: മന്ത്രി
അഞ്ചുവർഷത്തിനകം എല്ലാവർക്കും വീടും ഭൂമിയും: മന്ത്രി
Friday, October 28, 2016 2:17 PM IST
തിരുവനന്തപുരം: അടുത്ത അഞ്ചു വർഷം കൊണ്ട് കേരളത്തിലെ എല്ലാ കുടുംബങ്ങൾക്കും വീടും ഭൂമിയും ഉറപ്പാക്കുന്ന സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ.ടി. ജലീൽ അറിയിച്ചു.

ഭവനരഹിതർ, ഭവന നിർമാണത്തിന് സർക്കാർ ധനസഹായം ലഭിച്ചെങ്കിലും ഭവനനിർമാണം പൂർത്തിയാക്കാത്തവർ, വാസയോഗ്യമല്ലാത്ത ലക്ഷം വീടുകളിൽ താമസിക്കുന്നവർ, പുറമ്പോക്ക്, തോട്ടം മേഖല, തീരദേശ മേഖല എന്നിവിടങ്ങളിൽ താത്ക്കാലിക ഭവനമുള്ളവർ, ഭൂമിയില്ലാത്ത ഭവന രഹിതർ എന്നിവരായിരിക്കും ഇതിന്റെ ഗുണഭോക്‌താക്കളെന്നും മന്ത്രി കെ.ടി. ജലീൽ അറിയിച്ചു.

വാഹനങ്ങൾ കൊണ്ടുള്ള പരിസ്‌ഥിതി മലിനീകരണം നിയന്ത്രിക്കുന്നതിന് ഇലക്ട്രിക് ഓട്ടോറിക്ഷ അടക്കമുള്ളവ പ്രചാരത്തിൽ കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നതായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. മോട്ടോർ വാഹന ചട്ടപ്രകാരം ഡീസൽ, പെട്രോൾ എന്നിവ മാത്രമാണ് ഇന്ധനമായി ഉപയോഗിക്കാൻ കഴിയുക. ഇതിനു പകരം മർദിത പ്രകൃതി വാതകവും ദ്രവീകൃത പ്രകൃതി വാതകവും ഇന്ധനമായി ഉപയോഗിക്കുന്നതിന് നിയമഭേദഗതി ആവശ്യമാണ്. ഇക്കാര്യം സർക്കാർ പരിഗണനയിലാണ്. പഴയ വാഹനങ്ങളിൽനിന്നുള്ള വായു മലിനീകരണം ദിനംപ്രതി വർധിച്ചുവരികയാണ്. ഇത്തരം വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്താനായി സംസ്‌ഥാനത്ത് 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള നാലും അതിൽക്കൂടുതൽ ചക്രമുള്ളതുമായ സ്വകാര്യ വാഹനങ്ങൾക്കും പത്തു വർഷത്തിൽ കൂടുതൽ പഴക്കമുള്ള നാലും അതിൽ കൂടുതൽ ചക്രമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾക്കും ഗ്രീൻ ടാക്സും ഏർപ്പെടുത്തിയിട്ടുണ്ട്.


ഈ സർക്കാർ അധികാരത്തിൽ വന്നശേഷം അമിത ശബ്ദത്തോടെയുള്ള ഹോണുകൾ ഉപയോഗിച്ചതിന് 5581 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 4709 സ്വകാര്യ വാഹനങ്ങളിൽനിന്ന് പിഴ ഈടാക്കിയിട്ടുണ്ട്.

872 സർക്കാർ, പൊതുമേഖലാ സ്‌ഥാപനങ്ങളുടെ വാഹനങ്ങൾക്കെതിരേ നോട്ടീസ് നൽകുന്ന നടപടികൾ സ്വീകരിച്ചു വരുന്നതായും കെ. സുരേഷ് കുറുപ്പ്, ബി. സത്യൻ, രാജു ഏബ്രഹാം, പി. ഉബൈദുള്ള എന്നിവരെ മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.