നമ്പർ ലഭിക്കാത്ത വീടുകൾക്കു താത്കാലിക നമ്പർ: കെ.ടി. ജലീൽ
നമ്പർ ലഭിക്കാത്ത വീടുകൾക്കു താത്കാലിക നമ്പർ: കെ.ടി. ജലീൽ
Friday, October 28, 2016 1:56 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്തു നമ്പർ ലഭിക്കാത്ത വീടുകൾക്കെല്ലാം താത്കാലിക നമ്പർ എങ്കിലും നൽകുന്നതു സംബന്ധിച്ച് ഉടൻ ഉത്തരവിറക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി. ജലീൽ നിയമസഭയെ അറിയിച്ചു. അനധികൃതമായി പൂർത്തിയാക്കിയ വൻ കെട്ടിങ്ങൾ നമ്പരില്ലെങ്കിലും കോടതി ഇടപെടൽ മൂലം പ്രവർത്തിക്കുകയാണ്. അനധികൃത കെട്ടിട നിർമാണ പ്രശ്നത്തിൽ കോടതി ഉത്തരവ് നടപ്പാക്കാൻ സർക്കാർ ശ്രമിക്കും.

നിയമലംഘനം നടത്തി കെട്ടിടം നിർമിച്ചത് അറിയാതെ ഉപഭോക്‌താക്കൾ വഞ്ചിക്കപ്പെടാതിരിക്കാൻ ടൗൺ പ്ലാനിംഗ് ഡിപ്പാർട്ട്മെന്റിലെ വെബ്സൈറ്റിൽ മുഴുവൻ കാര്യങ്ങളും പ്രസിദ്ധീകരിക്കും. ഫ്ളാറ്റുകളുടെ നിർമാണ ഘട്ടത്തിൽ തന്നെ തദ്ദേശ സ്‌ഥാപന സെക്രട്ടറിമാർ, എൻജിനീയർമാർ എന്നിവർ അവ പരിശോധിച്ച് നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും അനുമതി പുതുക്കുന്നതി ന് നിർദേശം നൽകും.


നിർമാണങ്ങൾക്കു ബിൽഡിംഗ് റൂൾ പാലിക്കണമെന്ന് ടൗൺ പ്ലാനർമാർക്കു നിർദേശം നൽകിയിട്ടുണ്ട്. നിയമലംഘനം നടത്തി നിർമിച്ച പല കെട്ടിടങ്ങളും സംസ്‌ഥാനത്തുണ്ട്.

തീരദേശനിയമംമൂലം തീരപ്രദേശത്ത് വീടുവയ്ക്കാനാവാത്ത അവസ്‌ഥ നിലവിലുണ്ട്.

തീരദേശത്തു വീട് വയ്ക്കാനുള്ള അനുമതി ലഭിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തുമെന്നും എ.എം. ആരിഫ്, കെ. ദാസൻ, എം. മുകേഷ്, ആയിഷാ പോറ്റി, തിരുവഞ്ചൂർ രാധകൃഷ്ണൻ എന്നിവരെ മന്ത്രി കെ.ടി. ജലീൽ അറിയിച്ചു.

കോർപറേഷൻ, പഞ്ചായത്ത,് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ പ്രത്യേക കെട്ടിട നിർമാണച്ചട്ടം തയാറാക്കാനുള്ള കരടു തയാറാക്കുന്നതിനു പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ചതായി മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.