അമേരിക്കയിൽ വെന്തുമരിച്ച മലയാളികുടുംബത്തെ തിരിച്ചറിഞ്ഞു
Friday, October 28, 2016 1:47 PM IST
ചേർത്തല: അമേരിക്കയിൽ ഫ്ളാറ്റിലുണ്ടായ അഗ്നിബാധയിൽ വെന്തുമരിച്ച മൂന്നംഗ മലയാളി കുടുംബത്തെ ബന്ധു തിരിച്ചറിഞ്ഞു. ഇന്നലെ ഡോ. വിനോദിന്റെ പിതൃസഹോദരിയുടെ മകൾ മിനിയാണ് മൂവരുടെയും മൃതദേഹം തിരിച്ചറിഞ്ഞത്. ഇവരുടെ സംസ്കാരം അമേരിക്കയിൽ തന്നെ നടത്തുമെന്നു ബന്ധുക്കൾ പറഞ്ഞു.

കഴിഞ്ഞ 24നു യുഎസിലെ ന്യൂജഴ്സിയിലെ ഫ്ളാറ്റിലുണ്ടായ അഗ്നിബാധയിൽ പട്ടണക്കാട് പുതിയകാവ് സ്കൂളിനു സമീപം ഗീതാഞ്ജലി വീട്ടിൽ ദാമോദരൻപിള്ളയുടെ മകൻ ഡോ. വിനോദ് ബി. ദാമോദരൻ (44), ഭാര്യ ശ്രീജ(38), മകൾ ആർദ്ര(13) എന്നിവരാണ് മരിച്ചത്.

ദിവസവും നാട്ടിലേക്കു ഫോൺ ചെയ്തിരുന്ന ഇവർ തിങ്കളാഴ്ച മുതൽ വിളിക്കാതിരിക്കുകയും അങ്ങോട്ട് വിളിച്ചിട്ടു കിട്ടാതിരിക്കുകയും ചെയ്തതോടെ നാട്ടിലുള്ള മാതാപിതാക്കളും ബന്ധുക്കളും നടത്തിയ അന്വേഷണത്തിലാണ് ഇവർ താമസിച്ചിരുന്ന ഫ്ളാറ്റിൽ അഗ്നിബാധ ഉണ്ടായതായി അറിഞ്ഞത്.


ന്യൂ ജേഴ്സിയിലെ റട്ട്ഗേഴ്സ് സർവകലാശാലയിലെ റിസർച്ച് സയന്റിസ്റ്റാണ് ഡോ. വിനോദ്. കഴിഞ്ഞ ഏപ്രിലിലാണ് ഇവർ നാട്ടിൽ അവസാനമായി വന്നത്.

നേരത്തെ മുംബൈയിൽ ജോലി ചെയ്തിരുന്ന ഡോ. വിനോദ് എട്ടുവർഷങ്ങൾക്കു മുമ്പാണ് കുടുംബസമേതം അമേരിക്കയിലേക്ക് പോയത്. ഭാര്യ: ശ്രീജ തിരുവല്ല കൊടിയാടി സ്വദേശിനിയാണ്. മകൾ: ആർദ്ര അവിടെ എട്ടാംക്ലാസ് വിദ്യാർഥിനിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.