വിശ്വസ്തനെ കൈവിടില്ല, മികച്ചയാളെയും വേണം
വിശ്വസ്തനെ കൈവിടില്ല, മികച്ചയാളെയും വേണം
Friday, October 28, 2016 1:45 PM IST
തിരുവനന്തപുരം: ഉദ്യോഗസ്‌ഥ തർക്കത്തിൽ ഭരണം സ്തംഭിച്ചെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആക്ഷേപം. ഈ ദിവസങ്ങളിലെല്ലാം ഇങ്ങനെയൊരു സബ്മിഷനോ അടിയന്തരപ്രമേയമോ അവതരിപ്പിക്കാനുള്ള വക ഉന്നത ഉദ്യോഗസ്‌ഥർ ഒപ്പിച്ചുകൊടുക്കുന്നുണ്ട്. സ്തംഭനമോ തമ്മിൽത്തല്ലോ ഇല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ എപ്പോഴും ആവർത്തിക്കും.

ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാമിന്റെ വസതിയിൽ നടത്തിയ റെയ്ഡും അദ്ദേഹം മുഖ്യമന്ത്രിക്കു നൽകിയ പരാതിയുമായിരുന്നു സബ്മിഷന് ആധാരം. പിന്നാലെ ഐഎഎസ് ഉദ്യോഗസ്‌ഥനായ ടോം ജോസിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ് നടന്നതോടെ പറയാൻ ആവശ്യത്തിനു വിഷയമായി.

മുഖ്യമന്ത്രിക്കു രണ്ട് ഉദ്യോഗസ്‌ഥരെയും തള്ളിപ്പറയാൻ സാധിക്കില്ല. എന്നാൽ, പരാതിയില്ലെന്നു പറയാനും പറ്റില്ല. വിജിലൻസ് ഡയറക്ടറെ പുകച്ചു പുറത്തുചാടിക്കാൻ ചില ശക്‌തികൾ ശ്രമിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി തുറന്നുപറഞ്ഞു. അതിനു സർക്കാർ വഴങ്ങില്ല. എന്നാൽ, കെ.എം. ഏബ്രഹാമിന്റെ പരാതിയിൽ കഴമ്പുണ്ടെന്നും സമ്മതിച്ചു. ജേക്കബ് തോമസ് ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നു എന്നായിരുന്നു കെ.എം. ഏബ്രഹാമിന്റെ പരാതി. വിജിലൻസ് റെയ്ഡിൽ പാകപ്പിഴ പറ്റിയെന്നു തന്നെ മുഖ്യമന്ത്രി തുറന്നുപറഞ്ഞു. അതേക്കുറിച്ചു സർക്കാർ പരിശോധിക്കും.

ജേക്കബ് തോമസിനെ മുഖ്യമന്ത്രിക്കു വിശ്വാസമാണ്. കെ.എം. ഏബ്രഹാം മികച്ച ഉദ്യോഗസ്‌ഥനാണെന്ന കാര്യത്തിലും തർക്കമില്ല. ആക്ഷേപങ്ങൾ വന്നാൽ പരിശോധിക്കണമെന്ന കാര്യത്തിലും തർക്കമില്ല. ചുരുക്കത്തിൽ ജേക്കബ് തോമസ് വിജിലൻസിലും കെ.എം. ഏബ്രഹാം ധനവകുപ്പിലുമിരിക്കുമെന്നു മുഖ്യമന്ത്രി ഉറപ്പിച്ചു. ഇവർ തമ്മിലുള്ള തല്ലിൽ എന്തു ചെയ്യുമെന്നു പറഞ്ഞില്ല. തമ്മിൽ തല്ലി അങ്ങനെ ഇരിക്കട്ടെ എന്നു മുഖ്യമന്ത്രി കരുതിക്കാണും. ഏതായാലും പ്രതിപക്ഷത്തിന് ഇനിയും സബ്മിഷനും അടിയന്തരപ്രമേയവും അവതരിപ്പിക്കാനുള്ള വക ജേക്കബ് തോമസ് നൽകിക്കൊണ്ടിരിക്കുമെന്നു പ്രതീക്ഷിക്കാം.

തെരുവുനായ ഭീഷണിയെക്കുറിച്ച് അടിയന്തരപ്രമേയവുമായി എത്തിയതു പ്രഖ്യാപിത തെരുവുനായ ശത്രുവായ മുസ്ലിംലീഗിലെ പി.കെ. ബഷീർ ആണ്. കഴിഞ്ഞ സഭയിൽ വി. ശിവൻകുട്ടി ഇക്കാര്യത്തിൽ ബഷീറിനോടു മത്സരിക്കാനുണ്ടായിരുന്നു. ഇത്തവണ ശിവൻകുട്ടി സഭയിലില്ലാത്തതിനാൽ തെരുവുനായ പ്രശ്നം ബഷീറിനു സ്വന്തമാണ്. മൃഗങ്ങളുടെ അവകാശം ഉയർത്തിക്കാണിക്കുന്നവർ മനുഷ്യരുടെ അവകാശത്തെക്കുറിച്ചു കൂടി ചിന്തിക്കേണ്ടതല്ലേയെന്നാണു ബഷീറിന്റെ ചോദ്യം. സുപ്രീംകോടതിയിൽ ലക്ഷങ്ങൾ മുടക്കിയാണു മൃഗസ്നേഹികൾ വക്കീലന്മാരെ ഏർപ്പാടാക്കുന്നത്. ഇവരുടെ പണത്തിന്റെ ഉറവിടം അന്വേഷിക്കണം.

പട്ടിയെ കൊല്ലുന്നതിനു മാധ്യമങ്ങൾ ഇത്ര പബ്ലിസിറ്റി കൊടുക്കേണ്ടെന്നാണു ബഷീറിന്റെ പക്ഷം. എന്തു ചെയ്യണമെന്നു ബഷീറിനറിയാം. ഒരു ഇറച്ചിക്കഷണത്തിൽ കുറച്ചു വിഷം വച്ചു കൊടുത്താൽ മതി. കാര്യം നടക്കും. ഇതൊക്കെ പണ്ടു തൊട്ടേ നടക്കുന്നതാണത്രെ.

പട്ടികടിയേറ്റവർക്കു നഷ്‌ടപരിഹാരം കൊടുക്കാൻ തുടങ്ങിയാൽ കിഫ്ബിയിലുള്ള പണം മുഴുവൻ ചെലവഴിച്ചാലും മതിയാകില്ലെന്നാണ് ബഷീറിന്റെ പക്ഷം. കേരളത്തിന്റെ മുഖ്യമന്ത്രിയെ കേന്ദ്രമന്ത്രി മേനക ഗാന്ധി വെല്ലുവിളിക്കുന്നു എന്നാണു ബഷീറിന്റെ പരാതി. അതിന് അവർ ആരാണ്? പട്ടിസ്നേഹികളുടെ സംഘടനകളെക്കുറിച്ച് അന്വേഷിക്കണമെന്നു കൂടി ആവശ്യപ്പെട്ടാണ് ബഷീർ പ്രസംഗം അവസാനിപ്പിച്ചത്.


തദ്ദേശമന്ത്രി കെ.ടി. ജലീൽ സൂക്ഷിച്ചാണു മറുപടി പറഞ്ഞത്. പട്ടിയെ കൊല്ലുന്നവർക്കു നേരേ കാപ്പ ചുമത്തണമെന്നാണു മേനകാഗാന്ധി ആവശ്യപ്പെടുന്നത്. യുഎപിഎ ചുമത്തണമെന്നു പറയാത്തതു ഭാഗ്യം. ഒ. രാജഗോപാൽ ഇക്കാര്യം കേന്ദ്രസർക്കാരിനെ ധരിപ്പിക്കണമെന്ന ആവശ്യവും മന്ത്രി മുന്നോട്ടു വച്ചു.

ഇക്കാര്യത്തിൽ സംസാരമല്ല പ്രവർത്തനമാണു വേണ്ടതെന്നു രാജഗോപാൽ പറഞ്ഞു. അതിനു തടസമെന്താണ്? കേന്ദ്രത്തിൽ ഏതെങ്കിലുമൊരു മന്ത്രി എന്തെങ്കിലും പറഞ്ഞു എന്നുവച്ചു നടപടികൾ കൈക്കൊള്ളുന്നതിനു തടസമെന്തെന്നും രാജഗോപാൽ ചോദിച്ചു. മേനക ഗാന്ധിയെ പ്രധാനമന്ത്രി തടയണമെന്നായിരുന്നു മന്ത്രി ജലീലിന്റെ ആവശ്യം. പുരാണങ്ങളിൽ പുത്രസ്നേഹം കൊണ്ട് അന്ധരായവരെക്കുറിച്ചു കേട്ടിട്ടുണ്ട്. ഇവിടെ പട്ടിസ്നേഹം കൊണ്ട് അന്ധയായ മേനക ഗാന്ധിയെ ആണു കാണുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഗാഡ്ഗിൽ റിപ്പോർട്ടിലെ നിലപാടിന്റെ പേരിൽ രാഷ്ട്രീയമായി നഷ്‌ടം നേരിട്ട നേതാവാണ് പി.ടി. തോമസ്. എന്നാൽ ഇനിയും നിലപാടിൽ മാറ്റമില്ലെന്ന് തോമസ് ഇന്നലെ സഭയിൽ തെളിയിച്ചു. പി.ടിയെ തള്ളിപ്പറഞ്ഞുകൊണ്ടു പാർട്ടി നിലപാടിൽ മാറ്റമില്ലെന്നു രമേശ് ചെന്നിത്തലയും അറിയിച്ചു.

വരൾച്ച നേരിടാൻ കേന്ദ്ര പാക്കേജ് വേണമെന്നാവശ്യപ്പെട്ടു മുല്ലക്കര രത്നാകരൻ അവതരിപ്പിച്ച സ്വകാര്യ ബില്ലിന്റെ ചർച്ചയ്ക്കിടെ ആയിരുന്നു പി.ടി. തോമസ് നിലപാട് ആവർത്തിച്ചത്. വരൾച്ചയ്ക്കും കാലാവസ്‌ഥാവ്യതിയാനത്തിനുമൊക്കെയുള്ള പരിഹാരമായിരുന്നു ഗാഡ്ഗിൽ റിപ്പോർട്ട് എന്നു തോമസ് പറഞ്ഞു. എന്നാൽ, താൻ ആ നിലപാടെടുത്തപ്പോൾ മുഖ്യധാരാ രാഷ്ട്രീയപാർട്ടികളെല്ലാം മറിച്ചു നിലപാടെടുത്തെന്നായിരുന്നു തോമസിന്റെ പരാതി.

കോൺഗ്രസ് പ്രതിനിധിയായി ചർച്ചയിൽ പങ്കെടുക്കുന്ന തോമസിന്റെ നിലപാട് പാർട്ടി നിലപാട് ആണോയെന്ന് മന്ത്രി മാത്യു ടി. തോമസ് ചോദിച്ചു. അതു വ്യക്‌തിപരമായ നിലപാട് ആണെന്നും പാർട്ടി നിലപാട് നേരത്തെ വ്യക്‌തമാക്കിയിട്ടുള്ളതാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

തങ്ങളുടെ പാർട്ടിയിൽ വ്യക്‌തിപരമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് പി.ടി. തോമസ് പ്രതിപക്ഷത്തോടു പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടിയിലാണെങ്കിൽ വിവാഹത്തിനു പോലും പാർട്ടി അനുമതി വേണമെന്ന് തോമസ് പറഞ്ഞപ്പോൾ പ്രതിപക്ഷത്തു നിന്നു ക്രമപ്രശ്നവുമായി കെ.വി. അബ്ദുൾഖാദർ എഴുന്നേറ്റു. കമ്യൂണിസ്റ്റ് പാർട്ടിയിൽ അങ്ങയൊന്നുമില്ലെന്നു പറഞ്ഞതോടെ തോമസ് ടി.വി. തോമസ് – ഗൗരിയമ്മ വിവാഹക്കാര്യം ഉദാഹരിച്ചു. പിന്നീട് സുരേഷ് കുറുപ്പിന്റെ പേരു പറഞ്ഞെങ്കിലും അതു രേഖയിൽനിന്നു നീക്കി.

പ്രതിപക്ഷത്തുനിന്നു സി.എഫ്. തോമസും എൻ. ഷംസുദ്ദീനും തോമസിനെതിരേ രംഗത്തു വന്നു. ഇക്കാര്യത്തിൽ നിയമസഭയിൽ ഒരു നിലപാടെടുക്കേണ്ടി വന്നാൽ പി.ടി. തോമസ് ഏതുപക്ഷത്തു നിൽക്കുമെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ ചോദിച്ചു. പഴയ കോൺഗ്രസുകാരനായ ശശീന്ദ്രന് കോൺഗ്രസിലെ കാര്യങ്ങൾ അറിയില്ലേ എന്നു രമേശ് ചെന്നിത്തല ചോദിച്ചു. പാർട്ടി നിലപാട് അനുസരിച്ചു മാത്രമേ ആരായാലും നിൽക്കുകയുള്ളു എന്നും രമേശ് പറഞ്ഞു.

സാബു ജോൺ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.