അടിസ്‌ഥാനസൗകര്യ വികസനത്തിന് എംജി സർവകലാശാലയ്ക്ക് 20 കോടി
അടിസ്‌ഥാനസൗകര്യ വികസനത്തിന് എംജി സർവകലാശാലയ്ക്ക് 20 കോടി
Friday, October 28, 2016 1:45 PM IST
കോട്ടയം: അടിസ്‌ഥാന സൗകര്യ വികസനത്തിന് എംജി യൂണിവേഴ്സിറ്റിക്ക് കേന്ദ്രസർക്കാരിന്റെ റൂസ (രാഷ്ട്രീയ ഉച്ഛതാർ ശിക്ഷാ അഭിയാൻ) പദ്ധതിയിൽ 20 കോടി രൂപ ലഭിക്കും.

വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ ചെയർമാനായുള്ള സർവകലാശാല റൂസ കമ്മിറ്റി സമർപ്പിച്ച വിശദമായ പ്രോജക്ട് റിപ്പോർട്ട് പരിഗണിച്ചാണു ധനസഹായം അനുവദിച്ചത്. സർവകലാശാലയുടെ അക്കാഡമികവും ഭരണപരവുമായ ആധുനികവത്കരണ ശ്രമങ്ങൾക്കു വലിയ ഉത്തേജനമാണ് ഈ ധനസഹായത്തിലൂടെ ലഭിക്കുന്നത്. 3.5 കോടി യുടെ സോളാർ പവർ പ്ലാന്റ്, 2.5 കോടിയുടെ വൈ–ഫൈ കാമ്പസ്, 3.5 കോടിയുടെ സ്റ്റുഡന്റ്സ് അമിനിറ്റി/ഇൻകുബേഷൻ സെന്റർ, 1.25 കോടിയുടെ ഇ–ഗവേണൻസ്/പരീക്ഷാ കംപ്യൂട്ടർവത്കരണം, 1.15 കോടിയുടെ സംഗീത ശാസ്ത്രഗവേഷണ കേന്ദ്രം, 2.6 കോടിയുടെ ലബോറട്ടറി ഉപകരണങ്ങൾ, 1.5 കോടിയുടെ സർവകലാശാല ലൈബ്രറി ഡിജിറ്റൈസേഷൻ സൗകര്യം, 0.8 കോടിയുടെ ഡിജിറ്റൽ കണ്ടന്റ് ക്രിയേഷൻ ലാബ്, 0.5 കോടിയുടെ കാമ്പസ് നവീകരണം എന്നീ പദ്ധതികൾക്കാണ് സർവകലാശാല വിശദമായ പ്രോജക്ട് റിപ്പോർട്ട് സമർപ്പിച്ചത്.


വിദ്യാർഥികളിൽ സംരംഭകത്വ ശേഷി വളർത്തി തൊഴിലന്വേഷകൻ എന്നതിലുപരി തൊഴിൽ ദാതാവാക്കി മാറ്റാൻ അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർവകലാശാല ഇൻകുബേഷൻ സെന്റർ സ്‌ഥാപിക്കുന്നത്. സർവകലാശാലയുടെ പഠനവകുപ്പുകൾ അന്തർസർവകലാശാല കേന്ദ്രങ്ങൾ, അഫിലിയറ്റഡ് കോളജുകൾ മുതലായ സ്‌ഥാപനങ്ങൾ തമ്മിൽ ഓൺലൈൻ ബന്ധത്തിലൂടെ അക്കാഡമിക വിനിമയം വൈ–ഫൈ കാമ്പസ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഇ–ഗവേണൻസ് നടപ്പാക്കുന്നതിലൂടെ സുതാര്യതയും കാര്യക്ഷമതയും മികവുറ്റതാക്കാനും പരീക്ഷയും അനുബന്ധ പ്രവർത്തനങ്ങളും സമയബന്ധിതമായി നടത്താനും സാധിക്കും.

235 കിലോ വാട്ട് ശേഷിയുള്ള സോളാർ പവർ പ്ലാന്റ് സ്‌ഥാപിച്ച് സർവകലാശാല കാമ്പസിലുള്ള ഊർജ്‌ജ ആവശ്യങ്ങളിൽ സ്വയംപര്യാപ്തത കൈവരിക്കാനാകും. റാമ്പുകൾ തുടങ്ങിയ, ഭിന്നശേഷി സൗഹൃദ നടപടികൾക്കും ഈ ധനസഹായം പ്രയോജനപ്പെടുത്തും. ആദ്യഗഡുവായി ലഭിച്ച 2.5 കോടിയുടെ പ്രവർത്തികൾ സർവകലാശാലയിൽ പൂർത്തിയായി വരുന്നു. രണ്ടാം ഗഡുവായി 13.5 കോടി രൂപ കൂടി ലഭ്യമായിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.