വിജിലൻസിനെതിരേ മുതിർന്ന ഐഎഎസ് ഉദ്യോഗസ്‌ഥർ; മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി
Thursday, October 27, 2016 12:42 PM IST
തിരുവനന്തപുരം: ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. കെ.എം. ഏബ്രഹാമിന്റെ ഫ്ളാറ്റിൽ വിജിലൻസ് പരിശോധന നടത്തിയതുമായി ബന്ധപ്പെട്ടു വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്‌ഥർ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിനു പരാതി നൽകി. കോടതി വാറന്റോ മുന്നറിയിപ്പോ ഇല്ലാതെ തന്റെ ഫ്ളാറ്റിലെത്തി പരിശോധന നടത്തിയ വിജിലൻസ് നടപടിക്കെതിരേ കെ.എം. ഏബ്രഹാം മുഖ്യമന്ത്രി പിണറായി വിജയനും പരാതി നൽകി.

തന്നെ കരിവാരിത്തേക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു ജേക്കബ് തോമസിന്റെ നിർദേശാനുസരണം വിജിലൻസ് സംഘം ജഗതിയിലെ ഫ്ളാറ്റിലെത്തി പരിശോധന നടത്തിയതെന്നു കെ.എം. ഏബ്രഹാമിന്റെ പരാതിയിൽ പറയുന്നു. എന്നാൽ, ഏബ്രഹാമിന്റെ ഫ്ളാറ്റിൽ റെയ്ഡ് നടത്തിയിട്ടില്ലെന്നും കെട്ടിടത്തിന്റെ അളവ് എടുക്കുക മാത്രമാണു ചെയ്തതെന്നുമാണു വിജിലൻസ് പറയുന്നത്.

ഫ്ളാറ്റിൽ ബുധനാഴ്ചയാണു വിജിലൻസ്സംഘം പരിശോധന നടത്തിയത്. കെ.എം. ഏബ്രഹാം അനധികൃത സ്വത്തു സമ്പാദിച്ചെന്നു കാട്ടി ജോമോൻ പുത്തൻപുരയ്ക്കൽ കോടതിയിൽ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലായിരുന്നു പരിശോധന.

മുതിർന്ന ഐഎഎസ് ഉദ്യോഗസ്‌ഥന്റെ വീട്ടിൽ വിജിലൻസ് നടത്തിയ പരിശോധനയിലുള്ള അതൃപ്തി അറിയിക്കുന്നതിനായി ഐഎഎസ് അസോസിയേഷൻ പ്രസിഡന്റ് ടോം ജോസിന്റെ നേതൃത്വത്തിലാണു മുതിർന്ന ഐഎഎസ് ഉദ്യോഗസ്‌ഥർ ചീഫ് സെക്രട്ടറിയെ കണ്ടത്. കെ.എം. ഏബ്രഹാമിനെതിരെ നടക്കുന്നതു പ്രാഥമികാന്വേഷണം മാത്രമാണെന്നും ഇതിനു റെയ്ഡ് നടത്തേണ്ടിയിരുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി. അഴിമതിവിരുദ്ധ പ്രതിച്ഛായയുള്ള കെ.എം. ഏബ്രഹാമിനെ താറടിച്ചുകാണിക്കുന്നതിനാണു റെയ്ഡ് നടത്തിയത്. കെ.എം. ഏബ്രഹാം സെക്രട്ടേറിയറ്റിൽ ആയിരുന്നപ്പോഴായിരുന്നു പരിശോധന. വിജിലൻസിന്റെ ഏഴംഗ സംഘം ജഗതിയിലെ ഫ്ളാറ്റിൽ എത്തുമ്പോൾ കെ.എം. ഏബ്രഹാമിന്റെ ഭാര്യ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.


വിജിലൻസ് ഡയറക്ടറുടെ നടപടികൾ തങ്ങളുടെ ആത്മവീര്യം തകർക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി ഐഎഎസ് അസോസിയേഷൻ നേതാക്കൾ ചീഫ് സെക്രട്ടറി വഴി മുഖ്യമന്ത്രിക്കു നേരത്തെയും പരാതി നൽകിയിരുന്നു.

എന്നാൽ, റെയ്ഡല്ല നടന്നതെന്നും ദ്രുതപരിശോധനയുടെ ഭാഗമായി കെട്ടിടത്തിന്റെ അളവെടുക്കുക മാത്രമാണുണ്ടായതെന്നും വിജിലൻസ് അധികൃതർ പറയുന്നു. റെയ്ഡിനാണെങ്കിൽ വാറന്റുമായി മാത്രമേ വീട്ടിലെത്തുകയുള്ളൂവെന്നാണ് അവരുടെ വിശദീകരണം.

വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് കെടിഡിഎഫ്സിയുടെ എംഡിയായിരിക്കെ അവധിയെടുത്തു ചട്ടവിരുദ്ധമായി സ്വകാര്യ സ്‌ഥാപനത്തിൽ ജോലിനോക്കിയെന്ന ആരോപണം അന്വേഷിക്കാൻ തയാറാണെന്നു സിബിഐ ഹൈക്കോടതിയിൽ ബോധിപ്പിച്ചതിനു പിന്നാലെയാണു പുതിയ സംഭവങ്ങൾ. ജേക്കബ് തോമസ് തുറമുഖ ഡയറക്ടർ സ്‌ഥാനത്തിരുന്നപ്പോൾ സോളാർ പാനൽ സ്‌ഥാപിച്ചതിൽ 52 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി ധനകാര്യവകുപ്പിലെ പരിശോധനാവിഭാഗം കണ്ടെത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.