തോമസ് ഐസക്കും ഗീത ഗോപിനാഥും രണ്ട്: മുഖ്യമന്ത്രി പിണറായി
തോമസ് ഐസക്കും ഗീത ഗോപിനാഥും രണ്ട്: മുഖ്യമന്ത്രി പിണറായി
Thursday, October 27, 2016 12:31 PM IST
തിരുവനന്തപുരം: ധനമന്ത്രി ഡോ. തോമസ് ഐസക്കും മുഖ്യമന്ത്രിയുടെ സാമ്പത്തികോപദേഷ്‌ടാവ് ഗീത ഗോപിനാഥും രണ്ടാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

സാമ്പത്തിക വിദഗ്ധനായ മന്ത്രി തോമസ് ഐസക്ക് ഉള്ളപ്പോൾ എന്തിന് ഗീത ഗോപിനാഥിനെ ഉപദേഷ്‌ടാവാക്കി എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ധനവിനിയോഗ ബില്ലിന്റെ ചർച്ചയിൽ ചോദിച്ചതിനു മറുപടിയായാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.

തോമസ് ഐസക്ക് ധനകാര്യ വിദഗ്ധനാണെന്നു പറഞ്ഞതിൽ സന്തോഷമുണ്ട്. അതു വച്ചു ഗീത ഗോപിനാഥിനെ ചെറുതാക്കേണ്ട. രണ്ടും രണ്ടാണ്. ഗീത ഗോപിനാഥ് ഏതാണ്ട് കണ്ണൂരിലൂടെ നടക്കുന്നയാൾ എന്ന നിലയിലാണു പറഞ്ഞുവയ്ക്കുന്നത്.

അവർ ഹാർവാഡ് സർവകലാശാലയിൽ പ്രഫസറായി ജോലി ചെയ്യുന്നയാളാണ്: മുഖ്യമന്ത്രി പറഞ്ഞു. ഗീത ഗോപിനാഥിന്റെ സേവന ചരിത്രം മുഖ്യമന്ത്രി വിശദമായി നിരത്തി.


അവർ തരുന്ന ഉപദേശം സ്വീകരിക്കണോ എന്ന് ഡോ. തോമസ് ഐസക് ഉൾപ്പെടെ ഞങ്ങളെല്ലാം കൂടി ആലോചിച്ചു തീരുമാനിക്കും.

പൊതുവെ നയപരമായ കാര്യങ്ങൾ തീരുമാനിക്കാൻ തങ്ങൾക്കു വിദഗ്ധരുടെ സേവനം ആവശ്യമില്ല. പൊതുരംഗത്തു നിൽക്കുന്നവർ എന്ന നിലയിൽ എന്തു ചെയ്യണമെന്നു നന്നായി അറിയാം. എങ്കിലും വിദഗ്ധരുടെ ഉപദേശം ചെറുതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമ്പത്തിക വിദഗ്ധനായ തോമസ് ഐസക് ഉള്ളപ്പോൾ ഗീത ഗോപിനാഥിനെ ഉപദേഷ്‌ടാവായി നിയമിച്ചത് മന്ത്രിയോടുള്ള അവിശ്വാസം മൂലമാണെന്ന് ഈ ദിവസങ്ങളിലെ ചർച്ചകളിൽ പല പ്രതിപക്ഷ അംഗങ്ങളും കുറ്റപ്പെടുത്തിയിരുന്നു. ഇതിനെല്ലാമുള്ള മറുപടി എന്ന നിലയിലാണ് രണ്ടും രണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.