യുവജനങ്ങൾ സമൂഹത്തിന്റെ അടിത്തട്ടിൽ പ്രവർത്തിക്കേണ്ടവർ: ബിഷപ് ഡോ.ഫ്രാങ്കോ മുളയ്ക്കൽ
യുവജനങ്ങൾ സമൂഹത്തിന്റെ അടിത്തട്ടിൽ പ്രവർത്തിക്കേണ്ടവർ: ബിഷപ് ഡോ.ഫ്രാങ്കോ മുളയ്ക്കൽ
Thursday, October 27, 2016 12:14 PM IST
തിരുവനന്തപുരം: യുവജനങ്ങൾ സമൂഹത്തിന്റെ അടിത്തട്ടിൽ പ്രവർത്തിക്കേണ്ടവരാണെന്ന് ജലന്ധർ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ. കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യ യുവജന കമ്മീഷന്റെ നാലാമത് ദേശീയ സമ്മേളനം വെള്ളയമ്പലം ലിറ്റിൽ ഫ്ളവർ പാരിഷ് ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിലെ പ്രശ്നങ്ങൾ കണ്ടെത്തി അവയ്ക്കു പരിഹാരം കാണുന്നതിനു യുവജനങ്ങൾ മുന്നിട്ടിറങ്ങണം. സ്വന്തം കൂടുകൾ നോക്കാതെ മേഘങ്ങൾക്കപ്പുറത്തേക്കു പറക്കുന്ന പക്ഷികളേപ്പോലെയാകണം യുവജനങ്ങൾ. ശുഭാപ്തി വിശ്വാസത്തോടെ സമൂഹത്തിൽ പ്രവർത്തിച്ചു മുന്നേറുന്നതിന് യുവാക്കൾക്കു സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഉയർന്ന സ്വപ്നങ്ങൾ കാണുന്നവരാകണം യുവജനങ്ങളെന്ന് സമ്മേളനത്തിൽ സന്ദേശം നൽകിയ തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ.ആർ. ക്രിസ്തുദാസ് പറഞ്ഞു. യുവജനങ്ങൾ ഓരോരുത്തരും തനിക്ക് സമൂഹത്തിന് വേണ്ടി എന്തു ചെയ്യാനാകുമെന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറാൾ മോൺ. യൂജിൻ എച്ച്. പെരേര സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ സിസിബിഐ യൂത്ത് കമ്മീഷൻ സെക്രട്ടറി ഫാ. ഏലിയാസ് ഒഎഫ്എം ആമുഖ പ്രഭാഷണം നടത്തി.

സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ. സ്റ്റീഫൻ ആലത്തറ, കെആർഎൽസിബിസി യൂത്ത് കമ്മീഷൻ സെക്രട്ടറി ഫാ.പോൾ സണ്ണി, തിരുവനന്തപുരം ലത്തീൻ അതിരൂപത യൂത്ത് കമ്മീഷൻ സെക്രട്ടറി ഫാ.തിയോഡേഷ്യസ്, ബെർളി ഏണസ്റ്റ്, സോണി പവേലിൽ, ഇമ്മാനുവേൽ മൈക്കൾ, ഷൈൻ ആന്റണി തുടങ്ങിയവർ പങ്കെടുത്തു.


കെആർഎൽസിബിസി യുവജന കമ്മീഷന്റെയും തിരുവനന്തപുരം ലത്തീൻ അതിരൂപത യുവജന കമ്മീഷന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ 141 ലത്തീൻ രൂപതകളുടെയും ഉന്നതതല സമിതിയായ ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ കീഴിലുള്ള യുവജന കമ്മീഷന്റെ നാലാമത് അഖിലേന്ത്യാ സമ്മേളനത്തിനാണ് ഇന്നലെ തുടക്കമായത്.

ഭാരതത്തിന്റെ മതേതരത്വത്തിനും ദേശീയതയ്ക്കും സംഭാവനകൾ നൽകുവാൻ സാധിക്കുന്ന വിധത്തിൽ യുവജനങ്ങളെ ശക്‌തിപ്പെടുത്തുന്നതിനുള്ള സിമ്പോസിയങ്ങളാണ് സമ്മേളനത്തിൽ നട ക്കുന്നത്.

മൂന്നുദിവസമായി നടക്കുന്ന സമ്മേളനം നാളെ സമാപിക്കും. നാളെ ഉച്ചകഴിഞ്ഞ് 2.30ന് പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ പഠന ശിബിരവും തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യത്തിന്റെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലിയും നടക്കും. തുടർന്ന് പാളയം കത്തീഡ്രലിൽ നിന്നാരംഭിച്ച് രക്‌തസാക്ഷിമണ്ഡപത്തിൽ സമാപിക്കുന്ന ഭാരതത്തിന്റെ അഖണ്ഡതയ്ക്കു വേണ്ടിയുള്ള സമാധാന റാലിയോടെയാണ് പരിപാടികൾ സമാപിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.