മുഴുവൻ റോഡുകളും ബിഎംബിസി നിലവാരത്തിലാക്കും: ധനമന്ത്രി
മുഴുവൻ റോഡുകളും ബിഎംബിസി നിലവാരത്തിലാക്കും: ധനമന്ത്രി
Thursday, October 27, 2016 12:14 PM IST
തിരുവനന്തപുരം : കേരളത്തിലെ മുഴുവൻ റോഡുകളും അഞ്ചു വർഷത്തിനുള്ളിൽ ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്തുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ബജറ്റിൽ പൊതുമരാമത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും റോഡുകൾക്കു വകയിരുത്തിയ തുക ധനവകുപ്പ് ഉടൻ നൽകും.

സംസ്‌ഥാനത്ത് വലിയ പദ്ധതികൾ ഏറ്റെടുത്ത് പൂർത്തിയാക്കാൻ രൂപീകരിച്ച ധനകാര്യ സ്‌ഥാപനമാണ് കിഫ്ബി. ബജറ്റിൽ വിവിധ വകുപ്പുകൾക്ക് അനുവദിച്ച തുക കിഫ്ബിയിലേക്കു വകമാറ്റി ചെലവഴിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ ധനവിനിയോഗ ബില്ലിന്മേലുള്ള ചർച്ചയിൽ മറുപടി പറയുകയായിരുന്നു മന്ത്രി. സംസ്‌ഥാനത്തെ നികുതി അപ്പീൽ കേസുകൾ ഒന്നരവർഷത്തിനുള്ളിൽ തീർപ്പാക്കും. 4000 കോടിയോളം രൂപയാണ് ഇത്തരം കേസുകൾ മൂലം കെട്ടിക്കിടക്കുന്നത്. അവ സമയബന്ധിതമായി പിരിച്ചെടുക്കാൻ നാലു പുതിയ നികുതി ഡപ്യൂട്ടി കമ്മീഷണർമാരുടെ തസ്തിക സൃഷ്‌ടിക്കും. നികുതി കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ഹൈക്കോടതിയിൽ പുതിയ നികുതി ബഞ്ച് തുടങ്ങണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റീസിനോടു സർക്കാർ ആവശ്യപ്പെടും. അഞ്ച് വർഷത്തെ സമയപരിധി കഴിഞ്ഞും ഹൈക്കോടതിയിൽ തീരുമാനമാകാതെ കിടക്കുന്ന 100 കോടിയുടെ നികുതി കേസുകളിൽ സർക്കാർ നോട്ടീസ് അയയ്ക്കും.

നികുതി വകുപ്പിലെ കമ്പ്യൂട്ടർവത്കരണം ഉടൻ പൂർത്തിയാക്കും. പുതിയ സോഫ്ട്വെയറിന്റെ പ്രവർത്തനം രണ്ടു മാസത്തിനുള്ളിൽ തുടങ്ങും. അഴിമതിരഹിത വാളയാർ, മഞ്ചേശ്വരം എന്ന പരിപാടി അടുത്ത മാസം തുടങ്ങും.

സംസ്‌ഥാനത്തിനു 70 ശതമാനത്തോളം നികുതി വരുമാനം ലഭിക്കുന്ന എറണാകുളം ജില്ലയിലെ നികുതി പിരിവ് ഊർജിതമാക്കാൻ ‘ മിഷൻ എറണാകുളം ’ പരിപാടി തുടങ്ങുമെന്നും തോമസ് ഐസക് നിയമസഭയെ അറിയിച്ചു.


സർക്കാർ നയങ്ങളെ വിമർശിക്കുന്ന ഉദ്യോഗസ്‌ഥർക്കെതിരേ നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാർ നയങ്ങളെ ഉദ്യോഗസ്‌ഥർ വിമർശിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ എം. ഉമ്മറിന്റെ സബ്മിഷനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.


1960–ൽ സർക്കാർ ജീവനക്കാർക്കായി പുറത്തിറക്കിയ പെരുമാറ്റച്ചട്ടപ്രകാരം സർക്കാരിന്റെ അനുമതിയില്ലാതെ ഔദ്യോഗികകാര്യങ്ങളിൽ ഉദ്യോഗസ്‌ഥർ അഭിപ്രായപ്രകടനം നടത്താൻ പാടില്ല. കൂടാതെ സർക്കാർ ജീവനക്കാർ നയങ്ങൾ സംബന്ധിച്ച് പരസ്യമായ അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് വിലക്കിക്കൊണ്ട് 2012ൽ ചീഫ് സെക്രട്ടറി സർക്കുലറും ഇറക്കിയിട്ടുണ്ട്.

സൗമ്യ കേസിന്റെ അന്വേഷണച്ചുമതലയുള്ള എഡിജിപി ബി. സന്ധ്യ റിട്ട. സുപ്രിംകോടതി ജഡ്ജി കട്ജുവിനെ സന്ദർശിച്ചത് അഡ്വക്കറ്റ് ജനറലിന്റെയോ പ്രോസിക്യൂഷന്റെയോ അറിവോടെയല്ല. മാധ്യമങ്ങളിൽ ഇക്കാര്യം വലിയതോതിൽ വാർത്തയായപ്പോൾ പോലിസ് ഉദ്യോഗസ്‌ഥ കണ്ടതിലുള്ള വിശദീകരണം നൽകുക മാത്രമാണ് എജി ചെയ്തത്. രാഷ്ട്രീയക്കാരെപ്പോലെ ഉദ്യോഗസ്‌ഥരിലും ഇത്തരമൊരു മാനിയ ഇപ്പോൾ കടന്നുവരുന്നുണ്ട്. അതു നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഡെന്റൽ വിദ്യാർഥികൾക്ക് സ്റ്റൈപ്പൻഡ്: ജയിംസ് കമ്മിറ്റിയുടെ തീരുമാനത്തിനുശേഷം തുടർനടപടി

തിരുവനന്തപുരം: സ്വാശ്രയ ഡെന്റൽ കോളജുകളിലെ ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്കു സ്റ്റൈപ്പൻഡ് നൽകുന്നത് സംബ ന്ധിച്ച് പ്രവേശന നടപടികൾക്ക് മേൽനോട്ടം നല്കുന്ന ജസ്റ്റീസ് ജയിംസ് കമ്മിറ്റിയുടെ തീരുമാനത്തിനുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നു ആരോഗ്യമന്ത്രി കെ.കെ. ശൈലജ. വി.ടി ബൽറാമിന്റെ സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഈമാസം 31ന് ഇക്കാര്യം ജയിംസ് കമ്മിറ്റിയുടെ യോഗത്തിൽ ചർച്ച ചെയ്യുന്നുണ്ട്. അതിൽ, അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കിൽ എന്തുചെയ്യാൻ കഴിയുമെന്നകാര്യം പരിശോധിക്കുമെ ന്നും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.