വായിലൊതുങ്ങാത്ത കിഫ്ബിയും തലയിൽ കയറാത്ത കാഴ്ചപ്പാടും
വായിലൊതുങ്ങാത്ത കിഫ്ബിയും തലയിൽ കയറാത്ത കാഴ്ചപ്പാടും
Thursday, October 27, 2016 12:05 PM IST
തിരുവനന്തപുരം: നവകേരള സൃഷ്‌ടിക്കായി ജനപക്ഷത്തുനിന്നു സമഗ്ര കാഴ്ചപ്പാടോടെയുള്ള വികസനതന്ത്രമെന്നൊക്കെയാണു തോമസ് ഐസക്കിന്റെ ബജറ്റിനെ മന്ത്രിയും ഇടതുപക്ഷത്തുള്ളവരും വിശേഷിപ്പിച്ചുവരുന്നത്. ഇപ്പറയുന്നതുകേട്ടു തലമരച്ചിരിക്കുകയാണു പ്രതിപക്ഷം. എന്തിനും പ്രതിവിധിയായി കിഫ്ബി എന്നു പറയുമ്പോൾ ആശയക്കുഴപ്പം പിന്നെയും കൂടും. പി.കെ. കുഞ്ഞാലിക്കുട്ടിക്കാകട്ടെ ഈ കിഫ്ബി എന്ന വാക്കു പോലും വായിൽ കൊള്ളുന്നില്ല.

കാര്യങ്ങൾ ഉപരിതലസ്പർശിയായി പ്രതിപക്ഷം കാണുന്നതുകൊണ്ടാണ് ആശയക്കുഴപ്പമെന്നാണു ധനമന്ത്രിയുടെ പക്ഷം. ഇടതുപക്ഷത്തിന്റെ വികസനതന്ത്രം ഒരിക്കൽക്കൂടി അവതരിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചുനോക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായത്തിൽ മനസിലാകാത്തതായി നടിക്കുന്നവരെ മനസിലാക്കിക്കൊടുക്കാൻ സാധിക്കില്ല. ഏതായാലും സംശയാലുക്കളായ പ്രതിപക്ഷത്തെ കാണിച്ചുകൊടുക്കുമെന്ന വാശിയിലാണ് തോമസ് ഐസക്. ഒരു മൂന്നു വർഷം കാത്തിരുന്നാൽ കാര്യങ്ങൾ കാണാം. അഞ്ചു വർഷമാകുമ്പോഴേക്കും കേരളമാകെ മാറിമറിയുമെന്ന കാര്യത്തിൽ ആർക്കു സംശയമുണ്ടെങ്കിലും മന്ത്രിക്ക് ഒരു സംശയവുമില്ല.

ധനവിനിയോഗബില്ലിന്റെ ചർച്ചയുടെ തുടക്കത്തിൽ തന്നെ തിരുവഞ്ചൂർ രാധാകൃഷ്ണൻ വിഷയം എടുത്തിട്ടു. നവകേരള സൃഷ്‌ടിയെന്നൊക്കെ പറഞ്ഞിട്ട് അഞ്ചു മാസത്തിനിടെ എന്തെങ്കിലും പുതുതായി തുടങ്ങിയോ എന്നാണു തിരുവഞ്ചൂരിന്റെ ചോദ്യം. ഒരു പുതിയ കാര്യം മാത്രമാണു തിരുവഞ്ചൂർ കണ്ടത്. അത് ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. കെ.എം. ഏബ്രഹാമിന്റെ വീട്ടിൽ നടന്ന വിജിലൻസ് റെയ്ഡ് ആണ്. ലൊട്ടുലൊടുക്കു പരിപാടിയുമായി മുന്നോട്ടു പോകുന്നു എന്ന ഇടതുപക്ഷസൈദ്ധാന്തികനായ എം.പി. പരമേശ്വരന്റെ അഭിപ്രായമാണു തിരുവഞ്ചൂരിന്റെ വാദത്തിനു ബലം പകരുന്നത്. ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനാക്കിയ വി.എസ്. അച്യുതാനന്ദന്റെ ഭാഷ ഭരണഭാഷയാക്കിയാൽ കേരളത്തിലെ കുട്ടികൾ എവിടെ പോകുമെന്ന ആശങ്കയും തിരുവഞ്ചൂരിനുണ്ട്.

പല നാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടും എന്ന ചൊല്ലാണ് സി.കെ. ശശീന്ദ്രന് ഓർമ വരുന്നത്. സോളാർ കേസിലെ കോടതിവിധി കേട്ടപ്പോഴാണ് ശശീന്ദ്രന് ഈ ചൊല്ലിന്റെ അർഥം പിടികിട്ടിയത്. അന്വേഷണങ്ങളുടെ മുന്നിൽ മുട്ടുവിറച്ചുനിൽക്കുന്നതു കൊണ്ടാണു പ്രതിപക്ഷത്തിന് ഒന്നും കാണാൻ പറ്റാതെ പോകുന്നതെന്നാണ് മുഹമ്മദ് മൊഹ്സിന്റെ പക്ഷം.

നാണംകെട്ട ന്യായീകരണത്തിന്റെ പേരാണോ എൽഡിഎഫ് എന്നായിരുന്നു എം. വിൻസന്റിന്റെ ചോദ്യം. എൽഡിഎഫ് ഗർഭം, യുഡിഎഫ് ഗർഭം എന്നൊക്കെ കേൾക്കുമ്പോഴാണ് വിൻസന്റ് ഇങ്ങനെ ചിന്തിച്ചുപോകുന്നത്. വി.എസ്. അച്യുതാനന്ദനെ സംബന്ധിച്ചിടത്തോളം ഇപ്പോൾ സിപിഎം എന്നാൽ കാർ, പദവി, മന്ദിരം എന്നായി മാറി. ഇത്രയും പ്രായമുള്ള ഒരാൾ ഇന്ത്യയിൽ എവിടെയെങ്കിലും ഇത്ര ആക്രാന്തം കാണിച്ച ചരിത്രമുണ്ടോ എന്നും വിൻസന്റ് ചോദിച്ചു.

ഇടവേളകളിൽ എൽഡിഎഫ് മാറിനിൽക്കുന്നതിന്റെ ദുരന്തമാണു കേരളം ഇന്ന് അനുഭവിക്കുന്നതെന്നായിരുന്നു ഐ.ബി. സതീഷിന്റെ കണ്ടെത്തൽ. വളർന്നുവരുന്ന അസമത്വങ്ങൾ കണ്ണു തുറപ്പിക്കേണ്ടതാണെന്ന് കെ. കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടു. ക്യാപ്റ്റനില്ലാതെ കളിക്കളത്തിലിറങ്ങിയ കളിക്കാരുടെ സ്‌ഥിതിയിലാണ് യുഡിഎഫ് എന്നു ജയിംസ് മാത്യു പറഞ്ഞു. സോളാർ കേസിൽ എക്സ് പാർട്ടി വിധി വന്നു എന്നു യുഡിഎഫുകാർ പറയുന്നതു കേട്ടാൽ കോടതി എന്തോ റിവാർഡ് കൊടുത്തു എന്നു തോന്നിപ്പോകും. കേരളത്തെ ഉപഭോക്‌തൃ സംസ്‌ഥാനം എന്നു വിളിക്കുന്നതിലും ആസക്‌തി സംസ്‌ഥാനം എന്നു വിളിക്കുന്നതാകും ഭേദം എന്ന് ഡോ. എൻ. ജയരാജ് അഭിപ്രായപ്പെട്ടു. തെരുവുനായകളുടെ അക്രമണോത്സുകതയ്ക്കു പിന്നിൽ ചൈനയിൽ നിന്നു വരുന്ന അജിനോമോട്ടോ കലർന്ന ഭക്ഷണ മാലിന്യങ്ങളാണെന്നാണു ജയരാജ് കരുതുന്നത്.


പ്രതിപക്ഷം കിഫ്ബിയെന്നും മറ്റും പറഞ്ഞു പരിഹസിക്കുന്നതിൽ എ. പ്രദീപ്കുമാറിനു പരിഭവമില്ല. തമാശ പറയുന്നതിനും പരിഹസിക്കുന്നതിനും നികുതിയില്ലല്ലോ. എന്നാൽ, വിവരക്കേടിനു നികുതി ചുമത്തിയാൽ അപ്പുറത്തെ പക്ഷത്തു നിന്നു ന്യായമായ തുക സമാഹരിക്കാമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. മുല്ലക്കര രത്നാകരൻ ബജറ്റിൽ ജനപക്ഷവും മാനവികതയും സാഹോദര്യവും മതനിരപേക്ഷതയുമെല്ലാം കണ്ടു. യഥാർഥ മാവേലി വരാൻ പോകുന്നതേയുള്ളു എന്നാണ് അദ്ദേഹത്തിന്റെ ചിന്ത. അത് ഈ ഭരണത്തിലുണ്ടാകുമത്രെ. സോളാർ വിധിയെ യുക്‌തിസഹമായ പരിണാമം എന്നാണു സുരേഷ് കുറുപ്പ് വിശേഷിപ്പിച്ചത്.

നിലാവത്ത് അഴിച്ചുവിട്ട കോഴിയെപ്പോലെയാണു ഭരണപക്ഷമെന്നു പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആർക്കും ഒന്നും പിടികിട്ടുന്നില്ല. എല്ലാം കിഫ്ബി ശരിയാക്കുമെന്നാണു പറയുന്നത്. കിഫ്ബി വന്നു കഴിഞ്ഞു എന്നു മന്ത്രിമാരായ ജി. സുധാകരനും എ.കെ. ബാലനും വിവിധ പദ്ധതികളുടെ പേരു പറഞ്ഞ് ആണയിട്ടു. ആഭ്യന്തരവകുപ്പിൽ ഉന്നത ഉദ്യോഗസ്‌ഥരുടെ കൂട്ടയടിയാണു നടക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെയെല്ലാം കണ്ണൂർ ജയിലിലേക്കു മാറ്റുന്നത് എന്തിനെന്നു മുഖ്യമന്ത്രി വ്യക്‌തമാക്കണമെന്നും രമേശ് ആവശ്യപ്പെട്ടു.

എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ആദ്യത്തെ അഴിമതി ആരോപണം സഭയിൽ ഉയർന്നു. എഴുതി നൽകി ആരോപണം ഉന്നയിച്ചത് വി.ഡി. സതീശനാണ്. തോട്ടണ്ടി ഇറക്കുമതി ചെയ്തതിൽ 10.34 കോടി രൂപയുടെ അഴിമതി ഉണ്ട് എന്നായിരുന്നു ആരോപണം. വികാരപരമായി പ്രതികരിച്ച മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ കാര്യങ്ങൾ ഉളുപ്പില്ലാതെ പറയുന്നു എന്നു പറഞ്ഞതു പ്രതിപക്ഷ ബഹളത്തിനിടയാക്കി. അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ നിസാരമായി തള്ളിക്കളഞ്ഞു.

വെറുതെ ചാടിക്കയറി കാര്യങ്ങൾ വിളിച്ചുപറയുന്ന ആളല്ല സതീശൻ. മന്ത്രിയാകട്ടെ ആരോപണം തെളിയിച്ചാൽ പണി അവസാനിപ്പിക്കാം എന്നാണു സതീശനെ വെല്ലുവിളിച്ചിരിക്കുന്നത്. ഇരുവരും മോശക്കാരല്ല. സതീശന്റെ ആരോപണം വരുംദിനങ്ങളിലും നീറിപ്പുകഞ്ഞു നിൽക്കാനാണു സാധ്യത.

സാബു ജോൺ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.